'കളത്തിന് പുറത്തെ പ്രവർത്തിയുടെ ഉത്തരവാദിത്വം കളിക്കാർക്ക്'- ക്രിസ്റ്റ്യാനോയുടെ വിവാദ നടപടിയിൽ പ്രതികരണവുമായി പിർലോ
text_fieldsടൂറിൻ: കാമുകി ജോർജിന റോഡ്രിഗസിന്‍റെ പിറന്നാൾ ആഘോഷങ്ങൾക്കായി ടൂറിൻ നഗരം വിട്ട് അനുമതിയില്ലാതെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവന്‍റസിന്‍റെ പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നടപടി വിവാദമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവന്‍റസ് പരിശീലകനായ ആന്ദ്രേ പിർലോ.
'റൊണാൾഡോക്ക് ഒരു അവധി ദിവസം ലഭിച്ചു, തന്‍റെ സ്വകാര്യ ജീവിതത്തിൽ അദ്ദേഹത്തിന് എന്ത് വേണമെങ്കിലും ചെയ്യാമല്ലോ' -പിർലോ പറഞ്ഞതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'കളിക്കളത്തിന് പുറത്ത് അവർ സ്വതന്ത്ര പൗരൻമാരാണ്. തങ്ങളുടെ പ്രവർത്തിയുടെ ഉത്തരവാദിത്വം ഓരോരുത്തർക്കുമാണ്' -പിർലോ പറഞ്ഞു.
ഒരു പ്രവിശ്യയില്‍ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ പാടില്ലെന്നിരിക്കെ കാമുകിയുടെ പിറന്നാള്‍ ആഘോഷത്തിനായി കോവിഡ് ചട്ടം ലംഘിച്ച് താരം കുടുംബസമേതം പീഡ്‌മോന്‍റില്‍ നിന്ന് വലെ ഡി ഓസ്റ്റയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.
ഇവിടെ നിന്ന് പിറന്നാൾ ആഘോഷ ചടങ്ങുകൾക്കിടെ പകർത്തിയ ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ താരം പോസ്റ്റ് പിൻവലിച്ചെങ്കിലും ജോർജിനോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രം ഇപ്പോഴുമുണ്ട്.
ക്രിസ്റ്റ്യാനോ താമസിച്ചതുമായി ബന്ധപ്പെട്ട രേഖകൾ റിസോർട്ടിൽ നിന്നും പൊലീസ് ശേഖരിച്ച് വരികയാണ്. കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ക്രിസ്റ്റ്യാനോയും കാമുകിയും 400 യൂറോ പിഴയായി ഒടുക്കേണ്ടി വരും. സാമൂഹിക സേവനമടക്കമുള്ള മറ്റ് നടപടികളും നേരിടേണ്ടി വരും.
കഴിഞ്ഞ ഒക്ടോബറിൽ യുവന്‍റസ് ടീമിലെ രണ്ട് താരങ്ങൾ കോവിഡ് ബാധിതരായ സാഹചര്യത്തിൽ ടീം മൊത്തം നിരീക്ഷണത്തിൽ കഴിയവേ അനുമതിയില്ലാതെ സ്വന്തം നാടായ പോർചുഗലിലേക്ക് പോയ ക്രിസ്റ്റ്യാനോ മുമ്പും വിവാദം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.