കേരള ബ്ലാസ്റ്റേഴ്സ് റീലോഡിങ്...
text_fieldsകൊച്ചി: ഞായറാഴ്ച കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ എവേ മത്സരത്തിൽ മുഹമ്മദൻസ് എഫ്.സിക്കെതിരെ, ഒക്ടോബർ 25ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ ബംഗളൂരു എഫ്.സിക്കെതിരെ ഒരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് മൈതാനങ്ങളിൽ കൊടുങ്കാറ്റാവാൻ. നിലവിൽ റാങ്ക് പട്ടികയിൽ അഞ്ച് പോയന്റോടെ ഏഴാം സ്ഥാനത്തുള്ള മഞ്ഞപ്പടക്ക് ഇനിയുള്ള മത്സരങ്ങൾ മുന്നോട്ടുള്ള കുതിപ്പിൽ ഏറെ നിർണായകമാണ്. ഈ സീസണിൽ ഇതുവരെ പകരക്കാരനായി മാത്രം ഇറങ്ങിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുന്നുവെന്നതും അടുത്ത മത്സരങ്ങളെ ശ്രദ്ധേയമാക്കുന്നുണ്ട്.
അസുഖബാധിതനായി ആദ്യ രണ്ടു മത്സരങ്ങളിൽ ലൂണക്ക് കളിക്കാനായിരുന്നില്ല. പിന്നീട് തിരിച്ചെത്തിയപ്പോൾ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനും ഒഡിഷ എഫ്.സിക്കുമെതിരായ മത്സരത്തിൽ പകരക്കാരനായാണ് ഇറങ്ങിയത്. ഇതിനിടെ ജീവിതപങ്കാളിയുടെ പ്രസവത്തിനായി ലൂണ തിരിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കകം തിരികെയെത്തി പരിശീലനം ആരംഭിച്ചിരിക്കുകയാണ് മഞ്ഞപ്പടയുടെ പ്രിയ ക്യാപ്റ്റൻ. വ്യാഴാഴ്ച കൊച്ചിയിൽ നടന്ന വാർത്തസമ്മേളനത്തിൽ ലൂണ മുഹമ്മദൻസുമായ പോരാട്ടത്തിൽ ഉണ്ടാവുമെന്ന കാര്യം കോച്ച് മൈക്കൽ സ്റ്റാറേ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
നിലവിൽ നാല് കളികളിൽ ഒരു ജയവും ഒരു തോൽവിയും രണ്ട് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. സെപ്റ്റംബർ 15ന് തിരുവോണ നാളിൽ കൊച്ചിയിൽ നടന്ന സീസണിലെ അരങ്ങേറ്റത്തിൽ പഞ്ചാബ് എഫ്.സി 2-1 സ്കോറിനാണ് ബ്ലാസ്റ്റേഴ്സിനെ മലർത്തിയടിച്ചത്. കൃത്യം ഏഴാം ദിവസം അതേ ഗ്രൗണ്ടിൽ ഈസ്റ്റ് ബംഗാളിനെ ഇതേ ഗോൾനിലയോടെ നിലംപരിശാക്കിക്കൊണ്ട് സ്വന്തം തട്ടകത്തിലെ ആദ്യ തോൽവിയുടെ ക്ഷീണം തീർത്തു. എന്നാൽ, പിന്നീട് നടന്ന രണ്ട് എവേ മത്സരങ്ങളിൽ സമനില വഴങ്ങാനായിരുന്നു ടീമിന് യോഗം.
സെപ്റ്റംബർ 29ന് അസം ഗുവാഹതിയിലെ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് ഒരു ഗോളിനും ഒക്ടോബർ മൂന്നിന് ഒഡിഷ ഭുവനേശ്വറിലെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയോടെ രണ്ട് ഗോളുകൾക്കും മഞ്ഞപ്പട സമനില വഴങ്ങി. എഫ്.സി ഗോവക്കും നോർത്ത് ഈസ്റ്റ് യുനൈറ്റഡിനും സമാനമായി അഞ്ച് പോയന്റ് ബ്ലാസ്റ്റേഴ്സിനുണ്ടെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതാണ് റാങ്ക് പട്ടികയിൽ ഏഴാമതെത്തിച്ചത്.
കൊൽക്കത്തയിൽ പോവുന്നത് ജയിക്കാൻ -സ്റ്റാറേ
കൊച്ചി: കൊൽക്കത്തയിൽ പോവുന്നത് ജയിക്കുകയെന്ന ലക്ഷ്യം മാത്രം മുന്നിൽകണ്ടാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കൽ സ്റ്റാറേ പറഞ്ഞു. മുഹമ്മദൻസ് എഫ്.സിയുമായി നടക്കുന്ന മത്സരത്തിനു പുറപ്പെടുന്നതിനു മുമ്പായി കൊച്ചിയിൽ നടത്തിയ പ്രീ മാച്ച് വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. മികച്ച കളിയാണ് ടീം പുറത്തെടുക്കുന്നത്. ഓരോ കളിയിലും നാം സ്വയം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊൽക്കത്തയിലെ മത്സരം കുറെക്കൂടി കഠിനമായിരിക്കും. ഇരു ടീമുകളും ജീവൻമരണ പോരാട്ടംതന്നെയാണ് നടത്തുക.
കോച്ചെന്ന നിലക്ക് സ്റ്റാഫുമായി ചേർന്ന് തന്ത്രപരമായ കാര്യങ്ങൾ തയാറാക്കുകയും ആ ഊർജവും ആ ഘടനയും കളിക്കാർക്ക് കൈമാറുകയും ചെയ്യുക എന്നതാണ്. തങ്ങൾ ശരിക്കും ആത്മവിശ്വാസത്തിലാണ്. സീസൺ ഇടവേളയിൽ ടീം നന്നായി പരിശീലിക്കുന്നു, തന്നെ സംബന്ധിച്ചിടത്തോളം കൊൽക്കത്തയിൽ പോയി ജയിക്കുകയെന്നതാണ് പ്രധാനമെന്നും കോച്ച് കൂട്ടിച്ചേർത്തു. കളിക്കാർക്ക് മാത്രമല്ല കോച്ചിനും സ്റ്റാഫിനുമുൾപ്പെടെ ചില കാര്യങ്ങളിൽ പിഴവ് പറ്റാറുണ്ടെന്നും പലതവണ തെറ്റുപറ്റാതെ നോക്കുകയെന്നതാണ് പ്രധാനമെന്നും സ്റ്റാറേ ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. വ്യക്തിപരമായി ഓരോ കളി തുടങ്ങുമ്പോഴും സമ്മർദം ഉണ്ടാകാറില്ലെന്നും തങ്ങൾ ആദ്യമേ കരുതിവെച്ച പ്ലാനിന്റെയും തന്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ കളിക്കുന്നതുകൊണ്ടാണ് ഇതെന്നും ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര താരം രാഹുൽ കെ.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.