മെസ്സിയും റൊണാൾഡോയുമില്ലാതെ കരീം ബെൻസേമയുടെ ഡ്രീം ഇലവൻ
text_fieldsപാരിസ്: ഫുട്ബാളിലെ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഒഴിവാക്കി ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസേമയുടെ ഡ്രീം ഇലവൻ. മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്കാരം എട്ട് തവണ നേടിയ മെസ്സിയെയും അഞ്ചുതവണ സ്വന്തമാക്കിയ റൊണാൾഡോയെയും ഒഴിവാക്കിയ ടീമിൽ ബെൻസേമ തനിക്ക് ഇടം നൽകിയിട്ടുമുണ്ട്.
2009 മുതൽ 2021 വരെ ബാഴ്സലോണയിലായിരുന്ന മെസ്സി എന്നും തന്റെ എതിരാളിയായിരുന്നെങ്കിൽ റയൽ മാഡ്രിഡിനൊപ്പം നിരവധി കിരീട നേട്ടങ്ങളിൽ തനിക്കൊപ്പമുണ്ടായിരുന്ന റൊണാൾഡോയെ തഴഞ്ഞത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സൗദിയിലെ അൽ ഇത്തിഹാദിനായി കളിക്കുന്ന ബെൻസേമ അവരുടെ സോഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വപ്ന ടീമിനെ വെളിപ്പെടുത്തിയത്.
രണ്ട് സ്ട്രൈക്കർമാരുള്ള ടീമിൽ തനിക്കൊപ്പം ബെൻസേമ തെരഞ്ഞെടുത്തത് റൊണാൾഡോ നസാരിയോയെയാണ്. മിഡ്ഫീൽഡർമാരായി സിനദിൻ സിദാനും റൊണാൾഡീഞ്ഞോയും പോൾ പോഗ്ബയും ക്ലോഡ് മകലേലെയും വരുമ്പോൾ സെന്റർ ബാക്ക് പൊസിഷനിൽ സെർജിയോ റാമോസും പെപയുമാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മാർസലൊയെയും റൈറ്റ് ബാക്കായി ഡാനി ആൽവസിനെയുമാണ് ബെൻസേമ തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്റെ വല കാക്കുന്നത് മാനുവൽ ന്യൂയറാണ്.
ഇതിഹാസ താരം സിനദിൻ സിദാൻ, പോൾ പോഗ്ബ, ക്ലോഡ് മകലേലെ എന്നിവരാണ് ടീമിൽ തനിക്കൊപ്പം ഇടം നൽകിയ ഫ്രഞ്ചുകാർ. ബ്രസീലിൽനിന്ന് റൊണാൾഡീഞ്ഞോയും റൊണാൾഡോ നസാരിയോയും മാഴ്സലൊയും ഡാനി ആൽവസും ഇടം പിടിച്ചപ്പോൾ സ്പെയിനിൽനിന്ന് സെർജിയോ റാമോസും പോർച്ചുഗലിൽനിന്ന് പെപെയും ജർമനിയിൽനിന്ന് മാനുവൽ ന്യൂയറുമാണ് ടീമിലുള്ളത്. ടീമിലെ ആറുപേരും റയൽ മാഡ്രിഡിനായി കളത്തിലിറങ്ങിയവരാണെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.