പ്രതിരോധം കാക്കാൻ ബോസ്നിയൻ കരുത്തനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്
text_fieldsകഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിക്ക് വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ പ്രതിരോധ താരമായ എനെസ് സിപോവിച്ചിനെ റാഞ്ചി കേരളാ ബ്ലാസ്റ്റേഴ്സ്. ബോസ്നിയ ഹെര്‍സഗോവിനയുടെ സെന്‍ട്രല്‍ ഡിഫന്‍ഡറായ ഇൗ 30കാരൻ ഇക്കുറി ചെന്നൈയിനിൽ തുടരില്ലെന്ന് ഏതാണ്ട് ഉറപ്പുണ്ടായിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സ് താരത്തെ നോട്ടമിട്ടിരുന്നതായി ആരും പ്രതീക്ഷിച്ചിരുന്നില്ല.
കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന ആദ്യ ബോസ്നിയന്‍ താരമാവും സിപോവിച്ച്. അതിശയകരമായ ആരാധക കൂട്ടായ്മയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബുകളിലൊന്നില്‍ ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിപോവിച്ച് പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിെൻറ ഇത്തവണത്തെ രണ്ടാമത്തെ വിദേശ സൈനിങ്ങാണ് സിപോവിച്ചിെൻറത്. നേരത്തെ ഉറുഗ്വെ താരമായ അഡ്രിയാന്‍ ലൂണയെ മഞ്ഞപ്പട ടീമിലെത്തിച്ചിരുന്നു. മെല്‍ബണ്‍ സിറ്റിയില്‍ നിന്നാണ് 29കാരനായ ലൂണ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.
ബോസ്നിയ കൂടാതെ റൊമാനിയ, ബെൽജിയം, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുമായാണ് സിപോവിച്ച് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തിയത്. റൊമാനിയന്‍ ക്ലബ്ബായ എസ്സി ഒടെലുല്‍ ഗലാറ്റിക്കൊപ്പം അരങ്ങേറ്റ സീസണില്‍ തന്നെ 2010-11 റൊമാനിയന്‍ ടോപ്പ് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി. ഒടെലുല്‍ ഗലാറ്റിയിലെ വിജയകരമായ ആറ് സീസണുകള്‍ക്ക് ശേഷം, കെ.വി.സി വെസ്റ്റര്‍ലോ (ബെല്‍ജിയം), ഇത്തിഹാദ് ടാംഗര്‍ & ആര്‍എസ് ബെര്‍ക്കെയ്ന്‍ (മൊറോക്കോ), ഒഹോദ് ക്ലബ് (സൗദി അറേബ്യ) എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടു കെട്ടി. പിന്നീട് ബാല്യകാല ക്ലബ്ബായ എഫ് കെ സെല്‍ജെസ്നികറിലേക്ക് തന്നെ മടങ്ങുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ് സിയില്‍ ചേരുന്നതിന് മുമ്പ്, ഖത്തറിലെ ഉമ്മു സലാലിന് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍, 18 മത്സരങ്ങളിലായി ചെന്നൈയിന്‍ ജഴ്സിയണിഞ്ഞ താരം ടീമിലെ സ്ഥിരസാനിധ്യവുമായിരുന്നു. ബോസ്നിയ ഹെര്‍സഗോവിനയുടെ അണ്ടര്‍ 21 ദേശീയ ടീം താരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.