‘കൺനിറയെ’ അവർ കണ്ടു, മഞ്ഞപ്പടയുടെ കളംനിറഞ്ഞ കളി
text_fieldsകൊച്ചി: പ്രിയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കളി ഇന്നലെ വരെ കേട്ടറിയുകയായിരുന്നു അവർ. ചൊവ്വാഴ്ച അവരെല്ലാം ആ താരങ്ങളെ തൊട്ടറിഞ്ഞു, നേരിട്ട് കാണാനാവില്ലെങ്കിലും അവരുടെ കളിക്കളത്തിലെ ചടുലനീക്കങ്ങൾ തൊട്ടടുത്തുനിന്ന് അനുഭവിച്ചറിഞ്ഞു. ലോക ഭിന്നശേഷി ദിനത്തില്‍ ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്ബാള്‍ താരങ്ങൾക്കൊപ്പമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കോച്ചും താരങ്ങളും.
കടവന്ത്ര ഗാമ ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ബ്ലൈന്‍ഡ് ഫുട്ബാള്‍ നാഷനല്‍ ടീം ക്യാമ്പിൽ മഞ്ഞപ്പടയുടെ കോച്ച് മൈക്കല്‍ സ്റ്റാറെ, താരങ്ങളായ മിലോസ് ഡ്രിന്‍സിച്ച്, അലക്സാന്‍ഡ്രേ കൊയെഫ്, മുഹമ്മദ് അയ്മന് എന്നിവരെത്തിയത് ക്യാമ്പിൽ പങ്കെടുത്തവർക്ക് പുതിയ അനുഭവമായി. ടീമിനൊപ്പം സംവദിച്ചും അവർക്കൊപ്പം കണ്ണുമൂടിക്കെട്ടി (ബ്ലൈൻഡ് ഫോൾഡ്) പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പങ്കെടുത്തും ഏറെസമയം ചെലവഴിച്ചാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ മടങ്ങിയത്. ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ബ്ലൈൻഡ് താരങ്ങൾക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം.
ഡിസംബര്‍ 16 മുതല്‍ റഷ്യയില്‍ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ പാരാ ഫുട്ബാള്‍ ഗെയിംസിന് മുന്നോടിയായുള്ള സെലക്ഷൻ ആൻഡ് ട്രെയിനിങ് ക്യാമ്പാണ് കൊച്ചിയിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് തങ്ങളെന്നും കാണാനാവില്ലെങ്കിലും ഐ.എസ്.എൽ കമൻററിയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ കളി കേൾക്കാറുണ്ടെന്നും ടീമിലെ മലയാളികളായ അഖിൽ ലാൽ, തുഫൈൽ അബ്ദുല്ല എന്നിവർ പറഞ്ഞു.
കാഴ്ചപരിമിതിയില്ലാത്ത അഞ്ച് ഗോൾകീപ്പർമാരിൽ ടി.എസ്. അനുരാഗ്, പി.എസ്. സുജിത് എന്നീ മലയാളികളുമുണ്ട്. ബ്ലൈൻഡ് ഫുട്ബാൾ ടീം ഹെഡ് കോച്ച് സുനിൽ ജെ. മാത്യു തങ്ങളുടെ പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് വിശദീകരിച്ചു. ഇവർക്ക് പ്രചോദനാത്മകമായ അനുഭവങ്ങൾ പങ്കുവെച്ചും മോസ്കോയിൽ വിജയാശംസ നേർന്നുമാണ് ബ്ലാസ്റ്റേഴ്സ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.