നന്ദി ആശാനെ! കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാൻ വുകോമനോവിച്
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെയും ലക്ഷക്കണക്കിന് ആരാധകരുടെയും പ്രിയപ്പെട്ട ‘ആശാൻ’ ഇവാൻ വുകമനോവിച് മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞു. ക്ലബും കോച്ചും തമ്മിൽ പരസ്പരധാരണയോടെയാണ് തീരുമാനമെടുത്തതെന്ന് ടീം മാനേജ്മെന്റ് പറയുന്നുണ്ടെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കിരീടനേട്ടമില്ലാത്തതാണ് ഇതിന് വഴിയൊരുക്കിയതെന്ന് റിപ്പോർട്ടുണ്ട്. വുകമനോവിച് വിടുന്ന കാര്യം ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളിലൂടെ തന്നെയാണ് അറിയിച്ചത്. ഇവാന്‍റെ നേതൃത്വത്തിനും അർപ്പണബോധത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹത്തിന്‍റെ യാത്രയിൽ ആശംസകൾ നേരുന്നതായും ക്ലബ് പേജിൽ ചൂണ്ടിക്കാട്ടി.
2021ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന വുകോമാനോവിച് ക്ലബിന്‍റെ നിരവധി വിജയങ്ങളുടെ ശിൽപിയും നെടുനായകനുമാണ്. തുടർച്ചയായി മൂന്നു തവണ ക്ലബിനെ ഐ.എസ്.എൽ പ്ലേ ഓഫിലെത്തിക്കാനും ഒരു തവണ റണ്ണേഴ്സ് അപ് ആക്കാനും സെർബിയയുടെ മുൻ താരമായ ഇവാന് സാധിച്ചു. 2021-22ൽ ക്ലബിന്‍റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയൻറ് സ്വന്തമാക്കിയതും ഇവാന്‍റെ കീഴിലായിരുന്നു. 2022ൽ ഗോളുകളുടെ എണ്ണത്തിലും ടീം ബഹുദൂരം മുന്നേറിയിരുന്നു. ടീമിന്‍റെ വിജയത്തിൽ മൂന്നു വർഷം ഇവാൻ ഒരുപാട് സ്വാധീനം ചെലുത്തിയതായും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ക്ലബ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പ്രതികരിച്ചു.
വേർപിരിയലിനെ കുറിച്ചുള്ള ക്ലബിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനു താഴെ നിരവധി പേരാണ് വുകമനോവിചിന്‍റെ പരിശീലന മികവിനും പ്രതിബദ്ധതക്കും നന്ദി പറഞ്ഞ് എത്തിയിട്ടുള്ളത്. ഇതുവരെ കിരീടം നേടാനാകാത്ത കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പത്താം പരിശീലകനായി 2021 ജൂണിലാണ് ഇവാന്‍ ചുമതലയേല്‍ക്കുന്നത്. ആദ്യ സീസണില്‍തന്നെ ടീമിനെ ഫൈനലില്‍ എത്തിച്ച വുകമനോവിചുമായി 2022ല്‍ ടീം കരാര്‍ പുതുക്കിയിരുന്നു. ടീമിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു പരിശീലകനുമായുള്ള കരാര്‍ പുതുക്കല്‍. 2025വരെ ഇവാന്‍ ടീമിനൊപ്പം തുടരുമെന്നായിരുന്നു 2022ലെ പ്രഖ്യാപനം.
സീസണിൽ ഭുവനേശ്വറിൽ നടന്ന പ്ലേഓഫിൽ ഒഡീഷ എഫ്.സിയോടു തോറ്റാണ് ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ സെമി ഫൈനൽ കാണാതെ പുറത്തായത്. സീസൺ ഗംഭീരമായി തുടങ്ങിയ മഞ്ഞപ്പടക്ക് താരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്. ആരാധകർ സ്നേഹത്തോടെ ആശാൻ എന്നായിരുന്നു ഇവാനെ വിളിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.