കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിക്ക് സാധ്യത; എ.ഐ.എഫ്.എഫ് തീരുമാനം ഉടനുണ്ടാകും
text_fieldsബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിൽ ഫ്രീകിക്ക് അനവസരത്തിൽ എടുത്ത് ഗോളാക്കിയെന്ന പരാതിയുമായി കളി നിർത്തി കളംവിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിക്ക് സാധ്യത. കളി വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ടീം നൽകിയ അപേക്ഷ തള്ളിയ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ബ്ലാസ്റ്റേഴ്സിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായി വിശദീകരണം തേടി. 58ാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കുക. ആറു ലക്ഷം രുപ പിഴയോ ഐ.എസ്.എൽ അടക്കം ടൂർണമെന്റുകളിൽനിന്ന് വിലക്കോ ആകും നടപടി.
വിഷയം ചർച്ച ചെയ്യാൻ അച്ചടക്ക സമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇന്നു തന്നെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. പോയിന്റ് വെട്ടിക്കുറക്കൽ, കനത്ത പിഴ എന്നിവക്ക് പുറമെ മൊത്തം ടൂർണമെന്റിൽ ടീമിനുള്ള വരുമാനം വെട്ടിക്കുറക്കൽ, കോച്ചിന്റെ സസ്‍പെൻഡ് ചെയ്യൽ എന്നിവയുമുണ്ടാകാം. ഏറ്റവും കടുത്ത നടപടിയെന്ന നിലക്ക് ക്ലബിന് വിലക്കും ഏർപെടുത്താം. ഇതിൽ ഏതു നടപടി സ്വീകരിക്കുമെന്നാണ് ഫെഡറേഷൻ യോഗം തീരുമാനിക്കുക.
ഐ.എസ്.എൽ േപ്ലഓഫിൽ സുനിൽ ഛേത്രി പെട്ടെന്ന് എടുത്ത ഫ്രീകിക്ക് ഗോളിയും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും മാറിനിൽക്കെ വലയിലെത്തിയതോടെ റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിക്കുകയായിരുന്നു. ഇത് അംഗീകരിക്കാതെ പ്രതിഷേധിച്ച ബ്ലാസ്റ്റേഴ്സ്, റഫറി വഴങ്ങാതെ വന്നതോടെ കളി നിർത്തി മടങ്ങി. ഫൗൾ വിളിച്ച് 30 സെക്കൻഡിനകം കിക്ക് എടുത്തതായും അത് അംഗീകരിക്കാനാവില്ലെന്നുമാണ് ബ്ലാസ്റ്റേഴ്സ് കോച്ച് വുകമോവിച്ചിന്റെ വാദം. എന്നാൽ, താൻ നിയമം പാലിച്ചാണ് ഗോൾ അനുവദിച്ചതെന്ന് റഫറി പറയുന്നു.
ബാംഗ്ലൂർ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്നത് ഐ.എസ്.എല്ലിൽ മാത്രമല്ല, ഇന്ത്യൻ ഫുട്ബാളിൽ തന്നെയും ആദ്യ സംഭവമാണ്. വിഷയത്തിൽ ഇതുവരെയും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വിശദീകരണ കുറിപ്പ് പുറത്തുവിട്ടിട്ടില്ല. ഫ്രീ കിക്ക് ഗോളിൽ മുന്നിലെത്തിയ ബംഗളൂരു എഫ്.സി വിജയിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇവരും മുംബൈ സിറ്റിയും തമ്മിലെ ആദ്യ പാദ സെമി ഇന്ന് നടക്കും.
സ്റ്റേഡിയത്തിൽ നടന്നത്
പന്തുമായി ഛേത്രി ബ്ലാസ്റ്റേഴ്സ് ബോക്സിനരികെയെത്തിയപ്പോൾ ഓഫ്സൈഡ് വിളിയുമായി കേരള പ്രതിരോധം. റഫറി വഴങ്ങുന്നില്ലെന്നായതോടെ മുന്നേറ്റം ഗോളിലേക്ക്.
ഇതിനിടെ, പെനാൽറ്റി ഏരിയക്കരികെ ഛേത്രിക്കു നേരെ ഫൗൾ.
ഫ്രീകിക്ക് വിളി ഉയർന്നതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധമൊരുക്കാൻ മതിൽ കെട്ടുന്ന തിരക്കിൽ.
ഗോളി കൂടി ചേർന്ന് മതിൽ തീർക്കുന്നതിനിടെ ഗോൾ പോസ്റ്റിൽ ആളില്ലെന്ന് ഛേത്രി മനസ്സിലാക്കുന്നു.
പിന്നീടൊന്നും ആലോചിക്കാതെ ഛേത്രി അടിച്ച പന്ത് വലയിൽ.
സ്തബ്ധരായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ നിൽക്കുന്നതിനിടെ ബംഗളൂരു താരങ്ങൾ ആഘോഷത്തിൽ.
മൈതാനമധ്യത്തിലേക്ക്‍ വിരൽ ചൂണ്ടി റഫറിയും.
ഇതോടെ ബ്ലാസ്റ്റേഴ്സ് കോച്ച് വുകമോവിച്ചും മൈതാനത്തേക്ക് ഇരച്ചെത്തി.
ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആവശ്യം റഫറി തള്ളിയതോടെ താരങ്ങളോട് മടങ്ങാൻ ആവശ്യപ്പെട്ട് വുകമോവിച്.
താരങ്ങൾ മടങ്ങിയതോടെ 25 മിനിറ്റ് ബാക്കി നിർത്തി കളിക്ക് അപ്രതീക്ഷിത തിരശ്ശീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.