‘ഞാൻ കടപ്പെട്ടിരിക്കുന്നു, എപ്പോഴും അതെ എന്ന് മാത്രമാണ് നിങ്ങൾ പറഞ്ഞത്’; വിടവാങ്ങൽ മത്സരത്തിൽ പങ്കെടുത്ത മെസ്സിക്ക് നന്ദി പറഞ്ഞ് റിക്വൽമി
text_fieldsതന്‍റെ വിടവാങ്ങൽ മത്സരത്തിൽ പങ്കെടുത്ത ഇതിഹാസ താരം ലയണൽ മെസ്സിക്ക് നന്ദി പറഞ്ഞ് അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച പ്ലേമേക്കര്‍മാരിലൊരാളായ യുവാൻ റോമൻ റിക്വൽമി. സജീവ ഫുട്ബാളിൽനിന്ന് വിരമിച്ച് എട്ട് വര്‍ഷമായെങ്കിലും റിക്വൽമിയുടെ ആഗ്രഹപ്രകാരമാണ് വിടവാങ്ങല്‍ മത്സരം സംഘടിപ്പിച്ചത്.
ബൊക്ക ജൂനിയേഴ്സും മെസ്സിയുടെ നേതൃത്വത്തിൽ അര്‍ജന്‍റീന ദേശീയ ടീമും തമ്മിലായിരുന്നു മത്സരം. റിക്വല്‍മിയുടെ ടീമായ ബൊക്ക ജൂനിയേഴ്സ് 5-3 എന്ന സ്കോറിന് മത്സരം സ്വന്തമാക്കി. പിറന്നാൾ ദിനത്തിൽ മാക്സി റോഡ്രിഗസിന്‍റെ വിടവാങ്ങൽ മത്സരത്തിലും മെസ്സി പങ്കെടുത്തിരുന്നു.
മറഡോണയുടെ പേരെഴുതിയ ജഴ്സി ധരിച്ചാണ് റിക്വല്‍മി കളിക്കാനിറങ്ങിയത്. കളിയിൽ റിക്വൽമിയും മെസ്സിയും ഗോളുകൾ നേടി. രണ്ട് ഇതിഹാസ താരങ്ങളെ ഒരേസമയം ഗ്രൗണ്ടിൽ കാണാനായതിന്‍റെ ആവേശത്തിലായിരുന്നു ആരാധകർ. റിക്വൽമിയുടെ വലിയ ആരാധകൻ കൂടിയായ മെസ്സി, തന്‍റെ റോൾ മോഡലായി കണ്ടിരുന്നതും താരത്തെയായിരുന്നു. ഖത്തർ ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഗോൾ നേടിയശേഷം മെസ്സി റിക്വൽമിയുടെ ഗോളാഘോഷം അനുകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തന്‍റെ ക്ഷണം സ്വീകരിച്ചതിന് മത്സരശേഷം റിക്വൽമി മെസ്സിക്ക് നന്ദി പറഞ്ഞു. മെസ്സിക്കായി ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നതിൽ കുടുംബത്തോട് അദ്ദേഹം ക്ഷമാപണം നടത്തി. ‘മെസ്സിയും മറഡോണയുമാണ് എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച രണ്ട് കളിക്കാർ. മെസ്സിയുടെ സാന്നിധ്യം വലിയ അനുഗ്രഹമാണ്. മെസ്സിക്കായി ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നതിൽ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. നിങ്ങൾ എപ്പോഴും എന്നോട് അതെ എന്ന് മാത്രമാണ് പറഞ്ഞത്, ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു, നിങ്ങൾ കളിക്കാനെത്തിയതിൽ ഞാൻ ഭാഗ്യവാനാണ്, അവിസ്മരണീയമായ നിമിഷങ്ങൾ, നിങ്ങളും ഈ നിമിഷങ്ങൾ ആസ്വദിച്ചുവെന്ന് കരുതുന്നു. ഞാൻ നിന്നെ ഏറെ സ്നേഹിക്കുന്നു’ -റിക്വൽമി പറഞ്ഞു.
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന മെസ്സി അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ഇനി പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.