ഏഴു മിനിറ്റിനിടെ ഹാട്രിക്കടിച്ച് ബെൻസേമ; വൻ ജയത്തിലും ബാഴ്സക്ക് 12 പോയിന്റ് പിറകിൽ റയൽ
text_fieldsലാ ലിഗയിൽ കിരീട പ്രതീക്ഷ എന്നേ കൈവിട്ടെങ്കിലും തകർപൻ ജയവുമായി നിലപാടറിയിച്ച് റയൽ മഡ്രിഡ്. ഏഴു മിനിറ്റിനിടെ മൂന്നുവട്ടം ഗോളടിച്ച് കരീം ബെൻസേമ ഒറ്റയാനായ കളിയിൽ എതിരില്ലാത്ത ആറു ഗോളിനായിരുന്നു റയൽ ജയം. വമ്പൻ ജയം നേടിയെങ്കിലും ലാ ലിഗയിൽ ഒന്നാമതുള്ള ബാഴ്സലോണയെക്കാൾ 12 പോയിന്റ് പിറകിലാണ് കാർലോ അഞ്ചലോട്ടിയുടെ സംഘം.
മാർകോ അസെൻസിയോ കൈമാറിയ പന്ത് വലയിലെത്തിച്ച് 22ാം മിനിറ്റിൽ റോഡ്രിഗോയാണ് ഗോൾവേട്ട തുടങ്ങിയത്. ഏഴു മിനിറ്റ് കഴിഞ്ഞ് വിനീഷ്യസ് നൽകിയ പാസിൽ ബെൻസേമ ഗോളുത്സവം തുടങ്ങി. തൊട്ടുപിറകെ വിനീഷ്യസ് വീണ്ടും സഹായിച്ച് അടുത്ത വെടിപൊട്ടിച്ച ബെൻസേമ തലക്കുമുകളിലൂടെ ക്ലോസ് റേഞ്ച് കിക്കിൽ ഹാട്രിക് പൂറത്തിയാക്കി. അസെൻസിയോ, ലുകാസ് വാസ്ക്വസ് എന്നിവർ ചേർന്ന് പട്ടിക പൂർത്തിയാക്കി. ഹാട്രിക് തികച്ച ബെൻസേമ നിലവിൽ ലാ ലിഗ ഗോൾവേട്ടക്കാരിൽ റോബർട്ട് ലെവൻഡോവ്സ്കിക്കു പിറകിൽ രണ്ടാമതാണ്.
ലാ ലിഗ കിരീടപ്പോരിൽ ഏറെ പിറകിലുള്ള റയലിന് ഇനി സാധ്യതകളില്ലെങ്കിലും ബുധനാഴ്ച ബാഴ്സക്കെതിരെ കോപ ഡെൽ റെ സെമി കളിക്കാനിരിക്കുന്ന ടീമിന് ജയം ആത്മവിശ്വാസം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.