പെപ്റയും അയ്മനും കസറി; സൂപ്പർ കപ്പിൽ തകർപ്പൻ തുടക്കമിട്ട് ബ്ലാസ്റ്റേഴ്സ്
text_fieldsഭുവനേശ്വർ: ക്വാമി പെപ്രയുടെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ കലിംഗ സൂപ്പർ കപ്പിൽ തകർപ്പൻ തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് ‘ബി’യിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. ഒരു ഗോൾ മുഹമ്മദ് അയ്മന്റെ വകയായിരുന്നു.
നിലയും പിങ്കും നിറത്തിലുള്ള ജഴ്സിയുമായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി. മാർകോ ലെസ്കോവിച്ച് വിട്ടുനിന്ന കളിയിൽ ദിമിത്രി ദിയാമാന്റാകോസാണ് കൊമ്പന്മാരെ നയിച്ചത്. ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും മുൻനിരക്കാർ തമ്മിലുള്ള മത്സരത്തിൽ 14-ാം മിനിറ്റിൽതന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഷില്ലോങ്ങുകാരുടെ പ്രതിരോധം പിളർന്ന് ദിയാമാന്റാകോസ് നൽകിയ പാസ് പിടിച്ചെടുത്ത പെപ്റ അനായാസം വലയിലേക്ക് ഷോട്ടുതിർക്കുകയായിരുന്നു.
പ്രത്യാക്രമണങ്ങളിൽ ബ്ലാസ്റ്റേഴ്സിനെ വിറപ്പിക്കുകയായിരുന്നു എതിരാളികളുടെ ലക്ഷ്യം. ഡ്രിൻസിച്ച് നയിച്ച ഡിഫൻസും ഗോളി സചിൻ സുരേഷും ചേർന്ന് അവരുടെ നീക്കങ്ങളെ തുടക്കത്തിൽ സമർഥമായി തടഞ്ഞുനിർത്തി. ഇതിനിടയിൽ 26-ാം മിനിറ്റിൽ പെപ്റ ലീഡുയർത്തി. പ്രബീർ ദാസിന്റെ ഡിഫ്ലക്റ്റഡ് ക്രോസിൽ പന്ത് നെഞ്ചിലെടുത്ത് നിയന്ത്രണത്തിലാക്കിയ പെപ്റ വീണ്ടും വല കുലുക്കിയപ്പോൾ ബ്ലാസ്റ്റേഴ്സ് 2-0ന്റെ മുൻതൂക്കം നേടി.
എന്നാൽ, ഉടനടിയായിരുന്നു ലജോങ്ങിന്റെ തിരിച്ചടി. 28-ാം മിനിറ്റിൽ ലജോങ് സ്ട്രൈക്കർ കരീമിനെ ബോക്സിൽ സചിൻ സുരേഷ് വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് കൈചൂണ്ടി. കിക്കെടുത്ത നായകൻ റെനാൻ പൗളിഞ്ഞോ സചിന് അവസരമൊന്നും നൽകതുമില്ല. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ദിയാമാന്റോകോസിന്റെ ഒന്നാന്തരം ആംഗുലർ ഷോട്ട് ക്രോസ്ബാറിനെ പ്രകമ്പനം കൊള്ളിാച്ചാണ് വഴിതെറ്റിപ്പറന്നത്.
2-1 എന്ന നിലയിൽ ഇടവേളക്ക് പിരിഞ്ഞ ബ്ലാസ്റ്റേഴ്സ് കളി പുനരാരംഭിച്ചതിനുപിന്നാലെ വീണ്ടും നിറയൊഴിച്ചു. 46-ാം മിനിറ്റിൽ വലതു പാർശ്വത്തുനിന്ന് ദായ്സുകെ നൽകിയ ക്രോസ്. അയ്മന്റെ കിടിലൻ ഹെഡർ വലയിലേക്ക് പാഞ്ഞുകയറിയതോടെ റെഡ് ഡ്രാഗൺസിന്റെ തിരിച്ചുവരവു പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു.
ആശയറ്റ ലജോങ് തോൽവി സമ്മതിച്ചതുപോലെ തളർന്നപ്പോൾ അവസാന ഘട്ടങ്ങളിൽ ലീഡുയർത്താനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല. 72-ാം മിനിറ്റിൽ സൗരവ് മണ്ഡലിന്റെ ഷോട്ട് പോസ്റ്റിനിടിച്ച് ഗതിമാറി. അവസാന ഘട്ടങ്ങളിൽ യുവതാരങ്ങൾക്ക് അവസരം നൽകാനാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് ശ്രദ്ധ ചെലുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.