ഈ ഗ്രഹത്തിലെ എല്ലാ ഫുട്ബാൾ പ്രേമികൾക്കും അത് പെനാൽറ്റിയാണ്; മറിച്ച് ചിന്തിക്കുന്നവർക്ക് ഫുട്ബാളിനെ കുറിച്ച് ഒന്നും അറിയില്ലെന്നും ക്ലോപ്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ലിവർപൂൾ-മാഞ്ചസ്റ്റർ സിറ്റി നേരങ്കം ആവേശ സമനിലയിലാണ് പിരിഞ്ഞത്. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
തുടക്കം മുതൽ ഒടുക്കം വരെ ആവേശവും നാടകീയതയും നിറഞ്ഞുനിന്ന പോരാട്ടം ലീഗിലെ മികച്ച മത്സരങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്. ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളവരുടെ ഏറ്റുമുട്ടൽ സമനിലയിൽ പിരിഞ്ഞതോടെ ആഴ്സണൽ പോയന്‍റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറി. ലിവർപൂളിനും 64 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ഗണ്ണേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്. സിറ്റി മൂന്നാം സ്ഥാനത്തേക്ക് വീണു, 63 പോയന്‍റ്.
രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ (90+8) ലിവർപൂൾ താരങ്ങളുടെ പെനാൽറ്റി അപ്പീൽ റഫറി നിഷേധിച്ചതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ച നടക്കുകയാണ്. ബോക്സിനുള്ളിൽ ഉയർന്നു പൊങ്ങിയ പന്തിന് സിറ്റി താരം ജെറമി ഡോകു കാൽ ഉയർത്തി ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ മക് അലിസ്റ്ററുടെ നെഞ്ചിലാണ് കൊള്ളുന്നത്. ലിവർപൂൾ താരങ്ങളുടെ അപ്പീലിനെ തുടർന്ന് വാർ പരിശോധിച്ചെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.
പിന്നാലെ മത്സരം 1-1 എന്ന സ്കോറിൽ അവസാനിക്കുകയും ചെയ്തു. ലിവർപൂളിന് അർഹതപ്പെട്ട പെനാൽറ്റി നിഷേധിച്ചതായി മത്സരശേഷം പലരും പ്രതികരിച്ചു. റഫറിയുടെ തീരുമാനത്തെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. മക് അലിസ്റ്റർക്കെതിരെ ജെറമി ഡോകുവിന്‍റെ ചലഞ്ച് പെനാൽറ്റി അല്ലെന്ന് പറയുന്നവർക്ക് ഫുട്ബാളിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ് പ്രതികരിച്ചത്.
വിലപ്പെട്ട മൂന്നു പോയന്‍റ് നേടി കിരീടപോരിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ് ചെമ്പടക്ക് നഷ്ടമായത്. ‘ഈ ഗ്രഹത്തിലെ എല്ലാ ഫുട്ബാൾ പ്രേമികൾക്കും അത് പെനാൽറ്റിയാണ്. മറിച്ചു ചിന്തിക്കുന്നവർക്ക് ഫുട്ബാളിനെ കുറിച്ച് ഒന്നും അറിയില്ല’ -ക്ലോപ് സ്കൈ സ്പോർട്സിനോട് പറഞ്ഞു. മത്സരത്തിൽ വ്യക്തമായ ആധിപത്യം നിലനിർത്താനായിട്ടും ടീമിന് ജയിക്കാനാകാത്തതിന്‍റെ നിരാശയും ക്ലോപ്പിനുണ്ടായിരുന്നു. മത്സരത്തിൽ 53 ശതമാനം പന്ത് കൈവശം വെച്ച ചെമ്പട 19 ഷോട്ടുകളാണ് തൊടുത്തത്. സിറ്റിയുടെ കണക്കിൽ പത്തെണ്ണം.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞങ്ങൾ ഇതുവരെ കളിച്ചതിൽ ഏറ്റവും മികച്ചതായിരുന്നു മത്സരത്തിലെ രണ്ടാം പകുതിയെന്നും ക്ലോപ് പറയുന്നു. സിറ്റിക്കായി ജോൺ സ്റ്റോൺസും ലിവർപൂളിനായി പെനാൽറ്റിയിലൂടെ അലക്സിസ് മക് അലിസ്റ്ററുമാണ് ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.