ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്ത്; മണിക്കൂറുകൾക്കകം പരിശീലകനെ പുറത്താക്കി യുവൻറസ്
text_fieldsടൂറിൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായി മണിക്കൂറുകൾക്കകം യുവൻറസ് കോച്ച് മൗറിസിയോ സാറിക്ക് പണിപോയി. ഇറ്റാലിയൻ സീരി 'എ'യിൽ യുവൻറസിനെ ജേതാക്കളാക്കിയെങ്കിലും ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ തന്നെ പുറത്തായത് ക്ലബ് മാനേജ്മെൻറിന് തീരെ പിടിച്ചില്ല. ഇതോടെയാണ് 'ഒാൾഡ് ലേഡി'യുടെ ഹോട്സീറ്റിൽനിന്ന് ഇറ്റലിക്കാരൻ തന്നെയായ സാറിയെ പുറത്താക്കിയത്.
മൂന്നുവർഷം നാപോളിയെയും ഒരു സീസണിൽ ചെൽസിയെയും പരിശീലിപ്പിച്ച സാറി 2019 ജൂണിലാണ് യുവൻറസ് കുപ്പായത്തിലെത്തുന്നത്. മൂന്നു വർഷമായിരുന്നു കരാറെങ്കിലും ടീമിൽ കാര്യമായൊരു വിന്നിങ് ഫോർമേഷൻ രൂപപ്പെടുത്താൻ കോച്ചെന്ന നിലയിൽ സാറിക്ക് കഴിഞ്ഞില്ലെന്നാണ് വിമർശനം. കോപ ഇറ്റാലിയ ഫൈനലിൽ നാപോളിയോട് തോറ്റതോടെ തന്നെ സാറിയുടെ ചീട്ട് കീറിയിരുന്നു.
ചാമ്പ്യൻസ് ലീഗ് പുറത്താവൽ കൂടിയായതോടെ നടപടി ഏറ്റവും വേഗത്തിലായി. ടികി ടാകക്ക് സമാനമായ അതിവേഗത്തിലെ പൊസഷൻ ബേസ്ഡ് ശൈലിയായ 'സാറിബാൾ' കൊണ്ട് പ്രശസ്തനായ സാറിക്ക് പക്ഷേ, അതൊന്നും യുവൻറസിൽ നടപ്പാക്കാനായില്ല.മുൻ ടോട്ടൻഹാം കോച്ച് മൗറിസിയോ പൊച്ചെട്ടിനോയുടെ പേരാണ് പകരക്കാരനായി ഉയർന്നുകേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.