വിജയവഴിയിൽ തിരിച്ചെത്താൻ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്സ് നാളെ ഒഡിഷക്കെതിരെ
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് നാളെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. തുടർച്ചയായ അഞ്ചു വിജയങ്ങൾക്കുശേഷം ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ റൗണ്ടിൽ ചെന്നൈയിൻ എഫ്.സിയോട് സമനില വഴങ്ങിയിരുന്നു.
നാളെ ഒഡിഷ എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. തുല്യ പോയന്റുമായാണ് ഇരുടീമുകളും നേർക്കുനേർ അങ്കത്തിനിറങ്ങുന്നത്. 10 മത്സരങ്ങളിൽ 19 പോയന്റാണ് ഇരുസംഘങ്ങൾക്കും. ഗോൾ ശരാശരിയുടെ മുൻതൂക്കത്തിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. ഒഡിഷ തൊട്ടുപിറകിലും.
സീസണിന്റെ തുടക്കത്തിൽ തപ്പിത്തടഞ്ഞിരുന്ന ഇവാൻ വുകോമാനോവിച്ചിന്റെ ടീം പിന്നീട് സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെയാണ് പോയന്റുയർത്തിയത്. ആദ്യ നാലു കളികളിൽ സ്കോർ ചെയ്യാൻ കഴിയാതിരുന്ന സ്ട്രൈക്കർ ദിമിത്രിയോസ് ഡിയാമന്റകോസ് പിന്നീടുള്ള അഞ്ചു മത്സരങ്ങളിൽ ഗോൾ നേടിയത് ടീമിന് മുതൽക്കൂട്ടായി. മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും കെ.പി. രാഹുലും മുൻനിരയിൽ ഗ്രീക് താരത്തിന് മികച്ച പിന്തുണ നൽകുന്നുണ്ട്.
മധ്യനിരയിൽ അഡ്രിയാൻ ലൂനക്കൊപ്പം ഇവാൻ കലിയൂഷ്നിയും നന്നായി കളിക്കുന്നു. ജീക്സൺ സിങ്ങും മധ്യനിരയിൽ സ്ഥിരസാന്നിധ്യമാണ്. മാർകോ ലെസ്കോവിച്ചും ഹോർമിപാം റുയിവയും കോട്ടകെട്ടുന്ന പ്രതിരോധത്തിന്റെ വശങ്ങളിൽ സന്ദീപ് സിങ്ങും നിഷു കുമാറും സാന്നിധ്യമുറപ്പിച്ചതോടെ നായകൻ ജെസൽ കർണെയ്റോയും പരിചയസമ്പന്നനായ ഹർമൻജോത് ഖബ്രയും പുറത്താണ്. ഗോൾവലക്കു മുന്നിൽ പ്രഭ്സുഖൻ സിങ്ങിന്റെ വിശ്വസ്ത കരങ്ങളുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.