പുതുവർഷ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ
text_fieldsബാംബോലിം: പുതുവർഷത്തിൽ പുതു തുടക്കത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ബൂട്ടുകെട്ടുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ 2021ലെ ആദ്യ മത്സരത്തിന് ബാംബോലിം വേദിയാവുേമ്പാൾ ബ്ലാസ്റ്റേഴ്സും കരുത്തരായ മുംബൈ സിറ്റി എഫ്.സിയും തമ്മിലാണ് അങ്കം.
ക്രിസ്മസ് പിറ്റേന്ന്, സീസണിലെ ആദ്യ ജയം സ്വന്തം പേരിൽ കുറിച്ചാണ് ബ്ലാസ്റ്റേഴ്സ് പുതുവർഷത്തിലേക്ക് പ്രവേശിച്ചത്. മൂന്നു തോൽവിയും മൂന്നു സമനിലയുമായി നിരാശപ്പെടുത്തിയ തുടക്കത്തിനുശേഷം, ഏഴാം അങ്കത്തിൽ ഹൈദരാബാദ് എഫ്.സിക്കെതിരായിരുന്നു ജയം.
വിദേശികൾ ഉൾപ്പെടെയുള്ള പ്രധാനികൾക്കെല്ലാം വിശ്രമം നൽകി, കൂടുതൽ ഇന്ത്യൻ താരങ്ങളെ കളത്തിലിറക്കി കോച്ച് കിബു വികുന നടത്തിയ പരീക്ഷണം ഉജ്ജ്വലവിജയമായി. കോസ്റ്റ-ബകാറി കോനെ പ്രതിരോധത്തിന് പകരം അബ്ദുൽ ഹക്കുവും സന്ദീപ് സിങ്ങും നയിച്ച പ്രതിരോധനിര അതിശയിപ്പിക്കുന്ന മികവോടെ ഫോമിലേക്കുയർന്നപ്പോൾ കളി മാറി.
ടീം മികവിെൻറ ഉത്തമോദാഹരണമായി 2-0ത്തിെൻറ ജയവുമെത്തി. ഈ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് പുതുവർഷത്തെ വരവേറ്റത്. ഒറ്റജയത്തിലെത്തിയ ഊർജം ആരാധകരിലേക്കും പകരണമെങ്കിൽ വിജയത്തുടർച്ച അനിവാര്യമാണ്. ബ്ലാസ്റ്റേഴ്സ് നിരയിൽ കോസ്റ്റ-കോെന പ്രതിരോധം തിരികെയെത്തും.
അതേസമയം, എതിരാളികളായ മുംബൈ സിറ്റി അതിശക്തരാണ്. ആദ്യ കളിയിൽ നോർത്ത് ഈസ്റ്റിനോട് തോറ്റശേഷം ടീം തോൽവി അറിഞ്ഞിട്ടില്ല. അഞ്ചു ജയവും ഒരു സമനിലയുമായി പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനം.
11 ഗോൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് മൂന്നെണ്ണം മാത്രം. കോച്ച് ലൊബേറക്കു കീഴിൽ ഗോൾമെഷീൻ ആഡം ലെഫോണ്ട്രെ മിന്നും ഫോമിൽ.
സീസണിൽ അഞ്ചു ഗോളാണ് ഈ ഇംഗ്ലണ്ടുകാരൻ നേടിയത്. മുൻ ബ്ലാസ്റ്റേഴ്സ് താരം ബർത്ലോമിയോ ഒഗ്ബച്ചെയാണ് മറ്റൊരു സുപ്രധാന താരം. ഹ്യൂഗോ ബൗമസ് ഫോമിലേക്ക് തിരികെയെത്തിയതും സന്തോഷ വാർത്തയാണ്.
എങ്കിലും തുടർച്ചയായി ജയിക്കുന്നതിനിടെ 12 ദിവസത്തെ ഇടവേളയിൽ കോച്ച് ലൊബേറ സംതൃപ്തനല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.