കെപ ഇനി റയൽ മഡ്രിഡ് ഗോളി; ചെൽസി വിട്ടുനൽകിയത് വായ്പാടിസ്ഥാനത്തിൽ
text_fieldsമഡ്രിഡ്: ചെൽസി ഗോൾകീപ്പർ കെപ അരിസബലാഗ ഇനി സ്പാനിഷ് അതികായരായ റയൽ മഡ്രിഡിന്റെ കാവൽക്കാരൻ. വായ്പാടിസ്ഥാനത്തിലാണ് ഇംഗ്ലീഷ് ക്ലബിൽനിന്ന് സ്പാനിഷ് താരം മഡ്രിഡിലെത്തുന്നത്. ചൊവ്വാഴ്ച മഡ്രിഡിൽ വാർത്താസമ്മേളനത്തിനു പിന്നാലെ കെപയെ മഡ്രിഡ് തങ്ങളുടെ ജഴ്സിയിൽ അവതരിപ്പിക്കും.
മുഖ്യഗോൾകീപ്പർ തിബോ കോർട്ടുവ പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് പകരക്കാരനെ തേടിയുള്ള റയലിന്റെ അന്വേഷണമാണ് കെപയിലെത്തിനിന്നത്. കാൽമുട്ടിന് ഗുരുതര പരിക്കേറ്റ കോർട്ടുവ ദീർഘകാലം കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് സൂചന.
28കാരനായ കെപ സ്പാനിഷ് ക്ലബായ അത്‍ലറ്റിക് ബിൽബാവോയിൽനിന്നാണ് 71 ദശലക്ഷം പൗണ്ടെന്ന റെക്കോർഡ് തുകക്ക് 2018ൽ ചെൽസിയിലെത്തിയത്. 163 മത്സരങ്ങളിൽ നീലക്കുപ്പായക്കാർക്കുവേണ്ടി ഗോൾവല കാത്ത ശേഷമാണ് ഇപ്പോൾ കൂടുമാറുന്നത്. സ്പെയിൻ അണ്ടർ 18, അണ്ടർ 19, അണ്ടർ 21 ടീമുകൾക്കുവേണ്ടി ഗ്ലൗസണിഞ്ഞ ഈ ആറടി രണ്ടിഞ്ചുകാരൻ സ്പാനിഷ് സീനിയർ ടീമിനുവേണ്ടി 13 മത്സരങ്ങളിൽ ഗോൾവല കാത്തിട്ടുണ്ട്.
ചെൽസിയിൽ ബ്രൈറ്റണിൽനിന്ന് പുതുതായെത്തിയ ഗോളി റോബർട്ടോ സാഞ്ചസുമായി ഒന്നാംഗോളിയെന്ന സ്ഥാനത്തിന് കടുത്ത മത്സരം നേരിടുന്നതിനിടയിലാണ് കെപയുടെ കൂടുമാറ്റം. ബിൽബാവോയിൽനിന്നെത്തിയശേഷം ചെൽസിയിൽ പിന്നീട് ഒന്നാം നമ്പർ സ്ഥാനം എഡ്വാർഡ് മെൻഡിക്കു വിട്ടുകൊടുക്കേണ്ടിവന്നിരുന്നു. സെനഗലുകാരനായ മെൻഡി ഈ സീസണിൽ വമ്പൻ തുകക്ക് സൗദി ക്ലബായ അൽ ഹിലാലിലേക്ക് ചേക്കേറിയിരുന്നു. തങ്ങളുടെ ജർമൻ ഗോളി മാനുവൽ നൂയർക്ക് പരിക്കേറ്റതിനെ തുടർന്ന് ബയേൺ മ്യൂണിക്കും കെപക്കുവേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.