ബ്ലാസ്റ്റേഴ്സിന്റെ ‘കൊച്ചി പഴയ കൊച്ചി’ തന്നെ
text_fieldsഭുവനേശ്വർ: ലക്ഷക്കണക്കിന് മലയാളി ഫുട്ബാൾ ആരാധകർക്ക് ആശയും ആവേശവുമേകി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബ് രൂപവത്കരിച്ച് പതിറ്റാണ്ട് തികയുമ്പോഴും കിരീടമില്ലാത്ത നിരാശ ബാക്കി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം പ്ലേ ഓഫിൽ അവസാനിച്ചു. ഐ.എസ്.എല്ലിൽ മൂന്നുതവണ ഫൈനലിലെത്തിയത് മാത്രമാണ് എടുത്തുപറയത്തക്ക നേട്ടം.
ഇന്ത്യൻ സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലുമെല്ലാം മഞ്ഞപ്പട പന്ത് തട്ടിയെങ്കിലും കിരീടത്തിന് അരികിൽപോലും എത്താനായില്ല. ഐ.എസ്.എല്ലിൽ പത്തുതവണ കളിച്ചിട്ടും കിരീടം പോയിട്ട് ഷീൽഡ് പോലും സ്വന്തമായില്ലാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.
ഉയരത്തിൽനിന്ന് കുത്തനെ താഴേക്ക്
ഇക്കഴിഞ്ഞ സീസണിന്റെ ആദ്യഘട്ടം മികച്ച രീതിയിലാണ് ഇവാൻ വുകമനോവിചിന്റെ സംഘം അവസാനിപ്പിച്ചത്. 26 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം. ഹോം ഗ്രൗണ്ടിൽ അപരാജിതരായി ഷീൽഡ് സ്വപ്നം കണ്ട് സൂപ്പർ കപ്പിന് പിരിഞ്ഞ ടീം. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റി എഫ്.സിയുംവരെ മഞ്ഞപ്പടയുടെ കുതിപ്പിന് മുന്നിൽ മുട്ടുമടക്കി. ചില മുൻനിര താരങ്ങളില്ലാതെയാണ് സൂപ്പർ കപ്പിന് ഇറങ്ങിയതെന്നത് യാഥാർഥ്യം. അവിടെ തുടങ്ങിയ കഷ്ടകാലം പിന്നെ ബ്ലാസ്റ്റേഴ്സിനെ വിട്ടുപോയില്ല.
ഐ.എസ്.എൽ പുനരാരംഭിച്ചപ്പോൾ, സൂപ്പർ കപ്പ് നടന്ന അതേ കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്.സിയോട് 2-1ന് തോറ്റായിരുന്നു തുടക്കം. പിന്നെ തോൽവികളുടെ വിലാപയാത്ര. തട്ടകമായ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയോടും ഈസ്റ്റ് ബംഗാളിനോടുമെല്ലാം മുട്ടുമുടക്കി. എഫ്.സി ഗോവക്കെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം നാലെണ്ണം അടിച്ച് തിരിച്ചുവന്നത് മാത്രം അപവാദം. പത്തിൽ ഏഴിലും പരാജയം. അഞ്ചാം സ്ഥാനക്കാരായാണ് പ്ലേ ഓഫ് കളിച്ചത്. കലിംഗയിൽ ഒരിക്കൽക്കൂടി കണ്ണീരൊഴുക്കി 2-1ന്റെ തോൽവിയും ഏറ്റുവാങ്ങി.
പരിക്കോട് പരിക്ക്
പരിക്കാണ് ടീമിന്റെ ഘടനയെ ഉലച്ചത്. ഈ സീസണിൽ ഇത്രയും പ്രധാന കളിക്കാർ പുറത്തായ വേറൊരു ടീമില്ല. പ്രീ സീസണിലേ പരിക്ക് വേട്ടയാടാൻ തുടങ്ങിയിരുന്നു ബ്ലാസ്റ്റേഴ്സിനെ. ആസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സെറ്റാരിയോ വന്നപാടേ മടങ്ങി. പിന്നെ ഗോളടി വീരൻ ദിമിത്രിയോസ് ഡയമന്റകോസിനെ പരിക്ക് പിടികൂടി. സീസൺ തുടങ്ങിയതോടെ കളത്തിൽ തിരിച്ചെത്തിയ ദിമിയാണ് ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചത്. പക്ഷേ, ലീഗ് അവസാനത്തോടെ ഗ്രീക്ക് സ്ട്രൈക്കർക്ക് വീണ്ടും പരിക്കേറ്റതോടെ പ്ലേ ഓഫ് ഉൾപ്പെടെ നഷ്ടമായി.
ക്യാപ്റ്റനും പ്ലേ മേക്കറുമായ ഉറുഗ്വായി താരം അഡ്രിയാൻ ലൂണ, ഘാന ഫോർവേഡ് ക്വാമെ പെപ്ര, ഇന്ത്യൻ മിഡ്ഫീൽഡർമാരായ ജീക്സൺ സിങ്, വിബിൻ മോഹൻ, ഫ്രെഡ്ഡി ലാലമ്മാവ, ഡിഫൻഡർമാരായ ഐബാൻബ ഡോഹ്ലിങ്, മാർകോ ലെസ്കോവിച്ച്, ഗോൾ കീപ്പർ സച്ചിൻ സുരേഷ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലമർന്നു. ഇവരിൽ ചിലർ തിരിച്ചുവന്നെങ്കിലും പഴയ കെട്ടുറപ്പിലേക്ക് ടീം എത്തിയില്ല. മാസങ്ങൾക്കുശേഷം ഇറങ്ങിയ ലൂണ പ്ലേ ഓഫിൽ പകരക്കാരന്റെ മാത്രം റോളിലായിരുന്നു. ദിമിത്രിയോസില്ലാത്തതിന്റെ കുറവ് പരിശീലകൻതന്നെ മത്സരശേഷം എടുത്തുപറഞ്ഞു. പെപ്രയെയും ഗോൾവലയിലെ വിശ്വസ്ത കാവൽക്കാരൻ സച്ചിനെയും നല്ലവണ്ണം മിസ് ചെയ്തു. സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ കൊണ്ടുപോയതും ബ്ലാസ്റ്റേഴ്സിന് വലിയ നഷ്ടമുണ്ടാക്കി.
പാടെ പാളി പ്രതിരോധം
പരിക്കിനെ മറികടന്നും ലീഗിന്റെ ഇടവേളവരെ ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ ഏറെക്കുറെ വിജയം കണ്ടിരുന്നു. അതുകഴിഞ്ഞുള്ള മത്സരങ്ങളിൽ അനാവശ്യ തോൽവി വഴങ്ങി പോയന്റുകൾ നഷ്ടപ്പെടുത്തുന്നതാണ് കണ്ടത്. സ്ഥിരമായി ശക്തമായ പ്രതിരോധ ലൈനുണ്ടായിരുന്നില്ല. ലീഡെടുത്ത മത്സരങ്ങൾ വിജയമാക്കി പരിവർത്തിപ്പിക്കാൻ കഴിയാതിരുന്നതിന്റെ കാരണമിതാണ്. ഇടവേളക്കുശേഷം പ്ലേ ഓഫ് ഉൾപ്പെടെ ബ്ലാസ്റ്റേഴ്സ് തോറ്റ മിക്ക കളികളുമെടുത്താൽ ആദ്യം ഗോളടിച്ചശേഷം പിറകോട്ടുപോയതാണെന്ന് കാണാം.
പ്രീതം കോട്ടാലിന്റെ സൈനിങ് പരാജയമെന്ന് വിലയിരുത്താം. ക്രൊയേഷ്യൻ താരം ലെസ്കോവിച് തുടക്കത്തിൽ മികച്ച ഫോമില്ലായിരുന്നെങ്കിലും തുടർന്ന് പലപ്പോഴും പ്രതീക്ഷ കാത്തില്ല. മുഹമ്മദ് അയ്മനെക്കാൾ കെ.പി. രാഹുലിനായിരുന്നു കൂടുതൽ പ്ലേ ടൈം കിട്ടിയത്. എന്നാൽ, തുറന്ന ഒരുപാട് അവസരങ്ങൾ പാഴാക്കി. അറ്റാക്കിങ് മിഡ്ഫീൽഡറായി മികച്ച ഭാവിയുള്ള താരമാണ് അയ്മൻ.
ബ്ലാസ്റ്റേഴ്സിൽ തുടർന്നാൽ ലക്ഷദ്വീപുകാരനായ താരം ടീമിന് മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. അടുത്ത സീസണിലേക്ക് മികച്ചൊരു സംഘത്തെ രൂപപ്പെടുത്തിയെടുക്കുകയാണ് വുകമനോവിചിന് മുന്നിലെ പ്രധാന വെല്ലുവിളി. ലൂണക്ക് പരിക്കേറ്റപ്പോൾ കൊണ്ടുവന്ന ലിത്വാനിയൻ താരം ഫെഡോർ സെർനിച്ച് തുടരാൻ സാധ്യത കുറവാണ്. ദിമിത്രിയോസിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു. പ്ലേ ഓഫിൽ നന്നായി കളിച്ചിട്ടും പ്രതിരോധത്തിലെ പാളിച്ച പതിവുപോലെ ബ്ലാസ്റ്റേഴ്സിന് തോൽവി സമ്മാനിച്ചു. ഇനി പ്രതീക്ഷയോടെ അടുത്ത സീസണിനായി കാത്തിരിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.