ഐ.എസ്.എൽ: കണ്ഠീരവ മഞ്ഞക്കടലാവും; കളി തീപാറും
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) പോരാട്ടങ്ങൾ അവസാനത്തോടടുക്കുമ്പോൾ പ്ലേഓഫ് പ്രതീക്ഷിക്കുന്ന ടീമുകൾക്ക് ഓരോ മത്സരവും നിർണായകമാവുകയാണ്. കളത്തിനു പുറത്ത് ആരാധകരുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മത്സരം കൂടിയാവുമ്പോൾ മൈതാനത്തും ഗാലറിയിലും ആവേശം ഇരട്ടിക്കും. ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഐ.എസ്.എല്ലിലെ പോരാട്ടത്തിന് കിക്കോഫ് വിസിൽ മുഴങ്ങുന്നതും കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയും ബംഗളൂരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും. കോവിഡ് കാലത്തിന്റെ നിയന്ത്രണങ്ങൾ മാറി ഗോവയിൽനിന്ന് ടീമുകൾ സ്വന്തം മൈതാനങ്ങളിലേക്കെത്തിയ ആദ്യ സീസണാണിത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളിൽ കൊച്ചി മഞ്ഞക്കടലാവുന്നതിന്റെ ഖ്യാതി കടലും കടന്നതാണ് ചരിത്രം. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരങ്ങളിൽ എതിരാളിയുടെ സ്റ്റേഡിയം മഞ്ഞക്കടലാക്കിയ ചരിത്രം കൂടിയുണ്ട്. അത് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ്. ബംഗളൂരു എഫ്.സിക്കെതിരായ മത്സരങ്ങളിൽ ഗാലറിയിൽ ബംഗളൂരു ആരാധകരുടെ സ്റ്റാൻഡായ വെസ്റ്റ് ബ്ലോക്ക് ഒഴികെ മുഴുവൻ സ്റ്റാൻഡും മഞ്ഞപ്പട നിറഞ്ഞാടിയ സുന്ദര നിമിഷങ്ങൾക്ക് കണ്ഠീരവ മുമ്പ് സാക്ഷിയായിട്ടുണ്ട്. എതിർകാണികളുടെ ആർപ്പുവിളികൊണ്ട് സ്വന്തം മൈതാനത്ത് ബംഗളൂരു വിറച്ചുപോയ സന്ദർഭം. വീണ്ടുമൊരങ്കം വിരുന്നെത്തുമ്പോൾ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്‌സിന് വൻ വരവേൽപ്പൊരുക്കാനൊരുങ്ങുകയാണ് മഞ്ഞപ്പട ബംഗളൂരു വിങ്.
കണ്ഠീരവ ബ്ലാസ്റ്റേഴ്സിന്റെ ‘സെക്കൻഡ് ഹോം’
കൊച്ചി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകർ എത്തിച്ചേരുന്ന ഗ്രൗണ്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെക്കൻഡ് ഹോം എന്നറിയപ്പെടുന്ന ബംഗളൂരു ശ്രീ കണ്ഠീരവ. ശനിയാഴ്ചത്തെ മത്സരത്തിനായി ആഴ്ചകൾ മുമ്പെ ടിക്കറ്റുകൾ ആരാധകർ സ്വന്തമാക്കിത്തുടങ്ങിയിരുന്നു. കേരളത്തിൽ നിന്ന് നൂറുകണക്കിന് ആരാധകർ എത്തിച്ചേരും. മലപ്പുറത്തുനിന്നും വയനാട്ടിൽനിന്നും ബംഗളൂരുവിലേക്ക് ഇതിനകം ബസുകൾ ഏർപ്പാടാക്കി കഴിഞ്ഞു.
‘ബ്ലാസ്റ്റേഴ്‌സിന്റെ ബംഗളൂരുവിലെ മത്സരം കേരളത്തിലെ ആരാധകർക്ക് എന്നും ആവേശമാണ്. അത് ഞങ്ങളുടെ ഹോം മത്സരം തന്നെയാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. മലപ്പുറത്തുനിന്നും പ്രത്യേക ബസ് സംവിധാനവും എർപ്പാടാക്കിയിട്ടുണ്ട്’- മഞ്ഞപ്പട മലപ്പുറം കോർ കമ്മിറ്റി അംഗം സഫ്‌വാൻ പറഞ്ഞു. അന്നേ ദിവസങ്ങളിൽ തലേന്ന് രാത്രി കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനുകളും ബസുകളുമെല്ലാം മഞ്ഞപ്പട ആരാധകരെ കൊണ്ട് നിറയും. ബംഗളൂരുവിലെ കാൽപന്തു പ്രേമികളും ചേരുമ്പോൾ ഗാലറിയിൽ മഞ്ഞയിൽ നിറഞ്ഞാടും.
ബുക്കിങ് വെബ്‌സൈറ്റിൽ ഗാലറിയിലെ വിവിധ സ്റ്റാൻഡുകളിലെ ടിക്കറ്റുകൾ വിറ്റു തീർന്ന നിലയിലായിരുന്നു. എന്നാൽ, വീണ്ടും ടിക്കറ്റുകൾ ലഭ്യമായി തുടങ്ങിയത് ആരാധകർക്ക് സന്തോഷമേകുന്നു. ഗാലറിയിൽ ടിഫോകളും ബാനറുകളും ഉയരും. മഞ്ഞപ്പട ബംഗളൂരു ഇത്തവണ ഒന്നിലധികം ബാനറുകൾ തയാറാക്കുന്നുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടിഫോ കൊച്ചിയിൽ ഉയർത്തി മാധ്യമ ശ്രദ്ധ നേടിയിരുന്നു മഞ്ഞപ്പട ആരാധകക്കൂട്ടം.
ബംഗളൂരു വിമാനത്താവളത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സ്വീകരണം ഒരുക്കാനും പദ്ധതിയുണ്ടെന്ന് ബംഗളൂരു വിങ് നിർവാഹക സമിതിയംഗം അനീസ് കൊടിയത്തൂർ അറിയിച്ചു. സീസൺ തുടങ്ങും മുമ്പേ നഗരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ നിഷു കുമാർ, ഹർമൻജോത് സിങ് കബ്ര എന്നിവരെ ഉൾപ്പെടുത്തി മുഖാമുഖം പരിപാടിയും മഞ്ഞപ്പട ബംഗളൂരു സംഘടിപ്പിച്ചിരുന്നു.
ഇത്തവണ പിച്ചിലും സ്റ്റാൻഡിലും മഞ്ഞ വിജയിക്കുക തന്നെ ചെയ്യുമെന്നും ഇവാനിൽ പൂർണ വിശ്വാസമാണെന്നും മഞ്ഞപ്പട അംഗം മാധവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുന. കഴിഞ്ഞ കളിയിൽ നേടിയ പോലെ മിന്നും ഗോളുകൾ ബംഗളൂരുവിലും പ്രതീക്ഷിക്കുന്നു. ഈ മത്സരത്തോടെ പ്ലേഓഫ് ഉറപ്പിച്ചു നാട്ടിലേക്ക് മടങ്ങും- മഞ്ഞപ്പട ബംഗളൂരു കോർ കമ്മിറ്റിയംഗം ഫാസിൽ ഫിറോസ് പറഞ്ഞു.
‘ബിരിയാണി വൈരം’
കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും ഏറ്റുമുട്ടൽ ആരാധകർക്കൊപ്പം ടീമുകളുടെയും പോരാട്ടമാണ്. ഇരു ടീമും തമ്മിലെ ‘ബിരിയാണി വൈരം’ ഐ.എസ്.എല്ലിൽ പാട്ടാണ്. മുമ്പ് ബംഗളൂരുവിൽ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ കാണികളെ കൂട്ടാൻ ബി.എഫ്.സി ആരാധകർ ബിരിയാണി നൽകുന്നുവെന്ന് ആരോ കിംവദന്തി പരത്തിയിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ ട്രോളിൽ ഹിറ്റായി.
എന്നാൽ, കളിയിൽ ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു തോൽപിച്ചതോടെ ബംഗളൂരു എഫ്.സിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ലക്ഷ്യം വെച്ച് പരിഹാസ വിഡിയോ വന്നു. പിന്നീട് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ വീഴ്ത്തിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയയിൽ ഇതിനുള്ള മറുപടി വിഡിയോയും വന്നു.
പുതിയ സീസണിൽ കൊച്ചിയിൽ വെച്ച് ഹോം മാച്ചിൽ 3-2 ന് ബംഗളൂരുവിനെ വീഴ്ത്തിയപ്പോഴും ആരാധകർ ബിരിയാണി ട്രോൾ മറന്നില്ല. കണ്ഠീരവയിൽ ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തിനെത്തുമ്പോൾ ബംഗളൂരു ആരാധകരും കാത്തിരിക്കുകയാണ്; കൊച്ചിയിലെ ക്ഷീണം ബംഗളൂരുവിൽ തീർക്കാൻ.
മൈതാനത്തും തീപാറും
നല്ല പ്രതീക്ഷയോടെ സീസൺ തുടങ്ങിയ ബാസ്റ്റേഴ്സ് കഴിഞ്ഞ കുറച്ചുകളികളിലായി അത്ര നല്ല പ്രകടനമല്ല. അവസാനത്തെ അഞ്ചു കളികളിൽ മൂന്നു തോൽവി.മധ്യനിരയിലും പ്രതിരോധത്തിലും ഒത്തിണക്കമില്ലായ്മ. പോയന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള ഈസ്റ്റ് ബംഗാളിനോടുപോലും തോൽവി. എന്നാലും ചെന്നൈക്കെതിരായ അവസാന മത്സരത്തിലെ ജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിലെത്തുന്നത്.
17 കളിയിൽനിന്ന് 10 ജയവും ആറു തോൽവിയും ഒരു സമനിലയുമടക്കം 31 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മറുവശത്താകട്ടെ ബംഗളൂരു എഫ്.സി മികച്ച ഫോമിലേക്കുയർന്നു കഴിഞ്ഞു. തുടർ തോൽവികൾക്കു ശേഷം ഒത്തിണക്കത്തോടെ കളിച്ച് വിജയങ്ങൾ ശീലമാക്കിയിരിക്കുന്നു. 17 കളിയിൽനിന്ന് എട്ടു ജയവും ഒരു സമനിലയും എട്ടു തോൽവിയുമടക്കം 25 പോയന്റുമായി ലീഗിൽ ആറാമതാണ് ബംഗളൂരു.
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായ ബംഗളൂരുവിന് ഈ ഘട്ടത്തിൽ സ്വന്തം മൈതാനത്തെ പോരാട്ടത്തിൽ തോൽവി സഹിക്കാനാവുന്നതിലും അപ്പുറമാവും. അതിനാൽ കിക്കോഫ് മുതൽ റഫറിയുടെ അവസാന വിസിൽ വരെ മൈതാനത്തും ഗാലറിയിലും തീപാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.