ഇന്ത്യൻ സൂപ്പർ ലീഗിൽ ഗുർപ്രീതിനെ മറികടന്ന് കാസർകോടൻ മിർഷാദ്
text_fieldsകാഞ്ഞങ്ങാട്: കക്കാട് സ്കൂളിലെയും റെഡ് സ്റ്റാർ ക്ലബിെൻറയും മൈതാനങ്ങളിൽ ഗോൾകീപ്പറായി പാറിപ്പറന്ന് പരിശീലിച്ച മിർഷാദ് ബങ്കളത്തിന് അഭിമാനകരമായ നേട്ടം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഏറ്റവും കൂടുതൽ സേവുകൾ ചെയ്ത് ഗോൾവലകാത്ത ഗോൾകീപ്പറെന്ന നേട്ടത്തിലൂടെയാണ് മിർഷാദ് ഒന്നാമതെത്തിയത്. ഇന്ത്യയുടെ ഒന്നാം നമ്പർ ഗോളി ഗുർപ്രീത് സിങ് സന്ധുവിനെ മറികടന്നുകൊണ്ടാണ് ഈ നേട്ടം.
ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായാണ് മിർഷാദ് ബങ്കളം പട്ടികയിൽ ആദ്യം ഇടംപിടിച്ചത്. ഇതിനോടകം വിവിധ മത്സരങ്ങളിലായി ഇരുപതിലധികം മികച്ച സേവുകളാണ് ഗോവയുടെ മണ്ണിൽ കാസർകോട്ടുകാരനായ മിർഷാദ് നടത്തിയത്. കമൽജിത്ത് സിങ് രണ്ടാമനായും ലക്ഷ്മികാന്ത് കട്ടിമണി മൂന്നാമനായും ഗുർപ്രീത് സന്ധു നാലാമനായും പട്ടികയിൽ ഇടംപിടിച്ചു.
കഴിഞ്ഞ നാലുവർഷമായി നോർത്ത് ഈസ്റ്റ് ബംഗാൾ ടീമിലെ കളിക്കാരനാണ് മിർഷാദ് കഠിന പരിശീലനത്തിനിടെ ഡൈവ് ചെയ്യുമ്പോൾ തോളടിച്ചുവീണതിനെ തുടർന്ന് പേശിക്ക് പരിക്കേറ്റതിനാൽ എ.ടി.കെ. മോഹൻ ബഗാനുമായുള്ള ആദ്യ മത്സരത്തിൽ ഇറങ്ങാൻ സാധിച്ചില്ലെങ്കിലും അടുത്ത കളികൾ ലാക്കാക്കി ജിമ്മിൽ പരിശീലനം തുടങ്ങിയാണ് ഈ മികച്ച നേട്ടം കൊയ്തെടുത്തത്. കക്കാട്ട് സ്കൂളിെൻറയും റെഡ്സ്റ്റാർ ക്ലബിെൻറയും മൈതാനങ്ങളിലാണ് പന്തുതട്ടി വളർന്നത്.
ക്രിക്കറ്റ് കളിക്കാരനാകാൻ മോഹിച്ച മിർഷാദ് ഫുട്ബാളിൽ എത്തിയതും യാദൃച്ഛികം. ജ്യേഷ്ഠ സഹോദരൻ നാസർ, പിതൃസഹോദരിയുടെ മകൻ റിയാസ് എന്നിവർ മികച്ച ഫുട്ബാൾ കളിക്കാരായിരുന്നു. ഇതുകണ്ടാണ് കാൽപന്തിൽ കമ്പം കയറിയത്. ക്രിക്കറ്റ് ഗ്രൗണ്ടിൽ ഡൈവ് ചെയ്തുള്ള ഫീൽഡിങ് ഇഷ്ടമായിരുന്ന മിർഷാദിനെ ഗോൾവല കാക്കാൻ ഇരുവശത്തേക്കുമുള്ള വിസ്തരിച്ച ഡൈവിങ് ഫുട്ബാളിലേക്ക് ആകർഷിച്ചു.
കക്കാട്ട് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായിരിക്കെ മിർഷാദ് ഉൾപ്പെട്ട ജില്ല ഫുട്ബാൾ ടീം രണ്ടുതവണ സംസ്ഥാന സീനിയർ ചാമ്പ്യന്മാരായി. പ്ലസ്ടു കഴിഞ്ഞയുടൻ ഇന്ത്യൻ ഫുട്ബാൾ താരം തൃക്കരിപ്പൂർ എടാട്ടുമ്മലിലെ എം.സുരേഷിെൻറ നിർദേശ പ്രകാരം ഗോവയിലെ എഫ്.സി ബാഡേഴ്സിൽ ചേർന്നു. പിന്നീട് ഗോകുലം കേരള എഫ്.സിയിലൂടെ ഈസ്റ്റ് ബംഗാളിലെത്തി. ഡാർജിലിങ്ങിൽ നടന്ന ഗോൾഡ് കപ്പിൽ 2018ൽ മികച്ച ഗോൾകീപ്പറായി.
നിധീഷ് ബങ്കളം, കാസർകോട് ജില്ല സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം, കേരള പൊലീസിലെ പ്രശാന്ത് എന്നിവരാണ് മിർഷാദിലെ ഫുട്ബാളറെ വാർത്തെടുത്തത്. മാതാപിതാക്കളായ ബങ്കളം കൂട്ടപ്പുന്ന തലയില്ലത്ത് ഹൗസിൽ ബി.അഹമ്മദ്, ടി.നബീസ, സഹോദരൻ നാസർ, സഹോദര ഭാര്യ തസ്നി എന്നിവരുടെ പ്രോത്സാഹനങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.