ജർമൻ മതിൽ പൊളിഞ്ഞു; വെംബ്ലിയിൽ ഉത്സവം തീർത്ത് ഇംഗ്ലീഷ് പട
text_fieldsലണ്ടൻ: വെംബ്ലി സ്റ്റേഡിയത്തിൽ 1966ലെ ഇംഗ്ലീഷ് പ്രേതങ്ങൾ ഉയിർത്തെഴുന്നേറ്റു. വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത ഇംഗ്ലീഷ് കാണികൾക്ക് മുന്നിൽ വീണ്ടും അവരത് നേടി. യൂറോയിലും ലോകകപ്പുകളിലും പതിറ്റാണ്ടുകളായി ജർമൻ പട തന്ന സങ്കടങ്ങൾക്ക് 75ാം മിനിറ്റിലെ റഹീം സ്റ്റെർലിങ്ങിെൻറയും 86ാം മിനിറ്റിൽ ഹാരി കെയ്നിെൻറയും ഗോളിലൂടെ ഇംഗ്ലണ്ട് കണക്ക് തീർക്കുകയായിരുന്നു. ടൂർണമെൻറിൽ മറ്റൊരു ഗോളിനും ലഭിക്കാത്ത ആരവങ്ങളോടെയാണ് ഇംഗ്ലീഷ് കാണികൾ അവയെ വരവേറ്റത്.
പ്രതിരോധം വിട്ടുകളിക്കാതെയാണ് ഇരു ടീമുകളും തുടക്കം മുതൽ പന്തുതട്ടിത്തുടങ്ങിയത്. അഞ്ചു പ്രതിരോധ നിരക്കാരെ അണി നിരത്തി ടീം പ്രഖ്യാപിച്ചപ്പോഴേ ഇംഗ്ലണ്ട് നയം വ്യക്തമാക്കിയിരുന്നു. 15ാം മിനിറ്റിൽ റഹീം സ്റ്റെർലിങ് തൊടുത്ത ഷോട്ട് ജർമൻ ഗോൾ കീപ്പർ മാനുവൽ ന്യൂയർ തടുത്തിട്ടയോടെയാണ് മത്സരം മുറുകിയത്. 31ാം മിനിറ്റിൽ തിമോ വെർണർക്ക് ലഭിച്ച സുവർണാവസരം ഇംഗ്ലീഷ് ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിെൻറ കാലുകളിലുടക്കി കടന്നുപോയി. 45ാം മിനിറ്റിൽ ഗോളിലേക്ക് നിറയൊഴിക്കാമായിരുന്ന അവസരം ഹാരികെയ്ൻ കളഞ്ഞു കുളിച്ചു. ആദ്യപകുതിയിൽ ഓർത്തിരിക്കാനുണ്ടായിരുന്നത് ഇത്രമാത്രം.
48ാം മിനിറ്റിൽ കൈൽ ഹാവർട്സിെൻറ തകർപ്പൻ ഷോട്ട് പിക്ഫോർഡ് ഞൊടിയിടക്കുള്ളിൽ തട്ടിയകറ്റിയതൊഴിച്ചാൽ ഇടവേളക്ക് ശേഷമുള്ള ആദ്യ മിനിറ്റുകളും ആദ്യ പകുതിയുടെ ആവർത്തനമായിരുന്നു. ഒടുവിൽ കാണികൾ കാത്തിരുന്ന നിമിഷം രാജകീയമായ എത്തിച്ചേർന്നു. 76ാം മിനിറ്റിൽ ലൂക് ഷായുടെ താണുപറന്ന ക്രോസ് സ്റ്റെർലിങ് വലയിലെത്തിക്കുേമ്പാൾ ഗാലറി ഒന്നടങ്കം അലറിവിളിച്ചു. 80ാം മിനിറ്റിൽ അപ്രതീക്ഷിതമായി വീണുകിട്ടിയ സുവർണാവസരം തോമസ് മുള്ളർ പുറത്തേക്കടിച്ചതോടെ ജർമനിയുടെ വിധി തീരുമാനമായിരുന്നു. 86ാം മിനിറ്റിൽ ഗ്രീലിഷ് ബോക്സിന് മധ്യത്തിലേക്ക് നീട്ടിയ പന്തിന് തലവെച്ച് കെയ്ൻ വിജയമുറപ്പിച്ചതോടെ ഗാലറിയിലുണ്ടായിരുന്ന ഏതാനും ജർമൻ കാണികൾ വിങ്ങിപ്പൊട്ടി. കെയ്നിെൻറ ടൂർണമെൻറിലെ ആദ്യ ഗോളാണിത്. അപ്പോഴേക്കും ഗാലറിയിൽ 1966ലെ വിജയഗീതം മുഴങ്ങിത്തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.