ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലപ്പൂട്ട്
text_fieldsവാസ്കോ: ഐ.എസ്.എല്ലിൽ തുടർ വിജയങ്ങളുമായി ആത്മവിശ്വാസത്തിന്റെ ഉന്നതിയിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ താഴോട്ടിറക്കി തുടർച്ചയായ രണ്ടാം സമനില. ജയിച്ചാൽ മുൻനിരയിലെത്താമായിരുന്ന കളിയിൽ എഫ്.സി ഗോവയോടാണ് ബ്ലാസ്റ്റേഴ്സ് 2-2ന് സമനിലയിൽ കുടുങ്ങിയത്. പ്രതീക്ഷിച്ച ജയം നേടാനായില്ലെങ്കിലും തോൽക്കാതെ ഒരു പോയന്‍റ് സ്വന്തമാക്കിയെന്ന് ഇവാൻ വുകോമാനോവിചിന് ആശ്വസിക്കാം.
നാലു ഗോളുകളും പിറവിയെടുത്തത് ആദ്യ പകുതിയിലാണ്. 20 മിനിറ്റാവുമ്പോഴേക്കും രണ്ടു ഗോൾ ലീഡ് നേടിയ കേരളത്തെ അടുത്ത 20 മിനിറ്റിൽ രണ്ടു ഗോളുകളുമായി ഗോവ ഞെട്ടിച്ചു. പത്താം മിനിറ്റിൽ അഡ്രിയാൻ ലൂനയുടെ കോർണർ കിക്കിൽ കൃത്യമായി തല വെച്ച് ജീക്സൺ സിങ്ങാണ് മഞ്ഞപ്പടയെ മുന്നിലെത്തിച്ചത്. പത്ത് മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ലൂനയുടെ അത്ഭുത ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി.
ഇടതുവശത്ത് അൽവാരോ വാസ്ക്വസിൽനിന്ന് ലൂന പന്ത് സ്വീകരിക്കുമ്പോൾ എതിർ ഡിഫൻസിനോ ഗോളിക്കോ അപകടമൊന്നും മണക്കാനായില്ല. എന്നാൽ, ഏറെ ദൂരത്തുനിന്ന് ഉറുഗ്വായ് പ്ലേമേക്കർ തൊടുത്ത ഷോട്ട് മുൻ ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ്ങിന് അവസരം നൽകാതെ വലയിൽ മുത്തമിട്ടു. മൂന്നു ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ മുംബൈ സിറ്റിയെ മറികടന്ന് മുന്നിലെത്താമായിരുന്ന ബ്ലാസ്റ്റേഴ്സ് 20 മിനിറ്റിനകം രണ്ടടിച്ചതോടെ പ്രതീക്ഷ വാനോളമായിരുന്നു.
എന്നാൽ, ഗോവയുടെ മനസ്സിൽ വേറെ ചിലതായിരുന്നു. 24ാം മിനിറ്റിൽ ജോർജ് ഓർട്ടിസിന്‍റെ ഗോളിൽ ഡെറിക് പെരേരയുടെ ടീം തിരിച്ചടിച്ചു. ഇടതുവിങ്ങിൽനിന്നുള്ള ക്രോസ് വിദഗ്ധമായി കാലിലൊതുക്കിയ ഓർട്ടിസിന്‍റെ ശ്രമം ഡൈവ് ചെയ്ത ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിങ്ങിന്‍റെ കൈയിൽ തട്ടിയെങ്കിലും വലയിൽ കയറുന്നത് തടയാനായില്ല. 38ാം മിനിറ്റിൽ മറ്റൊരു വിദേശതാരം എഡു ബേഡിയയുടെ ഒളിമ്പിക് ഗോളിലാണ് ഗോവ ഒപ്പംപിടിച്ചത്. കോർണർകിക്കിൽനിന്ന് ബേഡിയയുടെ ഇടങ്കാലൻ മഴവിൽ ഷോട്ട് വലയിലേക്ക് നേരിട്ട് വളഞ്ഞിറങ്ങുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് നിരയിൽ സ്റ്റോപ്പർ ബാക്ക് ഹോർമിപാം റുയ്വയുടെ സ്ഥാനത്ത് മലയാളി താരം ബിജോയ് വർഗീസാണ് കളിച്ചത്. ഗോവയുടെ ആദ്യ ഇലവനിൽ കോഴിക്കോട്ടുകാരൻ മുഹമ്മദ് നെമിൽ ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.