ഗോ ഫോർ ഗോൾഡ്; കാൽനൂറ്റാണ്ടിനു ശേഷം ഫുട്ബാൾ സ്വർണം തേടി കേരളം ഫൈനലിൽ ഇന്ന് ബംഗാളിനെതിരെ
text_fieldsഅഹ്മദദാബാദ്: രണ്ടര പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് കേരള ഫുട്ബാൾ ടീം ദേശീയ ഗെയിംസിൽ ഫൈനലിലെത്തുന്നതുതന്നെ. പ്രാഥമിക റൗണ്ടിലെ മത്സരങ്ങൾക്ക് പിന്നാലെ സെമി ഫൈനലും ജയിച്ച് അപരാജിത യാത്ര തുടരുന്ന സംഘം ചൊവ്വാഴ്ച വൈകീട്ട് ആറിന് അഹ്മദാബാദിലെ 'ഏക ട്രാൻസ്റ്റേഡിയ'യിൽ സ്വർണം തേടി ഇറങ്ങുകയാണ്. ജയിച്ചാൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാന ഫുട്ബാൾ ടീമെന്ന ഖ്യാതിയോടെ മടങ്ങാം.
പി.ബി. രമേശിന്റെ പരിശീലനത്തിലും വി. മിഥുനിന്റെ നായകത്വത്തിലും ഇറങ്ങുന്ന സംഘം ശുഭപ്രതീക്ഷയിലാണ്. 1997ൽ ബാംഗ്ലൂരിൽ നടന്ന ഗെയിംസിലെ ഫുട്ബാൾ ഫൈനലിൽ ഗോവയെ തോൽപിച്ചാണ് കേരളം ഒടുവിൽ ജേതാക്കളായത്. ജിജു ജേക്കബായിരുന്നു ക്യാപ്റ്റൻ. അതിന് ശേഷം ഗെയിംസുകൾ കേരളത്തിലടക്കം പലതും അരങ്ങേറിയെങ്കിലും ഫൈനലിലെത്താൻ പോലുമായില്ല. കഴിഞ്ഞ തവണ ആതിഥേയരായിരിക്കെ ആദ്യ റൗണ്ടിൽ പുറത്തായി.
1997നുമുമ്പ് 1987ലാണ് കേരളം സ്വർണം ചൂടുന്നത്. പഞ്ചാബിനെ തോൽപിച്ചായിരുന്നു തോമസ് സെബാസ്റ്റ്യന്റെയും സംഘത്തിന്റെയും നേട്ടം. ഇത്തവണ പ്രാഥമിക റൗണ്ടിൽ ഗ്രൂപ് എയിലായിരുന്നു കേരളം. ഒഡിഷയെ 2-1നും സർവിസസിനെ 3-1നും മണിപ്പൂരിനെ 3-2നും തോൽപിച്ചു. സെമി ഫൈനലിൽ കർണാടകയെ എതിരില്ലാത്ത രണ്ട് ഗോളിന് മടക്കി. ബംഗാളും തോൽവി അറിയാതെയാണ് എത്തിയിരിക്കുന്നത്. ഗ്രൂപ് ബിയിൽ പഞ്ചാബ്, ഗുജറാത്ത്, കർണാടക ടീമുകളെയും സെമിയിൽ സർവിസസിനെയും തോൽപിച്ചു.
ഇക്കഴിഞ്ഞ മേയ് ആദ്യമാണ് മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ഫൈനൽ നടന്നത്. ബംഗാൾ തന്നെയായിരുന്നു കേരളത്തിന്റെ എതിരാളികൾ. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു വിജയം. മികച്ച സ്ട്രൈക്കറുടെ പോരായ്മ മറികടക്കാൻ മധ്യനിര കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും കേരളം ഗോൾ വഴങ്ങിയിരുന്നു. പ്രതിരോധത്തിലെ പഴുതുകളും അടക്കേണ്ടതുണ്ട്.
വെങ്കല മെഡലിനായി സർവിസസ്-കർണാടക ലൂസേഴ്സ് ഫൈനൽ രാവിലെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.