കെടാതെ കാക്കണം കലൂരിലെ കനൽ; ബ്ലാസ്റ്റേഴ്സിന് ഇനിയുമേറെ കടമ്പകൾ താണ്ടാനുണ്ട്
text_fieldsകൊച്ചി: അടുപ്പിച്ചുള്ള മൂന്നു തോൽവിക്കുശേഷം തൽക്കാലം ഒരു ജയത്തിലൂടെ ചീത്തപ്പേര് കുറഞ്ഞുകിട്ടി. എന്നാലും വലുതായി ആശ്വസിക്കാനൊന്നും ആയിട്ടില്ല. കാരണം, ഇനിയുമേറെ കടമ്പകൾ താണ്ടാനുണ്ട്. പറഞ്ഞുവരുന്നത്, കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഒടുവിലത്തെ മത്സരവിജയത്തെക്കുറിച്ചാണ്.
ഞായറാഴ്ച സ്വന്തം തട്ടകമായ കലൂർ സ്റ്റേഡിയത്തിലായിരുന്നു കൊൽക്കത്തൻ ക്ലബായ മുഹമ്മദൻസ് എസ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് മലർത്തിയടിച്ചത്. വെറുമൊരു മത്സരവിജയം മാത്രമായിരുന്നില്ല ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ ഫലം.
സീസണിലെ നാണംകെട്ട തോൽവികളും മുഖ്യ പരിശീലകനെ ‘തെറിപ്പിച്ചു’കൊണ്ടുള്ള മാനേജ്മെൻറിന്റെ നടപടിയുമുൾപ്പെടെ ആയതോടെ കടുത്ത പ്രതിഷേധമുയർത്തിയ ആരാധകരെ തണുപ്പിക്കാനുള്ള അവസാന അവസരം കൂടിയായിരുന്നു ഇത്. പ്രതിഷേധച്ചൂടിലെത്തിയ ആരാധകർ ആഘോഷപ്പൂരവുമായാണ് മടങ്ങിയത്. എന്നാൽ, ആരാധക കൂട്ടായ്മ പൂർണമായും തണുത്തിട്ടില്ല, കാരണം തോൽപിച്ചത് സീസണിലെ റാങ്ക് പട്ടികയിൽ ഏറ്റവും പിറകിലുള്ള, ദുർബലരും തുടക്കക്കാരുമായ മുഹമ്മദൻസ് എസ്.സിയെയാണ്. 12 കളികളിൽ ഒരേയൊരു ജയത്തോടെ അവസാന സ്ഥാനക്കാരാണ് മുഹമ്മദൻസ്. ഒറ്റജയം തങ്ങളുടെ നിലപാടിൽ മാറ്റംവരുത്തില്ലെന്നതാണ് മഞ്ഞപ്പട വ്യക്തമാക്കുന്നത്.
പതിവുപോലെ ഇഴഞ്ഞ ആദ്യ പകുതിക്കും തീപിടിച്ച രണ്ടാം പകുതിക്കുമാണ് ഞായറാഴ്ചത്തെ സന്ധ്യ സാക്ഷ്യംവഹിച്ചത്. മുഹമ്മദൻസ് ഗോൾകീപ്പർ ഭാസ്കർ റോയിയുടെ ‘കൈയബദ്ധം’ സെൽഫ് ഗോളായി വീണതിനുപിന്നാലെ ആതിഥേയരുടെ ചുവടുകൾക്ക് ചടുലത ഇരട്ടിയായി. പിന്നാലെ ആദ്യവസാനം കളംനിറഞ്ഞുനിന്ന ബ്ലാസ്റ്റേഴ്സിന്റെ തീപ്പൊരി താരം നോഹ സദോയി ഹെഡറിലൂടെ രണ്ടാം ഗോൾ വീഴ്ത്തി. വിജയാഘോഷത്തിനായി മൊറോക്കൻ താരം ഫീൽഡ് വിട്ട് ഗാലറിക്കരികിലേക്ക് ഓടി, കാണികളെ അഭിവാദ്യം ചെയ്തത് ഒരു സന്ദേശമായിരുന്നു; നിങ്ങൾ കൂടെയുണ്ടെങ്കിൽ ടീം തോൽക്കില്ലെന്നുള്ള സന്ദേശം. അലക്സാണ്ട്രേ കൊയെഫ് വീഴ്ത്തിയ മൂന്നാമത്തെ ഗോൾ വിജയത്തിന്റെ മാറ്റ് ഇരട്ടിയാക്കി.
എന്നാൽ, ഇനിയും ഇതേ പ്രകടനവും പോരാട്ടവീര്യവും തുടരുമോ എന്ന ആശങ്ക ആരാധകർക്ക് ഇല്ലാതില്ല. നിലവിൽ നാലു ജയം, ഏഴു തോൽവി, രണ്ടു സമനില എന്നിങ്ങനെ ഫലങ്ങളുമായി 14 പോയൻറാണ് പത്താം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. 29ന് ജാംഷഡ്പുർ എഫ്.സിയുമായാണ് ഈ വർഷത്തെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. ജാംഷഡ്പുർ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിലാണ് അങ്കം. 18 പോയൻറുമായി ഏഴാം സ്ഥാനത്താണിവർ. ഇതിലും ജയിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നവവത്സര സമ്മാനം നൽകുമോയെന്നാണ്, അതോ വീണ്ടും കാര്യങ്ങൾ പഴയതുപോലെ ആകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.