യുവന്‍റസിന് വേണ്ട?; റയൽ മടക്കത്തിന് കരുക്കൾ നീക്കി ക്രിസ്റ്റ്യാനോയെന്ന് റിപ്പോർട്ട്
text_fieldsറോം: ഇറ്റലിയിൽ കരാർ ബാക്കിയുണ്ടെങ്കിലും പഴയ പ്രതാപം അതേ കരുത്തോടെ തുടരാൻ വിഷമിക്കുന്ന സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നിലവിലെ സീസൺ പൂർത്തിയാകുന്നതോടെ വിറ്റഴിക്കാൻ യുവന്‍റസ് ശ്രമം സജീവമാക്കിയതായി റിപ്പോർട്ട്. കോവിഡ് കാലത്തും സമാന നീക്കങ്ങളെ കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ പറന്നുനടന്നിരുന്നുവെങ്കിലും സീരി എയിലും യൂറോപ്യൻ ലീഗിലും ടീം പിറകോട്ടുപോകുന്നതാണ് അഭ്യൂഹങ്ങൾക്ക് വീണ്ടും ചിറകു നൽകുന്നത്. ടീമിന് രണ്ടു സീസണുകളിൽ വലിയ ഉയരങ്ങൾ നൽകുന്നതിൽ മുന്നിൽനിന്ന റോണോ അടുത്തിടെ മങ്ങിയ പ്രകടനവുമായി മൈതാനത്ത് ഉഴറുന്നത് ആരാധകരിലും നിരാശ പടർത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ ടീം അടുത്തിടെ പുറത്തായിരുന്നു.
ഇറ്റാലിയൻ ലീഗിൽ എതിരാളികളില്ലാതെ മുന്നിൽനിന്ന ടീം ലീഗിലെ വീഴ്ചകൾക്ക് പുറമെ കനത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. റൊണാൾഡോക്ക് നൽകുന്നതാകട്ടെ, റെക്കോഡ് തുകയും. ഇത്രയും നൽകി ഇനിയും നിലനിർത്തുന്നത് ബുദ്ധിപൂർവമാകുമോ എന്നാണ് ഉയരുന്ന സംശയം.
ഈ വിഷയം ചർച്ച ചെയ്യാൻ യുവെ അധികൃതർ ക്രിസ്റ്റ്യാനോയെ കാണുമെന്ന് 'ഫുട്ബാൾ ഇറ്റാലിയ' റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2022 ജൂണിലാണ് യുവെയിൽ താരത്തിന്‍റെ കരാർ അവസാനിക്കുന്നത്. എന്നാൽ, 2.9 കോടി യൂറോ (252 കോടി രൂപ)ക്ക് സീസൺ അവസാനത്തോടെ വിൽപന നടത്താനാകുമോ എന്നാണ് ക്ലബ് പരിശോധിക്കുന്നത്്. റയലും ക്രിസ്റ്റ്യാനോയും ലോക ഫുട്ബാളിൽ സമാനതകളില്ലാത്ത റെക്കോഡുകളിലേക്കു നടന്നുകയറിയ 2018ൽ 12 കോടി യൂറോക്കായിരുന്നു റോണോ യുവന്‍റസിലെത്തിയത്. യുവന്‍റസ് ജഴ്സിയിലും താരം അതിവേഗം ഗോളുകൾ അടിച്ചുകൂട്ടി ഇറ്റലിയിൽ താരരാജാവായി. പുതിയ സീസണിലും 32 കളികളിൽ താരം 27 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. ടീമിലെത്തിയ ശേഷം 121 കളികളിൽ ഗോൾനേട്ടം 92 ആണ്.
ഇനിയും റയലിലേക്ക് തിരിച്ചുപോകാനാകുമോയെന്നാണ് ടീമും താരവും പരിശോധിക്കുന്നത്. തുകയിൽ ഇളവു ലഭിച്ചാൽ ടീമിലെത്തിക്കാൻ റയൽ സമ്മതം മൂളുമെന്ന പ്രതീക്ഷ മാധ്യമങ്ങൾ പങ്കുവെക്കുന്നു. എന്നാൽ, എർലിങ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നീ പുതുനിരയിൽ കണ്ണുവെച്ചിരിക്കുന്ന റയൽ അത്രക്ക് ക്രിസ്റ്റ്യാനോയിൽ താൽപര്യം അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.