വല കുലുങ്ങാതെ വിരസ പകുതി, മൂർച്ചയില്ലാതെ മഞ്ഞപ്പട
text_fieldsകൊച്ചി: മഹാമാരിക്കാലത്തിനു ശേഷം ആവേശപ്പോരാട്ടത്തിൻ്റെ വാതിലുകൾ മലർക്കെ തുറന്നിട്ട കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ തണുത്ത തുടക്കം. ഈസ്റ്റ് ബംഗാളിനെതിരെ ഐ.എസ്.എൽ പുതുസീസണിലെ ആദ്യ കളി പാതി ദൂരം പിന്നിടവേ മത്സരം ഗോൾരഹിത നിലയിൽ. വിരസമായ ആദ്യ പകുതിയിൽ മുന തേഞ്ഞ ബ്ലാസ്റ്റേഴ്സ് നിറ ഗാലറിക്ക് നിരാശയാണ് സമ്മാനിച്ചത്.
കിക്കോഫ് വിസിലിനു പിന്നാലെ ഈസ്റ്റ് ബംഗാളിൻ്റെ മുന്നേറ്റമായിരുന്നു ആദ്യം. കോർണർ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചത്. പിന്നാലെ, പ്രത്യാക്രമണത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കോർണർ കിക്ക്. പോസ്റ്റിന് തൊട്ടു മുന്നിൽ മാർക് ലെസ്കോവിച്ചിൻ്റെ ഫ്രീ ഹെഡർ പക്ഷേ പുറത്തേക്ക് പറന്നു.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒത്തിണക്കം കാട്ടാതെ പിന്നോട്ടടിച്ച ഘട്ടത്തിൽ ഗോളിലേക്കുള്ള ആദ്യ പരീക്ഷണം ഈസ്റ്റ് ബംഗാളിൻ്റെ വകയായിരുന്നു. ബ്രസീലിയൻ മിഡ്ഫീൽഡർ അലക്സ് ലിമ ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ കടന്നു കയറി തൊടുത്ത ഷോട്ട് ഗോളി പ്രഭ്സുഖൻ ഗിൽ വലതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റി. രണ്ടു മിനിറ്റിനു ശേഷം ക്യാപ്റ്റൻ ജെസൽ കാർണീറോ ഒരുക്കിക്കൊടുത്ത അവസരത്തിൽ ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സ്ട്രൈക്കർ അപ്പോസ്തോലോസ് ജിയാനുവിൻ്റെ ഷോട്ട് വലക്ക് മുകളിലൂടെ പറന്നു.
വിരസമായിരുന്നു ആദ്യ പകുതി. ഇരു ടീമും ആക്രമിച്ചു കയറാൻ അറച്ചുനിന്നു. കൂടുതൽ പ്രതിരോധാത്മകം ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. ആവേശത്തിൻ്റെ പരകോടിയിൽ ഗാലറിയിലെത്തിയ മഞ്ഞക്കുപ്പായക്കാർ പ്രിയ ടീമിൻ്റെ ചടുല നീക്കങ്ങളില്ലാതായതോടെ മൂകരായി. പന്തടക്കവും ക്രിയേറ്റിവ് നീക്കങ്ങളും അന്യം നിന്ന ആദ്യ പകുതിയിൽ ലോങ് ബാളുകളിലൂന്നിയ ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് കൂടുതൽ അവലംബിച്ചത്.
പ്രതിഭാധനരെങ്കിലും കളിക്കാർക്കിടയിലെ ഒത്തിണക്കത്തിൻ്റെ അഭാവം ബ്ലാസ്റ്റേഴ്സിൻ്റെ നീക്കങ്ങളിൽ മുഴച്ചു നിന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കേ, കൂടുതൽ കയറിക്കളിക്കാൻ മുതിർന്ന ആതിഥേയർക്ക് രണ്ട് അവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും ഗോളിലേക്കത് വഴി തുറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.