ആരാധകർ ആശ്വസിക്കുന്നു, തോറ്റു തുടങ്ങിയാൽ ഫൈനലിലെത്തും!
text_fieldsകോഴിക്കോട്: കോവിഡ് കാലത്തെ ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് മോഹിച്ച തുടക്കത്തിന് കഴിഞ്ഞില്ല. പ്രതീക്ഷകൾ വാനോളം ഉയർന്നിരുന്നെങ്കിലും ആദ്യ മത്സരത്തിൽ തന്നെ എ.ടി.കെ മോഹൻ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കാനായിരുന്നു വിധി. എങ്കിലും, ചരിത്രം സത്യമാവുമെങ്കിൽ ആരാധകർ കാത്തിരിക്കുന്ന ഒരു കാര്യമുണ്ട്.
തോറ്റു തുടങ്ങിയ രണ്ടു സീസണിലും (2014, 2016) ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തി എന്നതാണത്. ആരാധകർ കാത്തിരിക്കുന്നതും അങ്ങനെയൊരു 'ട്വിസ്റ്റിനാണ്'.
പരിഹരിക്കേണ്ട ചില പോരായ്മകൾ ഉണ്ടെങ്കിലും ആദ്യ മത്സരത്തിൽ തന്നെ ടീം എന്ന നിലയിൽ ബ്ലാസ്റ്റേഴ്സിന് ഒത്തിണക്കം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് വലിയ കാര്യമാണ്. നിലവിലെ ഐ.എസ്.എൽ ജേതാക്കളും ഐ ലീഗ് ജേതാക്കളും ഒരുമിച്ചു ചേർന്നൊരു ടീം അവർക്കൊത്ത കളിയല്ല പുറത്തെടുത്തത്. ഗോളിനു മുന്നിൽ കോസ്റ്റയും കോനെയും നെഞ്ചുവിരിച്ചു നിൽക്കുന്ന കാഴ്ച പ്രതീക്ഷ പകരുന്നതാണ്. ആദ്യ കളിയിൽ തന്നെ ഇരുവരും പരസ്പരധാരണയോടെ കളിച്ചു. പ്രതിരോധത്തിലെ പിഴവാണ് എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സിന് വിനയാകാറുള്ളത്. ഇത്തവണ അതുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം.
മധ്യനിരയിൽ ചില മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സിന് അനിവാര്യമായി വേണ്ടത്. ഗാരി ഹൂപ്പർ എന്ന വലിയ അനുഭവസമ്പത്തുള്ള കളിക്കാരന്, അയാൾ പ്രതീക്ഷിക്കുന്നപോലെ പന്തെത്തിക്കാൻ നവോറമിനും സഹലിനും ഋതിക് ദാസിനും കഴിഞ്ഞില്ല. മലയാളി താരങ്ങളായ സഹലും പ്രശാന്തും തീർത്തും നിറംമങ്ങിയെന്നു വേണമെങ്കിൽ പറയാം. വലതു വിങ്ങിൽ ഗോമസും ഋതിക് ദാസുമായി പ്രശാന്തിന് തീരെ ഒത്തിണക്കമില്ല. പ്രശാന്തിനെക്കാൾ ഈ പൊസിഷനിൽ നിഷു കുമാറായിരിക്കും യോഗ്യൻ. ഒരുപക്ഷേ അടുത്ത മത്സരത്തിൽ കോച്ച് വികുന അതിനു തയാറായേക്കും. മത്സരത്തിൽ ഹീറോ ആകാനുള്ള രണ്ട് അവസരങ്ങളാണു സഹലിനു മുന്നിൽ തുറന്നുകിട്ടിയത്. അത് താരം കളഞ്ഞുകുളിച്ചു. എന്നാൽ, എതിർ ടീമിെൻറ സൂപ്പർ താരം റോയ് കൃഷ്ണ കിട്ടിയ അവസരം വേണ്ടരീതിയിൽ ഉപയോഗിച്ചു.
ബ്ലാസ്റ്റേഴ്സിെൻറ പ്രതിരോധത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ആ സ്ട്രൈക്കർ. അതിനിടെയൊരു സുവർണാവസരം വീണുകിട്ടിയത് ഗോളാക്കി കളിയും കൈക്കലാക്കി. ഫിനിഷിങ്ങിൽ ബ്ലാസ്റ്റേഴ്സിന് ഇനിയും മൂർച്ച വരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.