'ഈ റഫറിമാരെ ഒന്നുമാറ്റിത്തരുമോ?'; പരാതിയുമായി ബ്ലാസ്റ്റേഴ്സും ആരാധകരും
text_fieldsഐ.എസ്.എല്ലിൽ നിരന്തരമായി തുടരുന്ന മോശം റഫറിയിങ്ങിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ആരാധകക്കൂട്ടമായ മഞ്ഞപ്പടയും. കേരള ബ്ലാസ്റ്റേഴസ് ടീമംഗങ്ങൾ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് പരാതി നൽകിയപ്പോൾ ആരാധകർ നടപടിയാവശ്യപ്പെട്ട് ഫിഫക്ക് കത്തയച്ചു.
ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും ഐ.എസ്.എൽ അധികൃതർക്കും പരാതി നൽകിയിട്ടും ഫലമില്ലാത്തതോടെയാണ് ഫിഫക്ക് പരാതിനൽകുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ആരാധക്കൂട്ടമായ മഞ്ഞപ്പട ട്വിറ്ററിൽ കുറിച്ചു. ഐ.എസ്.എല്ലിെല മോശം റഫറിയിങ്ങ് ഇന്ത്യയിലെ ഫുട്ബാളിന്റെ നിലവാരം കുറക്കുന്നെന്ന് പരാതിയിൽ പറയുന്നുണ്ട്.
ജാംഷഡ്പൂരിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം ഗാരി ഹൂപ്പറിന്‍റെ ഷോട്ട് ഗോൾവര കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് വിലപ്പെട്ട മൂന്നുപോയന്‍റാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. എ.ടി.കെ മോഹൻ ബഗാനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരായി റഫറി പെനൽറ്റി വിധിച്ചത് അന്യായമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനെതിരായി മാത്രമല്ല, സീസണിലുടനീളം മോശം റഫറിയിങ്ങ് മത്സരങ്ങളുടെ രസംകൊല്ലിയായിരുന്നു.
അതേസമയം റഫറിമാരെക്കുറിച്ച് സംസാരിക്കാൻ താനില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന പറഞ്ഞു. ബുധനാഴ്ച നടക്കുന്ന മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിലാണ് ശ്രദ്ധ. റഫറിമാരെ ബഹുമാനിക്കുന്നു. കളിയുടെ പ്രധാന ഭാഗമാണ് അവരെന്നും അദ്ദേഹം ഓൺലൈൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.