കളിച്ചത് മെസ്സിക്കും ക്രിസ്റ്റ്യാനോക്കും എതിരേ... ബ്ലാസ്റ്റേഴ്സ് പൊക്കിയ വിസെൻറ് ഗോമസ് ആളു ചില്ലറക്കാരനല്ല
text_fieldsഎതിർ നീക്കങ്ങളെ തടുത്തിട്ട് മുന്നേറ്റ നിരയിലേക്ക് ചരടുവലിക്കാൻ പറ്റുന്ന ഒരു മിടുക്കനെ ബ്ലാസ്റ്റേഴ്സ് എല്ലാ സീസണിലും കൊതിക്കുന്നതാണ്. പണമെറിഞ്ഞ് കൊണ്ടുവരുന്ന വിദേശികളൊക്കെ ശരാശരിയിൽ ഒതുങ്ങും. എന്നാൽ, ഇത്തവണ അതുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം. സ്പെയ്നിൽ നിന്ന് ഒരു വിരുതനെ ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയരക്ടർ കരോലിസ് സ്കിൻകിസ് പൊക്കിയിട്ടുണ്ട്. 32 കാരനായ വിസെൻറ് ഗോമസ്. ആളു ചില്ലറക്കാരനല്ലെന്ന് ഒറ്റവാക്കിൽ പറയാം. കാരണം ലോകഫുട്ബാളിലെ രാജാക്കന്മാരായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും തളച്ച് പരിചയമുള്ള നായകനാണ്.
ലാസ് പൽമാസിൽ ജനിച്ച ഡിഫെൻസീവ് മിഡ്‌ഫീൽഡറായ വിസെൻറ് 2007 ൽ സ്പാനിഷ് നാലാം ഡിവിഷൻ ടീമായ എ ഡി ഹുറാക്കെയ്നിനൊപ്പം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ലാസ് പൽമാസിൽ. റിസർവ് ടീമുമായുള്ള ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇതോടെ ലാസ് പൽമാസിൻെറ ആദ്യ ടീമിലേക്ക് സ്‌ഥാനക്കയറ്റം ലഭിച്ചു.
2010 ൽ ലാസ് പൽമാസിനായി ഗോമസ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുകയും കോപ ഡെൽ റേയുമായുള്ള മത്സരത്തിൽ രണ്ടാം ഗോൾ നേടുകയും ചെയ്തു. മിഡ്‌ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകൾ നേടുന്നതിൽ വിസെൻറ് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015-16 സീസണിൽ ലാ ലിഗയിലേക്കുള്ള ക്ലബ്ബിൻെറ പ്രമോഷനിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്‌സലോണയ്ക്കും റയൽ മാഡ്രിഡിനുമെതിരായ മത്സരത്തിൽ ക്യാപ്റ്റനാവുകയും ചെയ്തു. ടീമിൻെറ പുറത്താകലിനെത്തുടർന്ന്, ഐ.എസ്.എൽ സീസൺ 7 നായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ ചേരുന്നതിന് മുമ്പ് ഗോമസ് രണ്ടാം ഡിവിഷൻ ഭാഗമായ ഡിപോർടിവോ ലാ കൊറൂനയിലേക്ക് മാറി.
"ഈ സീസണിൽ ഒരു അന്താരാഷ്ട്ര സോക്കർ അനുഭവം നേടാൻ ഞാൻ ആഗ്രഹിച്ചു, അതിന് അവസരം ലഭിക്കുകയും ചെയ്തു. കെ.ബി.എഫ്.സിക്ക് വേണ്ടി കളിക്കുന്നതിലും ഇന്ത്യൻ സൂപ്പർ ലീഗിൻെറ ഭാഗമാകുന്നതിലും അതിയായ ആവേശത്തിലാണ് ", വിസെൻറ് ഗോമസ് പ്രതികരിച്ചു.
ലാസ് പൽമാസിനായി സ്‌പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലും മെസ്സി, ഇനിയേസ്റ്റ, ക്രിസ്റ്റ്യാനോ റൊണാൾഡോ,ഗ്രീസ്മാൻ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കെതിരെയും മത്സരിക്കാൻ അവസരം ലഭിച്ചു.
"പുതിയ കുടുംബത്തിൻെറ ഭാഗമാകാൻ ഞാൻ ഉത്സുകനാണ്, ഒപ്പം ക്ലബിൻെറ ആരാധകരോട് വലിയ ബഹുമാനവുമുണ്ട്. എന്നിൽ വിശ്വാസം അർപ്പിച്ചതിന് കെ.ബി.എഫ്.സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസിനും ഹെഡ് കോച്ച് കിബുവിനും നന്ദി പറയുന്നു. ഞങ്ങൾ ഒരുമിച്ച് വിജയങ്ങൾ നേടാൻ ശ്രമിക്കും", വിസെൻറ് ഗോമസിന്റെ ആവേശം നിറഞ്ഞ വാക്കുകൾ.
ലാസ് പൽമാസിലെ എട്ട് സീസണുകളിലും, എതിരാളിയുടെ തന്ത്രങ്ങൾ തകർക്കാനും പിന്നിൽ നിന്ന് ആക്രമണങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന മികച്ച മിഡ്‌ഫീൽഡർ ആയിരുന്നു വിസെൻറ് ഗോമസ്. ആകെ 223 മത്സരങ്ങളിൽ ക്ലബ്ബിനായി 13 തവണ അദ്ദേഹം പന്ത് വലയിലാക്കി ലാ ലിഗയിൽ മികച്ച മിഡ്‌ഫീൽഡ് പ്രകടനവും അദ്ദേഹം കാഴ്‌ചവച്ചു.
മിഡ്‌ഫീൽഡിൽ ഒരു വലിയ സാന്നിധ്യമാകാൻ പോകുന്ന ഫുട്ബോളിൻെറ മാസ്റ്ററാണ് വിസെൻെറന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻെറ പ്രൊഫഷണൽ കരിയറിലെ മൂന്നാമത്തെ ക്ലബ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് . അദ്ദേഹം കളിക്കളത്തിലും ക്ലബ്ബിലും അവിശ്വസനീയമായ സ്ഥിരത പുലർത്തുന്നു എന്നതിൻെറ ഉത്തമ ഉദാഹരമാണിത്. അതുകൊണ്ടുതന്നെ ഏറ്റവും ഗുണത്മകമായ കരാറാണിത്.
വിസെൻറ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബിൽ ചേരുന്നതിൽ ആരാധകരെ പോലെ താനും ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.