ക്രിസ്റ്റ്യാനോ മെസ്സിക്കൊപ്പം പന്തുതട്ടുമോ...? ബാഴ്സലോണക്ക് ഒാഫറുമായി യുവൻറസ്
text_fieldsപോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒറ്റക്ക് പൊരുതിയിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാനാകാതെ യുവൻറസ് രണ്ട് സീസണുകളിലും പുറത്തായതോടെ താരവും ടീമും നിരാശയിലാണ്. അതിന് പിന്നാലെ റൊണാൾഡോ ടീം വിടാനൊരുങ്ങുന്നതായും പി.എസ്.ജിയാണ് താരം ലക്ഷ്യമിടുന്നതെന്നുമൊക്കെ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വരികയുണ്ടായി. എന്നാൽ, റൊണാൾഡോയെ യുവൻറസ് ബാഴ്സലോണക്ക് ഒാഫർ ചെയ്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ബാഴ്സയുടെ ബദ്ധശത്രുക്കളായ റയൽ മാഡ്രിഡിെൻറ കുന്തമുനയായി ഒമ്പത് വർഷം കളിച്ചതാരമാണ് റോണോ. കഴിഞ്ഞ രണ്ട് സീസണുകൾക്ക് മുമ്പാണ് മോഹവിലക്ക് യുവൻറസ് റൊണാൾഡോയെ സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് ടൈറ്റിൽ നേടുകയെന്ന മോഹമായിരുന്നു അവർക്ക്. എന്നാൽ, അത് മോഹമായി മാത്രം നിലനിൽക്കുകയായിരുന്നു.
സ്പാനിഷ് മാധ്യമപ്രവർത്തകനായ ഗ്വില്ലെം ബലഗ്വെ ആണ് യുവൻറസ് റൊണാൾഡോയെ ബാഴ്സലോണക്ക് അടക്കം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്. രണ്ട് സീരി എ ടൈറ്റിലുകൾ ടീമിന് സമ്മാനിച്ച താരത്തിന് നൽകിവരുന്ന ശമ്പളം യുവൻറസിന് താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് ബാഴ്സയടക്കമുള്ള പല വമ്പൻ ടീമുകൾക്കും റൊണാൾഡോയെ വാഗ്ദാനം ചെയ്തതായും ബലഗ്വെ പറയുന്നു. എന്നാൽ, താരത്തെ അത്ര പെട്ടന്ന് ടീമിൽ നിന്നും ഒഴിവാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യുവൻറസിന് കഴിഞ്ഞേക്കില്ല, അവർ നൽകുന്ന പ്രതിഫലം നൽകാൻ മറ്റ് ടീമുകൾക്ക് നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നും അദ്ദേഹം ബി.ബി.സിയോട് വ്യക്തമാക്കി.
എന്തായാലും റൊണാൾഡോയെ ബാഴ്സക്ക് ഒാഫർ ചെയ്ത വാർത്ത ഏറ്റവും അമ്പരപ്പും ആവേശവും സമ്മാനിച്ചിരിക്കുന്നത് ഫുട്ബാൾ ആരാധകർക്കാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ ഏറ്റവും മികച്ച രണ്ട് താരങ്ങൾ ഒരു ടീമിൽ കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പലരും. എന്നാൽ, അത്രയും തുക നൽകി റൊണാൾഡോയെ ബാഴ്സ വാങ്ങിക്കാൻ സാധ്യതയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. സമീപ കാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന ടീമിന് മെസ്സിക്കൊപ്പം മറ്റൊരു വമ്പൻ താരത്തിെൻറ പ്രതിഫലം കൂടി താങ്ങാനായേക്കില്ല.
പി.എസ്.ജിയുമായി റോണോയുടെ ഏജൻറ് ജോർജ് മെൻഡസ് ചർച്ച നടത്താനിരിക്കുന്നതായുള്ള റിപ്പോർട്ടിനൊപ്പം മുൻ ടീമായ റയൽ മാഡ്രിഡിനും താരത്തെ ഒാഫർ ചെയ്തതായും എന്നാൽ, റയൽ വിസമ്മതിച്ചതായും ബലഗ്വെ വെളിപ്പെടുത്തി. 'കഴിഞ്ഞ മാസം മുതലേ നമ്മൾ ഇതെല്ലാം കാണുന്നുണ്ട്... മാഡ്രിഡുമായും ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ, അവർ തീർത്തും നിരസിക്കുകയാണുണ്ടായത്. റൊണാൾഡോ ഒരിക്കലും ടീമിലേക്ക് തിരിച്ചുവരാൻ പോകുന്നില്ലെന്നായിരുന്നു അവരുടെ മറുപടി. യുവൻറസിന് എങ്ങനെയെങ്കിലും താരത്തിെൻറ പ്രതിഫലവുമായി ബന്ധപ്പെട്ട ബാധ്യതയിൽ നിന്ന് രക്ഷനേടണം. ബലഗ്വെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.