ക്രിസ്റ്റ്യാനോക്ക് ജയം; യുവന്‍റസ് താരത്തിന് 10.4 മില്യൺ ഡോളർ നൽകണം; ഇറ്റാലിയൻ കോടതിയുടേതാണ് ഉത്തരവ്
text_fieldsറോം: ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട കേസിൽ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ജയം. ഇറ്റാലിയൻ ക്ലബ് യുവന്‍റസ് ശമ്പള ഇനത്തിൽ 10.4 മില്യൺ ഡോളർ നൽകണം.
ഇറ്റാലിയൻ സ്പോർട്സ് ആർബിട്രേഷൻ കോടതിയുടേതാണ് ഉത്തരവ്. 2020-21 സീസണിൽ കോവിഡ് മഹാമാരി സമയത്ത് പിടിച്ചുവെച്ച ശമ്പള തുകയെ ചൊല്ലിയായിരുന്നു തർക്കം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഭൂരിഭാഗം ക്ലബുകളും താരങ്ങൾക്കുള്ള പ്രതിഫലം വെട്ടിക്കുറക്കുകയോ, പിടിച്ചുവെക്കുകയോ ചെയ്തിരുന്നു. ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ പണമിടപാട് മാറ്റി വെക്കുകയായിരുന്നു. ക്ലബ് വിട്ടിട്ടും ശമ്പള കുടിശ്ശികയിൽ തീരുമാനം വൈകിയതോടെയാണ് താരം കോടതിയെ സമീപിച്ചത്.
2018 മുതല്‍ 2021 വരെ മൂന്നു സീസണുകളിലാണ് താരം ഇറ്റാലിയന്‍ ക്ലബിനൊപ്പം കളിച്ചത്. ഇക്കാലയളവില്‍ രണ്ട് തവണ യുവന്‍റസ് സീരി എ ചാമ്പ്യന്മാരായി. ശമ്പളമായി 20 മില്യൺ ഡോളർ നൽകാനുണ്ടെന്ന് പറഞ്ഞാണ് താരം കോടതിയെ സമീപിച്ചത്. എന്നാൽ ആർബിട്രേഷൻ കോടതി തുക 50 ശതമാനമായി കുറച്ചു. നിലവിൽ സൗദി ക്ലബ് അൽ നസ്റിന്‍റെ താരമാണ്. ആർബിട്രേഷൻ കോടതി ഉത്തരവ് പരിശോധിച്ചുവരികയാണെന്ന് യുവന്‍റസ് വ്യക്തമാക്കി.
നിയമ വിദഗ്ധർ ഉത്തരവ് വിശദമായി പരിശോധിച്ചശേഷം ക്ലബിന്‍റെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യുവന്‍റസ് പത്രക്കുറിപ്പിൽ അറിയിച്ചു. 2018 ആഗസ്റ്റിലാണ് റയൽ മഡ്രിഡിൽനിന്ന് താരം യുവന്‍റസിലെത്തുന്നത്. 2021ൽ വീണ്ടും പഴയ തട്ടകമായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് മടങ്ങിപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.