ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ ചരിത്രം സൃഷ്ടിച്ച് ജൂലിയൻ അൽവാരസ്
text_fieldsഇസ്റ്റംബൂൾ: ഇന്റർമിലാനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ പിറന്ന റെക്കോർഡുകളിൽ ഏറ്റവും തിളക്കമേറിയത് സിറ്റിയുടെ അർജന്റീനൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസിന്റെതാണ്.
ഫുട്ബാൾ ചരിത്രത്തിൽ ഒരേ സീസണിൽ ട്രെബിളും ലോകകപ്പും നേടുന്ന ആദ്യകളിക്കാരനാണ് അൽവാരസ്. അൽവാരസിന് മുൻപ് ചാമ്പ്യൻസ് ലീഗും ലോകകപ്പും ഒരേ സീസണിൽ നേടിയവർ ഒൻപത് പേരുണ്ടായിരുന്നുവെങ്കിലും അവരാരും ആഭ്യന്തര ഡബ്ൾ (പ്രീമിയർ ലീഗ്, എഫ്.എ.കപ്പ്) നേടിയിരുന്നില്ല.
ആ ഒൻപത് പേരിൽ ആറ് പേർ 1973-74 ലെ ബയേൺ മ്യൂണിക്കിന്റെയും ജർമനിയുടേയും ടീം അംഗങ്ങളായിരുന്നു. 74 ൽ ബുണ്ടസ് ലീഗും യൂറോപ്യൻ കപ്പും ബയേൺ മ്യൂണിക് നേടിയിരുന്നെങ്കിലും ജർമൻ കപ്പിൽ സെമിയിൽ വീണു.
1998ൽ ഫ്രാൻസിനൊപ്പം ക്രിസ്റ്റ്യൻ കരേംബ്യൂ, 2002ൽ ബ്രസീലിനൊപ്പം റോബർട്ടോ കാർലോസ്, 2018ൽ ഫ്രാൻസിനൊപ്പം റാഫേൽ വരാനെ എന്നിവർ റയലിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ അതേ വർഷം ലോകകപ്പും സ്വന്തമാക്കിയിരുന്നു. എന്നാൽ ലാലിഗയും കോപ്പ ഡെൽ റേയും നേടാനായില്ല.
2022 ജനുവരിയിൽ 14 മില്യൺ പൗണ്ടിന് സിറ്റിക്കൊപ്പം ചേർന്ന ജൂലിയൻ അൽവാരസ് ഈ സീസണിൽ 17 ഗോളുകൾ നേടി. കിലിയൻ എംബാപെയും ലയണൽമെസിയും കഴിഞ്ഞാൽ കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത്(നാല് ഗോൾ) ജൂലിയൻ അൽവാരസും ഫ്രാൻസിന്റെ ഒലിവർ ജിറൗഡുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.