12 മാസം മാത്രം; ക്ലിൻസ്മാനെ പറഞ്ഞുവിട്ട് ദക്ഷിണ കൊറിയ
text_fieldsസോൾ: പരിശീലകക്കുപ്പായത്തിൽ ഒരു വർഷം തികയുമ്പോഴേക്ക് യുർഗൻ ക്ലിൻസ്മാനെ പറഞ്ഞുവിട്ട് ദക്ഷിണ കൊറിയ. ഏഷ്യ കപ്പ് സെമിയിൽ ടീം തോറ്റു മടങ്ങിയതിനു പിന്നാലെയാണ് മടക്കം. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 2026 ലോകകപ്പ് വരെ ക്ലിൻസ്മാനെ നിയമിച്ചിരുന്നത്.
എന്നാൽ, വൻകര കിരീടത്തിൽ 64 വർഷം കഴിഞ്ഞും ടീമിനെ കാത്തിരിപ്പ് നീട്ടി ഇളമുറക്കാരായ ജോർഡൻ കൊറിയക്കാരെ വീഴ്ത്തിയിരുന്നു. മുൻനിര താരങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും തോൽവിക്ക് കാരണമായെന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതിന് പിന്നാലെ ആരാധകരും രാഷ്ട്രീയക്കാരും കൊറിയൻ മാധ്യമങ്ങളും ഒരുപോലെ ക്ലിൻസ്മാനെതിരെ രംഗത്തെത്തി. ഇതാണ് കൊറിയൻ ഫുട്ബാൾ അസോസിയേഷനെ അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചത്. സൂപ്പർതാരം സൺ ഹ്യൂങ് മിൻ അടിപിടിക്കിടെ വിരലിന് പരിക്കേൽക്കുകവരെ ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.
ലോക റാങ്കിങ്ങിൽ 87ാമതുള്ള ജോർഡനു മുന്നിൽ വീണിട്ടും രാജിവെക്കാൻ താനില്ലെന്നായിരുന്നു ക്ലിൻസ്മാന്റെ നിലപാട്. ടോട്ടൻഹാം, ബയേൺ മ്യൂണിക് ഉൾപ്പെടെ വമ്പന്മാരെ പരിശീലിപ്പിച്ച പാരമ്പര്യമുള്ള മുൻ ജർമൻ താരമാണ് ക്ലിൻസ്മാൻ. 1990ൽ പശ്ചിമ ജർമനി ലോക ചാമ്പ്യന്മാരാകുമ്പോൾ ക്ലിൻസ്മാനും ടീമിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.