മലയാളി താരം പ്രശാന്ത് ബ്ലാസ്റ്റേഴ്സിൽ തുടരും; കരാർ നീട്ടി
text_fieldsകൊച്ചി: മലയാളി യുവതാരം പ്രശാന്തുമായുള്ള കരാർ ഒരു വർഷത്തേക്ക് നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. കോഴിക്കോട് നിന്നുള്ള 23കാരനായ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ വരുന്ന സീസണിൽ ടീമിെൻറ ഭാഗമായിരിക്കും.
വലത് കാലു കൊണ്ട് ചടുലമായ നീക്കങ്ങൾ നടത്തുന്ന മിഡ്ഫീൽഡർ താരം നേരത്തെ അത്ലറ്റിക്സ് റണ്ണറായിരുന്നു. 2008 ലാണ് ഫുട്ബോൾ കളിയിലേക്ക് നീങ്ങുന്നത്. കേരള അണ്ടർ 14 ടീമിനായി കളിച്ചിരുന്നു. എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലേക്ക് പോകുന്നതിനുമുമ്പ് ഡി.എസ്.കെ ശിവാജിയൻസ് അക്കാദമിയുടെ ഭാഗമായിരുന്നു പ്രശാന്ത്. 2016 ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി കരാറിൽ ഏർപ്പെടുന്നത്.
ഐ.എസ്.എല്ലിെൻറ കഴിഞ്ഞ സീസണിലാണ് പ്രശാന്ത് മികച്ച പ്രകടനങ്ങൾ നടത്തുന്നത്. 12 മത്സരങ്ങളിൽ വിങ്ങിൽ കളിച്ച താരം എഫ്. സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഗോളടിക്കുന്നതിന് സഹായിക്കുകയും ചെയ്തു. താരത്തിെൻറ സ്ഫോടനാത്മകമായ വേഗവും വിങ്ങിലെ മിന്നും പ്രകടനവും വരുന്ന സീസണിൽ മുതൽക്കൂട്ടാവുമെന്നാണ് ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയരക്ടർ കണക്കുകൂട്ടുന്നത്.
''ഫുട്ബോൾ ജീവിതത്തിൽ നിർണായകമായ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഞാൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എെൻറ കഴിവിൽ കോച്ചുമാരും മാനേജ്മെൻറും അർപ്പിച്ച വിശ്വാസം കൂടുതൽ ആത്മവിശ്വാസം പകരുന്നു. വരാനിരിക്കുന്ന സീസണിൽ ടീമിന് പൂർണമായി സമർപ്പിച്ചുകൊണ്ട്, അവരുടെ വിശ്വാസത്തിന് പ്രതിഫലം അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." ക്ലബുമായുള്ള കരാർ നീട്ടിയതിനു പിന്നാലെ താരം പ്രതികരിച്ചു.
"ടീമിലെ ഏറ്റവും മികച്ച ശാരീരിക ശേഷിയുള്ള കളിക്കാരിൽ ഒരാളാണ് പ്രശാന്ത്. അദ്ദേഹം കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, പോരായ്മകൾ പരിഹരിക്കുന്നതിന് എപ്പോഴും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ക്ലബ്ബുമായുള്ള പ്രശാന്തിെൻറ കരാർ ദീർഘിപ്പിച്ചത് കായികരംഗത്തോടുള്ള അദ്ദേഹത്തിെൻറ സമർപ്പണത്തിെൻറയും പ്രതിബദ്ധതയുടെയും പ്രതിഫലനം മാത്രമല്ല, സംസ്ഥാനത്തോടും ആരാധകരോടും കൂടിയുള്ളതാണ്. അദ്ദേഹം ഒരു മികച്ച ഫുട്ബോൾ കളിക്കാരനാണ്, വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു" -കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി അസിസ്റ്റൻറ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.