ബെൻഡ് ഇറ്റ് ലൈക് ബെൻസേമ
text_fieldsമഡ്രിഡ്: തകർപ്പൻ ഫോമിൽ പന്തുതട്ടുന്ന കരീം ബെൻസേമയുടെ മഴവിൽ ഗോളടക്കമുള്ള ഇരട്ട ഗോളിെൻറ മികവിൽ അത്ലറ്റിക് ബിൽബാവോയെ 2-1ന് കീഴടക്കിയ റയൽ മഡ്രിഡ് സ്പാനിഷ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് ലീഡ് എട്ടു പോയന്റാക്കി ഉയർത്തി. കളി തുടങ്ങി 10 മിനിറ്റാവുമ്പോഴേക്കും മൂന്നു ഗോളുകൾ പിറന്ന മത്സരത്തിൽ നാലാം മിനിറ്റിലായിരുന്നു വലതു വിങ്ങിൽനിന്ന് ബെൻസേമയുടെ വളഞ്ഞിറങ്ങിയ ഗോൾ. എട്ടാം മിനിറ്റിലും സ്കോർ ചെയ്ത ഫ്രഞ്ച് സ്ട്രൈക്കർക്ക് ഇതോടെ ലീഗിൽ 15 ഗോളായി. അത്ലറ്റികോ മഡ്രിഡ് 2-1ന് ഗ്രനഡയോട് തോറ്റു. റയൽ മഡ്രിഡ് (48), സെവിയ്യ (38), റയൽ ബെറ്റിസ് (33) ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
മിലാൻ ടീമുകൾക്ക് ജയം
റോം: ഇറ്റാലിയൻ സീരി എയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള മിലാൻ ടീമുകൾക്ക് ജയം. ഒന്നാമതുള്ള ഇന്റർ മിലാൻ 1-0ത്തിന് ടൊറീനോയെയും രണ്ടാമതുള്ള എ.സി മിലാൻ 4-2ന് എംപോളിയെയും തോൽപിച്ചപ്പോൾ മൂന്നാമതുള്ള നാപോളി 1-0ത്തിന് സ്പെസിയയോട് തോറ്റു. ഇന്ററിന് 46ഉം എ.സി മിലാന് 42ഉം നാപോളിക്ക് 39ഉം പോയന്റാണുള്ളത്.
പി.എസ്.ജിക്ക് സമനില
പാരിസ്: ഇഞ്ചുറി സമയത്ത് മൗറോ ഇകാർഡി നേടിയ ഗോളിൽ ഫ്രഞ്ച് ലീഗ് വണിൽ വമ്പന്മാരായ പി.എസ്.ജി ലോറിയന്റിനോട് 1-1 സമനിലയുമായി തടിതപ്പി. ആദ്യപകുതിക്കുശേഷം ഇറങ്ങിയ സെർജിയോ റാമോസ് ചുവപ്പുകാർഡ് കണ്ടതും പി.എസ്.ജിക്ക് ക്ഷീണമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.