നോഹ സദൗയി ബ്ലാസ്റ്റേഴ്സിൽ
text_fieldsകൊച്ചി: ഫോർവേഡ് നോഹ സദൗയിയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. 2026 വരെ രണ്ട് വർഷത്തെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. അനുഭവസമ്പത്തും ഗോൾ സ്കോറിങ് മികവുമുള്ള സദൗയിയുടെ വരവ് ടീമിന് കരുത്തുനൽകുമെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ പറഞ്ഞു. മൊറോക്കോയിൽ ജനിച്ച നോഹ, വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തന്റെ കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
എം.എൽ.എസ് സൈഡ് ന്യൂയോർക്ക് റെഡ് ബുൾസിന്റെ യുവ ടീമായ പി.ഡി.എ അക്കാദമിയിൽ ചേരുന്നതിന് അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ്, വൈഡാഡ് കാസബ്ലാങ്കയുടെ യുവനിരയിൽനിന്നാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത്. 2013ൽ ഇസ്രായേൽ പ്രീമിയർ ലീഗ് ക്ലബ് മക്കാബി ഹൈഫയിൽ തുടങ്ങി നിരവധി സുപ്രധാന നീക്കങ്ങളിലൂടെയാണ് പ്രഫഷനൽ കരിയർ ആരംഭിച്ചത്. മെർബത്ത് എസ്.സി, എൻപി എസ്.സി, എം.സി ഔജ, രാജാ കാസബ്ലാങ്ക, എ.എസ് ഫാർ എന്നീ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. 2022ൽ ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയിൽ എത്തി. 30കാരനായ അദ്ദേഹം ഐ.എസ്.എല്ലിൽ 54 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണിലായി 29 ഗോളും 16 അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. താൻ കളിച്ച മിക്ക മത്സരങ്ങളിലും ഒരു ഗോളിന് സംഭാവന നൽകിയ നോഹ, ലീഗിലെ താരമായും ഐ.എസ്.എല്ലിലെ ഏറ്റവും ആവേശകരമായ കളിക്കാരിലൊരാളെന്ന നിലയിലും അതിവേഗം പ്രശസ്തിയിലേക്ക് ഉയർന്നു.
2021ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചശേഷം രാജ്യത്തിനായി നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2021 ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലുകളിലും ഫൈനലുകളിലും കളിച്ച്, മൊറോക്കോയെ കിരീടത്തിലേക്ക് എത്തിക്കാനും സഹായിച്ചു. നോഹ തങ്ങളോടൊപ്പം ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പ്രതികരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ ഭാഗമാകുന്നതിൽ താൻ ആവേശത്തിലാണെന്ന് നോഹ സദൗയി പറഞ്ഞു. ഈ സമ്മർ ട്രാൻസ്ഫറിൽ ക്ലബ്ബിന്റെ ആദ്യ വിദേശ സൈനിങ്ങാണ് നോഹ സദൗയി. തായ്ലൻഡിൽ വരാനിരിക്കുന്ന സീസണിനായുള്ള പ്രീ-സീസൺ തയാറെടുപ്പുകൾക്കായി നോഹ ടീമിനൊപ്പം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.