കലിപ്പടക്കണം കലിംഗ പിടിക്കണം; ഒഡിഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ്
text_fieldsഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരെന്ന ആത്മവിശ്വാസവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഭുവനേശ്വറിൽ കലിംഗ സൂപ്പർ ഫുട്ബാളിനെത്തിയത്. പക്ഷേ, ഗ്രൂപ് റൗണ്ടിൽ മടങ്ങി. ഐ.എസ്.എൽ രണ്ടാംപാദത്തിലെ ആദ്യ കളിക്ക് ആതിഥേയരായ ഒഡിഷ എഫ്.സിയെ നേരിടാൻ കലിംഗ സ്റ്റേഡിയത്തിലേക്ക് മഞ്ഞപ്പടയെത്തിയിരിക്കുന്നത് വിജയങ്ങൾ തുടരാനുറച്ചാണ്. പരിക്കുകൾ അലട്ടുന്നുണ്ടെങ്കിലും സുശക്തമായ ടീമിനെത്തന്നെ അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു ഇവാൻ വുകുമനോവിച് കഴിഞ്ഞ ദിവസങ്ങളിൽ. 12 മത്സരങ്ങളിൽ 26 പോയന്റാണ് രണ്ടാം സ്ഥാനത്ത് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഇന്ന് ജയിച്ചാൽ ഗോവയെ മറികടന്ന് വീണ്ടും മുന്നിലെത്താം.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കു പിന്നാലെ പരിക്കേറ്റ സ്ട്രൈക്കർ ക്വാമെ പെപ്രക്കും സീസണിൽ നിലവിലെ മത്സരങ്ങൾ നഷ്ടമാകുമെന്നുറപ്പായി. ലിത്വേനിയൻ നായകനും ഫോർവേഡുമായ ഫെഡർ സെർനിച്ചാണ് ലൂണയുടെ പകരക്കാരൻ. നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലിനെ പെപ്ര പോയതോടെ തിരിച്ചുവിളിച്ചു. ഇരുവരെയും കേന്ദ്രീകരിച്ചാവും മുന്നേറ്റത്തിൽ പുതിയ തന്ത്രങ്ങൾ മെനയുക. മിന്നും ഫോമിലുള്ള ഗ്രീക്ക് ഗോളടി വീരൻ ദിമിത്രിയോസ് ഡയമന്റകോസും ജാപ്പനീസ് താരം ഡൈസുകെ സകായിയും ഏഷ്യൻ കപ്പിന് പോയി മടങ്ങിയെത്തിയ മലയാളി താരം കെ.പി. രാഹുലും പരിക്ക് ഭേദമായെത്തിയ ജീക്സൺ സിങ്ങും ചേരുന്നതോടെ മധ്യനിരയിലും ആക്രമണത്തിലും മൂർച്ചകൂടും.
ജയം; ഗോവ വീണ്ടും ഒന്നാമത്
ഹൈദരാബാദ്: മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് എഫ്.സി ഗോവ വീണ്ടും പോയന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിനെ കടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറി. കാർലോസ് മാർട്ടിനെസ് (7, 30) നേടിയ ഇരട്ട ഗോളുകളാണ് ജയമൊരുക്കിയത്. 11 മത്സരങ്ങളിൽ 27 പോയന്റായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.