പത്തിമടക്കി മുംബൈ; ആധികാരിക ജയവുമായി ബ്ലാസ്റ്റേഴ്സ്
text_fieldsപനാജി: തിരിച്ചുവരവ് രാജകീയമാകണമെങ്കിൽ അത് ചാമ്പ്യന്മാരെ തിരപ്പണമാക്കിതന്നെ വേണം. കളി തുടങ്ങും മുമ്പ് പോയൻറ് പട്ടികയിൽ ബഹുദൂരം മുന്നിൽ ഒന്നാമതായിരുന്നു എതിരാളികളായ മുംബൈ. രണ്ടാമതുള്ളവരെക്കാൾ നാലു പോയൻറ് അധികം. ഇതുവരെയും കുറിച്ചത് അഞ്ചു തകർപ്പൻ വിജയങ്ങൾ. മറ്റേതു ടീമിനെക്കാളും ചുരുങ്ങിയത് രണ്ടെണ്ണം അധികം. അടിച്ചുകൂട്ടിയത് 17 ഗോളുകൾ. അതും ഏറെ കൂടുതൽ. മറുവശത്ത്, തുടക്കം പാളുകയും പതിയെ തീപിടിച്ചു തുടങ്ങുകയും ചെയ്തവർ ബ്ലാസ്റ്റേഴ്സ്. പട്ടികയിലെ എട്ടാമത്.
റഫറി ആദ്യ വിസിൽ മുഴക്കിയതിൽ പിന്നെ ഇതൊന്നുമായിരുന്നില്ല മൈതാനം സാക്ഷ്യംവഹിച്ചത്. ശരിക്കും അണപൊട്ടിയൊഴുകിയ ആക്രമണവുമായി എതിരാളികളെ നിശ്ശൂന്യരാക്കി ബ്ലാസ്റ്റേഴ്സ് മാത്രം ചിത്രത്തിൽ. 11ാം മിനിറ്റിൽ വാസ്ക്വസ് പായിച്ച മനോഹര ഷോട്ട് മുംബൈ ഗോളി നവാസിനെയും കടന്ന് വല ലക്ഷ്യമിട്ടെങ്കിലും ക്രോസ്ബാറിൽ തട്ടി വഴിമാറി.
27ാം മിനിറ്റിലായിരുന്നു മലയാളികൾ കാത്തിരുന്ന ഗോളിെൻറ പിറവി. പല കാലുകളിൽ മറിഞ്ഞെത്തിയ പന്ത് അവസാനം ജോർജ് ഡയസിെൻറ കാലിൽ. പെനാൽറ്റി ബോക്സിെൻറ വലതുവശത്ത് പാഞ്ഞുകയറിയ ഡയസ് ഇടതുവശത്ത് സഹലിനെ ലക്ഷ്യമിട്ട് മറിച്ചുനൽകി. കാലിലെടുത്ത സഹൽ പൊള്ളുന്ന ഷോട്ടിൽ വലയിലെത്തിച്ചു.
ഇതോടെ ഉണർന്ന മുംബൈ മറുപടിക്കായി പാഞ്ഞുനടന്നെങ്കിലും കേരള പ്രതിരോധം വിള്ളലില്ലാതെ കോട്ട കാത്തതോടെ നീക്കങ്ങൾ വഴിമാറി. രണ്ടാം പകുതി തുടങ്ങിയ ഉടൻ രണ്ടാം ഗോളുമെത്തി. ഇത്തവണ വാസ്ക്വസായിരുന്നു ഹീറോ. സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാകാവുന്ന ഷോട്ട് പായിച്ചത് ഫസ്റ്റ് ടച്ചിൽ. ജീക്‌സണ്‍ സിങ് നല്‍കിയ പാസില്‍ നിന്ന് ഉഗ്രനൊരു വോളിയിലൂടെയായിരുന്നു വാസ്‌ക്വസിന്‍റെ ഗോള്‍. അതോടെ ചിത്രത്തിൽനിന്ന് മുംബൈ പുറത്ത്.
പിന്നീടത്രയും കേരള ടീം മാത്രമായിരുന്നു മൈതാനത്ത്. ഏതുനിമിഷവും ഗോളടിക്കാവുന്ന നീക്കങ്ങളുമായി മലയാളിപ്പട പറന്നുനടന്നതിനൊടുവിൽ 51ാം മിനിറ്റിൽ ലീഡ് കാൽഡസനായി. ഇത്തവണ ഡയസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലായിരുന്നു ഡയസിെൻറ വക ഗോൾ.
തകർന്നുപോയ മുംബൈ കോച്ച് പലവട്ടം സബ്സ്റ്റിറ്റ്യൂഷനുമായി പരീക്ഷണങ്ങൾ നടത്തി നോക്കിയെങ്കിലും കേരള മികവിനു മുന്നിൽ എവിടെയുമെത്തിയില്ല. ബ്ലാസ്റ്റേഴ്സും പകരക്കാരെ കൊണ്ടുവന്നു. 62ാം മിനിറ്റിൽ പരിക്കേറ്റ ഡയസിനു പകരം ചെഞ്ചോ ഗിൽട്ഷെനും 83ാം മിനിറ്റിൽ താരനിരയായ സഹലിനും വാസ്ക്വസിനും പകരം പ്രശാന്തും സെയ്റ്റ്യാസെൻ സിങ്ങും ഇറങ്ങി.
ഇതിനകം എല്ലാം ഉറപ്പിച്ചുകഴിഞ്ഞ കേരളത്തിനു മുന്നിൽ മുംബൈ പത്തിമടക്കിയതോടെ ആധികാരിക ജയവുമായി ബ്ലാസ്റ്റേഴ്സിന് മടക്കം. കളിയിലുടനീളം നിറഞ്ഞുനിൽക്കുകയും രണ്ടാം ഗോൾ നേടുകയും ചെയ്ത വാസ്ക്വസാണ് കളിയിലെ ഹീറോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.