ബ്ലാസ്റ്റേഴ്സ് റെഡ്യാവണം
text_fieldsബാംബോലിം: മനസ്സിൽ കണ്ടതൊന്നും കളത്തിൽ ഏശുന്നില്ല. നന്നായി കളിച്ചിട്ടും ഒരു പിഴവിൽ വീണ ഗോളിൽ മോഹൻബഗാനെതിരായ ആദ്യ കളിയിൽ തോൽവി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ രണ്ടുഗോൾ ലീഡ് നേടിയ ശേഷം രണ്ടാം പകുതിയിൽ ഇരട്ട ഗോൾ വഴങ്ങി സമനില. എതിരാളി ഒരു പെനാൽറ്റി പാഴാക്കിയതിനാൽ തോൽവിയിൽനിന്ന് രക്ഷപ്പെട്ടു. തന്ത്രങ്ങളിലും താരമികവിലും കണക്കിലെ കളിയിലുമെല്ലാം മുൻതൂക്കമാണെങ്കിലും ബ്ലാസ്റ്റേഴ്സ് ആദ്യ ജയത്തിനായി കാത്തിരിപ്പ് തുടരുന്നു.
രണ്ടു ദിവസത്തെ ഇടവേളയിൽ മഞ്ഞപ്പടക്ക് ഇന്ന് മൂന്നാം അങ്കമാണ്. അതാവട്ടെ, ബദ്ധവൈരികളായ ചെന്നൈയിൻ എഫ്.സിക്കെതിരായ സൗത്ത് ഇന്ത്യൻ ഡെർബിയും. സീസണിലെ ആദ്യ 'ഡബ്ൾ ഹെഡർ ഡേ'യിൽ (ഒരുദിനം രണ്ടുകളി) രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്സ് x ചെന്നൈയിൻ പോരാട്ടം.
ആദ്യ കളിയിൽ ജാംഷഡ്പുർ എഫ്.സിയെ (2-1) തോൽപിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈയിൻ. പുതിയ കോച്ച് സബാ ലസോളക്കു കീഴിലിറങ്ങുന്ന മുൻ ചാമ്പ്യന്മാർ യാക്കൂബ് സിൽവസ്റ്റർ, ഇസ്മയിൽ ഗോൺസാൽവസ്, റാഫേൽ ക്രിവെല്ലരോ തുടങ്ങിയ കരുത്തരായ വിദേശ താരങ്ങളുടെ മികവിലാണ് ജാംഷഡ്പുരിനെ വീഴ്ത്തിയത്. ഇന്ത്യൻ താരം അനിരുദ്ധ് ഥാപ്പയും ലാലിയാൻസുവാല ചാങ്തെയും ദീപക് താങ്റിയും മിന്നും ഫോമിലുമായിരുന്നു. .
അതേസമയം, ഉറപ്പിച്ച ജയം കൈവിട്ടതിെൻറ നിരാശ ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന മറച്ചുവെക്കുന്നില്ല. അടിമുടി അഴിച്ചുപണിതതിെൻറ ഫലം നോർത്ത് ഈസ്റ്റിനെതിരെ കണ്ടില്ല. ആദ്യ പകുതിയിൽ ഒത്തിണക്കത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ മധ്യനിരയിലും പ്രതിരോധത്തിലും വിള്ളലുണ്ടായി. ഇതോടെയാണ് കളി കൈവിട്ടതെന്നാണ് കോച്ചിെൻറ വിലയിരുത്തൽ. ഗാരി ഹൂപ്പറും സെർജിയോ സിഡോഞ്ചയും തിളങ്ങിയെങ്കിലും കളിക്ക് ചുക്കാൻ പിടിക്കേണ്ട വിസെെൻറ ഗോമസ് മധ്യനിരയിൽ മങ്ങിയത് തിരിച്ചടിയായി. സെയ്ത്യസെൻ സിങ് ഒഴികെ ഇന്ത്യൻ താരങ്ങളാരും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുന്നില്ലെന്നതാണ് പ്രധാന തിരിച്ചടി. ആദ്യ കളിയിൽ സഹലും ഋത്വിക് ദാസുമായിരുന്നു ചതിച്ചതെങ്കിൽ രണ്ടാം അങ്കത്തിൽ രോഹിത് കുമാറും ലാൽതാങ് ക്വാൽറിങ്ങും പണിപറ്റിച്ചു. ഇന്ന് സഹലും ഒരുപക്ഷേ, കെ.പി. രാഹുലും തിരികെയെത്തും. എന്തായാലും ഗോളടിക്കുകയും ലീഡ് കാത്തുസൂക്ഷിക്കുകയും ചെയ്തെങ്കിലേ ബ്ലാസ്റ്റേഴ്സിന് കാര്യമുള്ളൂ.
ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ ജാംഷഡ്പുരും ഒഡിഷ എഫ്.സിയും ഏറ്റുമുട്ടും. ആദ്യ കളി തോറ്റവരാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.