കലിംഗപ്പടക്ക് ബ്ലാസ്റ്റേഴ്സ്
text_fieldsഭുവനേശ്വർ: മൂന്ന് മത്സരങ്ങളിൽ തോൽവി, ജയം, സമനില..കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം എവേ മത്സരം. കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്.സിയാണ് എതിരാളികൾ. രണ്ട് തോൽവിയും ഒരു ജയവും അക്കൗണ്ടിൽ കുറിച്ചാണ് മൂന്നാം ഹോം മത്സരത്തിന് ഒഡിഷ ഇറങ്ങുന്നത്. പോരിൽ തുല്യ ശക്തികളാണെന്നത് മത്സരത്തിന് വീര്യം കൂടുമെന്നത് തീർച്ച. അവസാനമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം ഒഡിഷയുടെ കൂടെയായിരുന്നു. രാത്രി 7.30 നാണ് പോരാട്ടം.
കരുത്തരായ നോർത്ത് ഈസ്റ്റിനെതിരെ അവരുടെ തട്ടകത്തിൽ 1-1 സമനില പിടിച്ച കൊമ്പന്മാർക്ക് ആ മത്സരം അനായാസം ജയിക്കാമായിരുന്നു. പിൻനിരയിലും മുൻനിരയിലും കളിയൊരൽപം മുറുകിയിരുന്നെങ്കിലും ഇടക്കിടെ വന്നുകൊണ്ടിരുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. മത്സരത്തിനൊടുവിൽ കളിക്കാരുടെ പ്രകടനത്തിൽ മിഖായേൽ സ്റ്റാറേ ഒരൽപം അതൃപ്തിയിലായിരുന്നു. അതിനൊരറുതിക്ക് തന്നെയാവും ടീമിന്നൊരുങ്ങുക. ഒഡിഷക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രതീക്ഷയും ആത്മവിശ്വാസവും സ്റ്റാറേ പ്രകടിപ്പിക്കുന്നുണ്ട്. --"ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഞങ്ങളുടെ സ്വന്തം കളിയിലാണ്, കഴിഞ്ഞ കളിയിൽ രണ്ടാം പകുതിയിൽ ടീമിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. നിർഭാഗ്യ വശാൽ ഒന്നിൽ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാൻ ഞങ്ങൾക്കായില്ല, എന്നാൽ, ഈ മത്സരത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട് " -സ്റ്റാറേ പറഞ്ഞു. ഒഡിഷയുടെ പ്രതിരോധ മികവിനെ ഉൾക്കൊള്ളുന്നതായും അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇനി ജയങ്ങളും പോയന്റുകളും അനിവാര്യമാണ്. എവേ മാച്ചുകളിൽ പരമാവധി പോയന്റുകൾ നേടാനാവുന്നത് ടീമിന് ഗുണമാകും.
മൂന്ന് കളിയിൽ രണ്ടെണ്ണം തോറ്റു എന്നത് ഒഡിഷയെ വിലകുറച്ച് കാണാനാവില്ല. ഏത് നിമിഷവും അതിശക്തമായ ആക്രമണം അഴിച്ചു വിട്ട് കളം വാഴാൻ കഴിവുള്ളവരാണ് ടീം. അത് സ്വന്തം കാണികളുടെ മുന്നിൽ കൂടിയാവുമ്പോൾ വീര്യമൊരൽപം കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.