കേരള ബ്ലാസ്റ്റേഴ്സിന് ദുബൈ വിമാനത്താവളത്തിൽ ആരാധകരുടെ യാത്രയയപ്പ്; വീഡിയോ കാണാം
text_fieldsദുബൈ: 20 ദിവസത്തെ പരിശലനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ദുബൈ വിമാനത്താാവളത്തിൽ ഊഷ്മളമായ യാത്രയയപ്പ്. വ്യാഴാഴ്ച രാവിലെയാണ് ടീം കേരളത്തിലേക്ക് തിരിച്ചത്. കോച്ച് ഇവാൻ വുകുമിനോവിചിന്റെ നേതൃത്വത്തിൽ 38 അംഗ ടീമാണ് വിമാനത്താവളത്തിൽ എത്തിയത്. യാത്രയയക്കാൻ മഞ്ഞപ്പട ഫാൻസ് അംഗങ്ങളും എത്തിയിരുന്നു. നായകൻ അഡ്രിയൻ ലൂണയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ടീമിനെ ദുബൈയിൽ എത്തിച്ച എച്ച് 16 സ്പോർട്സിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി ടീമിന് യാത്രയയപ്പ് ഒരുക്കിയിരുന്നു.
ദുബൈയിലെ പരിശീലന സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയ ശേഷമാണ് ടീമിന്റെ മടക്കം. ഇതിനുപുറമെ, യു.എ.ഇയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ടീം എത്തി. ഒക്ടോബർ ഏഴിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
മൂന്ന് പ്രി സീസൺ മത്സരങ്ങൾ കളിക്കാൻ ആഗസ്റ്റ് 17നാണ് ടീം ദുബൈയിലെത്തിയത്. സ്പോർട്സ് ഇവന്റ് കമ്പനിയായ എച്ച് 16 സ്പോർട്സായിരുന്നു ടീമിന് സൗകര്യമൊരുക്കിയിരുന്നത്. എന്നാൽ, ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫ വിലക്കേപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്സിന്റെ കളി മുടങ്ങി. ദുബൈ അൽനസ്ർ ക്ലബ്, ഹത്ത എഫ്.സി, ദിബ്ബ ക്ലബ് എന്നിവരെയായിരുന്നു എതിരാളികളായി നിശ്ചയിച്ചിരുന്നത്. ഫിഫ വിലക്ക് മാറിയതോടെ റാസൽഖൈമയിൽ അൽ ജസീറ ക്ലബിനെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു.
ഇതിനുപുറമെ ദിവസവും രാത്രിയിൽ ദുബൈ അൽ നസ്ർ ക്ലബിന്റെ ഗ്രൗണ്ടിൽ പരിശീലനം നടത്തി. 40 ഡിഗ്രി ഹ്യുമിഡിറ്റിയിൽ നടത്തിയ പരിശീലനം നാട്ടിലെ കളിയിൽ ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ദുബൈയിലെ പരിശീലന സൗകര്യങ്ങളിൽ പൂർണ തൃപ്തരാണെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമിനോവിച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.