അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം കരിം ബെൻസേമ ഫ്രഞ്ച് ടീമിലേക്ക്
text_fieldsപാരിസ്: പടിയടച്ച് പുറത്താക്കിയവരെകൊണ്ട് തന്നെ ടീമിലേക്കുള്ള തിരിച്ചുവരവിന് പരവതാനി വിരിപ്പിക്കുകയാണ് കരിം ബെൻസേമ. അഞ്ചു വർഷം മുമ്പ് ടീമിന് പുറത്താക്കിയ അതേകരങ്ങൾ തന്നെ യൂറോകപ്പിനുള്ള ഫ്രഞ്ച് ടീമിലേക്ക് റയൽ മഡ്രിഡിെൻറ ഗോളടിയന്ത്രത്തെ തിരിച്ചുവിളിക്കുന്നു. വൻകരയുടെ പോരാട്ടത്തിനുള്ള ദേശീയ ടീമിനെ പ്രാഖ്യാപിക്കാനിരിക്കെ കരിം ബെൻസേമയുടെ തിരിച്ചുവരവിനെ ശരിവെച്ച് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമങ്ങളിലെ വാർത്തകൾ റയൽ മഡ്രിഡും സ്ഥിരീകരിച്ചു.
2016ലാണ് സ്റ്റാർ സ്ട്രൈക്കർ അവസാനമായി ഫ്രഞ്ച് കുപ്പായമണിഞ്ഞത്. തുടർന്ന് സഹതാരം മാത്യു വാൽബുനേയക്കെതിരായ കുപ്രസിദ്ധമായ ബ്ലാക്മെയിൽ കേസിൽ ആരോപണ വിധേയനായതോടെ ദേശീയ ടീമിന് പുറത്തായി. മികവിെൻറ ഉന്നതിയിൽ നിൽക്കുേമ്പാഴും അച്ചടക്കമാണ് പ്രധാനമെന്ന് പറഞ്ഞ് കോച്ച് ദിദിയർ ദെഷാംപ്സ് ടീമിന് പുറത്താക്കി. ശേഷം, 2018 റഷ്യ ലോകകപ്പിലേക്ക് ടീമിനെ ഒരുക്കുേമ്പാഴും ബെൻസേമയോട് കോച്ച് ക്ഷമിച്ചില്ല. സിനദിൻ സിദാൻ ഉൾപ്പെടെയുള്ള മുൻതാരങ്ങളും ആരാധകരും ഒച്ചവെച്ചിട്ടും ദെഷാംപ്സ് കീഴടങ്ങിയില്ല. ഒടുവിൽ ബെൻസേമയില്ലാത്ത ടീമുമായി ലോകകിരീടമണിഞ്ഞാണ് കോച്ച് മറുപടി നൽകിയത്.
ഇതിനിടയിലും, പ്രതിഷേധങ്ങളൊന്നുമില്ലാതെ ക്ലബ് കുപ്പായത്തിൽ മികവിെൻറ ഉന്നതിയിലേക്ക് ബൂട്ടുകെട്ടിയ ബെൻസേമ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിഞ്ഞു പോയ റയലിെൻറ അമരക്കാരനായി. കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ 21ഉം, ഇക്കുറി 22ഉം ഗോളുമായി റയലിെൻറ ഒന്നാം നമ്പർ ഗോളടിക്കാരനായി. തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാളിലെ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം കൂടി നേടിയതിനു പിന്നാലെയാണ് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് വാർത്തകൾ സജീവമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.