പുകയടങ്ങാതെ വിവാദം;കലിപ്പടങ്ങാതെ ബ്ലാസ്റ്റേഴ്സ്
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലെ സൂപ്പർ പോരിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളംവിട്ട ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന ശിക്ഷയെന്താകുമെന്നതാണ് ചൂടൻ ചർച്ച. മാച്ച് റഫറി ക്രിസ്റ്റൽ ജോണിന്റെയും മാച്ച് കമീഷണർ അമിത് പുരുഷോത്തമിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഐ.എസ്.എൽ അച്ചടക്ക സമിതിയാണ് ശിക്ഷ തീരുമാനിക്കേണ്ടത്. ഐ.എസ്.എല്ലിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ബംഗളൂരുവിൽ അരങ്ങേറിയത്. ഒരു സീസൺ മുഴുവനുമുള്ള വിലക്കിനടക്കമുള്ള സാധ്യതകൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഭീഷണിയായുണ്ട്. ഏതു സാഹചര്യം സൃഷ്ടിക്കപ്പെട്ടാലും കളിക്കളത്തിൽ റഫറിയുടെ വിസിലിന് മുകളിൽ ഒരു പരുന്തും പറക്കില്ലെന്നതാണ് ഫുട്ബാളിലെ നിയമമെന്ന് റഫറിമാരും മുൻ കളിക്കാരുമടക്കമുള്ളവർ തീർത്തുപറയുന്നു. പ്രതിഷേധങ്ങൾ ഉള്ളിലിരിക്കെ, വൈകാരികതക്കപ്പുറം തീരുമാനങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലത കളിക്കാരും കോച്ചും പ്രകടിപ്പിക്കുന്നതാണ് കാൽപന്തുകളിയുടെ സൗന്ദര്യമെന്നും അവർ വ്യക്തമാക്കുന്നു.
ഐ ലീഗിൽ ബഗാനെതിരായ നടപടി
ഇന്ത്യൻ സൂപ്പർ ലീഗിന് മുമ്പ് രാജ്യത്തെ ഒന്നാംനിര ഫുട്ബാൾ ലീഗായിരുന്ന ഐ ലീഗിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. 2012 ഡിസംബർ ഒമ്പതിന് കൊൽക്കത്തയിൽ നടന്ന മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ ഡർബിയിലായിരുന്നു അത്. മോഹൻ ബഗാൻ താരം സയ്യിദ് റഹിം നബിയുടെ മുഖത്ത് കാണികളുടെ കല്ലേറിൽ പരിക്കേറ്റതോടെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം പകുതിയിൽ മോഹൻ ബഗാൻ കളത്തിലിറങ്ങാൻ വിസമ്മതിച്ചു. ഇതോടെ അച്ചടക്ക നടപടി കൈക്കൊണ്ട അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ നടപ്പുസീസണിലെ തുടർമത്സരങ്ങൾക്കു പുറമെ, രണ്ടു സീസൺ കൂടി ബഗാന് വിലക്കി. മോഹൻ ബഗാൻ മാനേജ്മെന്റും അന്നത്തെ എ.ഐ.എഫ്.എഫ് അധ്യക്ഷൻ പ്രഫുൽ പട്ടേലുമായി നടത്തിയ ചർച്ചയിൽ വിലക്ക് പിൻവലിക്കാൻ ദിവസങ്ങൾക്കകം തീരുമാനമായി. ആ സീസണിലെ മുൻ മത്സരങ്ങളിലെ പോയന്റ് വെട്ടിക്കുറച്ച് പതിനൊന്നാം റൗണ്ട് മുതൽ മത്സരിക്കാൻ അനുമതി നൽകി. പിഴത്തുക രണ്ട് കോടി രൂപയിലൊതുക്കുകയും ചെയ്തു. ഐ.എസ്.എല്ലിൽ ഏറ്റവും ആരാധക പിന്തുണയുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്സിനെതിരായ നടപടിയിൽ ഐ.എസ്.എൽ അച്ചടക്കസമിതി എത്രകണ്ട് മുന്നോട്ടുപോകുമെന്നതാണ് ചോദ്യം. അടുത്ത സീസണിൽ മാച്ച് പോയന്റുകൾ കട്ട് ചെയ്യുകയും കനത്ത തുക പിഴ ചുമത്തുകയുമാണ് മറ്റൊരു ശിക്ഷാ സാധ്യത. എന്തായാലും നടപടി പ്രതീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്, വിഷയത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐ.എസ്.എല്ലിന്റെ ഭാഗത്തുനിന്നുള്ള നീക്കം നോക്കി പ്രതികരിക്കാമെന്നാണ് നിലപാട്.
‘ഇവാൻ, വി വിത്ത് യു’
ഫ്രീകിക്ക് വിവാദത്തിന്റെ പേരിൽ കളത്തിൽനിന്ന് ടീമിനെ പിൻവലിച്ച കോച്ച് ഇവാൻ വുകുമനോവിച്ചിന്റേത് ധീര നടപടിയെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും റഫറി ക്രിസ്റ്റൽ ജോണിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണവും നടക്കുന്നുണ്ട്. മത്സരത്തിന്റെ വിശദമായ വിഡിയോ അനലൈസിങ്ങിന് ശേഷം, കളത്തിൽ റഫറി ക്രിസ്റ്റൽ ജോണിന്റെ ഇടപെടലുകൾ സംശയാസ്പദമാണെന്ന വാദവും ആരാധകർ ഉയർത്തുന്നു. ഫ്രീകിക്കിനായി സ്പോട്ടിൽ വാനിഷിങ് സ്പ്രേ ഉപയോഗിച്ച ശേഷം പന്തിന് മുന്നിൽ തടസ്സം സൃഷ്ടിച്ച ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണയോട് പിറകോട്ട് മാറാൻ റഫറി ആവശ്യപ്പെടുന്ന വിഡിയോ ദൃശ്യമാണ് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. ലൂണ തടസ്സം നിൽക്കുന്നത് ബംഗളൂരു കളിക്കാരും റഫറിയോട് പറയുന്നു.
റഫറി കൈകൊണ്ട് ആംഗ്യം കാണിച്ചശേഷം ലൂണ രണ്ടടി പിൻവാങ്ങുന്നു. തുടർന്ന് ഛേത്രി കിക്കെടുക്കുന്നു. ക്വിക്ക് റീസ്റ്റാർട്ടിന് ബംഗളൂരുവിന് റഫറി അനുമതി നൽകിയെങ്കിൽ ലൂണയോട് പിറകോട്ട് നീങ്ങാൻ റഫറി ആവശ്യപ്പെട്ടതെന്തിനെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ബംഗളൂരുവിൽ നടന്നത് ഫെയർ പ്ലേ അല്ലെന്ന് ബ്ലാസ്റ്റേഴ്സ് കോച്ചും കളിക്കാരും ആരാധകരും ഒരുപോലെ പറയുന്നു. ബംഗളൂരുവിൽനിന്ന് ശനിയാഴ്ച മടങ്ങിയെത്തിയ ഇവാനും കളിക്കാർക്കും ‘ഇവാൻ, വി വിത്ത് യു’ വിളികളോടെ ആരാധകരായ മഞ്ഞപ്പട കൊച്ചി വിമാനത്താവളത്തിൽ വൻ വരവേൽപാണ് നൽകിയത്. പിന്തുണക്ക് നന്ദിയുണ്ടെന്നും ലോകത്തെ മികച്ച ആരാധകക്കൂട്ടമാണ് മഞ്ഞപ്പടയെന്നുമായിരുന്നു ഇവാന്റെ പ്രതികരണം.
‘റഫറിയോട് ചോദിച്ചിട്ടേ കിക്കെടുക്കാറുള്ളൂ’ സുനിൽ ഛേത്രി (ബംഗളൂരു ക്യാപ്റ്റൻ)
ബ്ലാസ്റ്റേഴ്സ് ചെയ്തത് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് ഞാൻ പറയുന്നില്ല. പക്ഷേ, അത് പതിവില്ലാത്തതാണ്. എന്റെ 22 വർഷത്തെ കരിയറിൽ ഇങ്ങനെയൊരു സംഭവം അരങ്ങേറിയിട്ടില്ല. എന്തായാലും തീരുമാനം ഞങ്ങൾക്ക് അനുകൂലമായതിൽ സന്തോഷമുണ്ട്. ഞാൻ റഫറിയോട് ചോദിച്ചിട്ടേ കിക്കെടുക്കാറുള്ളൂ. അദ്ദേഹം അനുവദിക്കുന്നില്ലെങ്കിൽ അതു നടക്കില്ല.
‘ഛേത്രി ചെയ്തത് ശരി’- ഐ.എം. വിജയൻ (മുൻ ഇന്ത്യൻ ക്യാപ്റ്റൻ)
ഒരു കളിക്കാരനെന്ന നിലയിൽ, സുനിൽ ഛേത്രി ചെയ്തത് ശരിയാണ്. ഛേത്രി മികച്ച കളിക്കാരനാണ്. അവനവന്റെ ടീം തോൽക്കാൻ വേണ്ടി ആരും കളിക്കില്ല. ഇതേ ഛേത്രിയും ചെയ്തുള്ളൂ. എന്റെയും പ്രിയപ്പെട്ട ടീമാണ് ബ്ലാസ്റ്റേഴ്സ്. മികച്ച കോച്ചായ ഇവാൻ വുകുമനോവിച്ചിന്റെ ഭാഗത്തുനിന്നുള്ള മോശം തീരുമാനമായിരുന്നു ടീമിനെ തിരിച്ചുവിളിച്ചത്. കളി 24 മിനിറ്റ് ബാക്കിയുണ്ടായിരുന്നു. ഒരു മിനിറ്റു മതി ഗോൾ തിരിച്ചടിക്കാൻ. ഇത്തരമൊരു ഇറങ്ങിപ്പോക്ക് സെവൻസിൽപോലും ഇപ്പോൾ അംഗീകരിക്കുന്നില്ല.
‘തീരുമാനം റഫറിയുടേത്’ - ജോപോൾ അഞ്ചേരി (മുൻ ഇന്ത്യൻ താരം)
നിയമപ്രകാരമുള്ള ഗോളാണ് അനുവദിക്കപ്പെട്ടത്. റഫറിയുടേതാണ് തീരുമാനം. ഛേത്രി ഗോളടിച്ചാലും റഫറിക്ക് വേണമെങ്കിൽ റീസ്റ്റാർട്ട് നൽകാനും കഴിയുമായിരുന്നു. പന്തിന് അഡ്വാന്റേജ് ലഭിക്കുന്ന ടീം എപ്പോഴും കൂർമബുദ്ധി പ്രയോഗിക്കും. റൂൾ അനുസരിച്ച് കളിച്ചേ മതിയാകൂ.
‘റഫറി ചെയ്തത് ഡ്യൂട്ടി’-എം. സന്തോഷ് കുമാർ (ഫിഫ റഫറി)
ക്വിക്ക് റീസ്റ്റാർട്ട് അനുവദിക്കുക എന്നത് റഫറിയുടെ ഡ്യൂട്ടിയാണ്. ഛേത്രിയുടെ പല കളികളും ഞാൻ റഫറിയായി നിയന്ത്രിച്ചിട്ടുണ്ട്. ഫ്രീകിക്ക് വരുമ്പോൾ അദ്ദേഹം ആദ്യംതന്നെ ഞങ്ങളോട് പറയാറുണ്ട്, ക്വിക്ക് റീസ്റ്റാർട്ട് വേണമെന്ന്. അത് കളിക്കാരൻ ആവശ്യപ്പെട്ടാൽ അതിനുള്ള സാഹചര്യം ഒരുക്കൽ റഫറിയുടെ ചുമതലയാണ്. ക്വിക്ക് റീസ്റ്റാർട്ടിന് വിസിലിന്റെ ആവശ്യമില്ല. അതിന് സമയപരിധിയുമില്ല. വിസിലിനു ശേഷമേ റീസ്റ്റാർട്ട് പാടുള്ളൂ എങ്കിൽ എല്ലാവരും കാൺകെ റഫറി കൈഉയർത്തി വിസിൽ തൊട്ട് കാണിക്കും. അങ്ങനെയൊരു കാര്യം ഈ കളിയിൽ നടന്നിട്ടില്ല. അതിനർഥം റഫറി ക്വിക്ക് സ്റ്റാർട്ട് അനുവദിച്ചു എന്നാണ്. ഏതു രീതിയിലും ഗോൾവഴങ്ങാതിരിക്കുക എന്നത് എതിർടീമിന്റെ ചുമതലയാണ്.
ഐ.എസ്.എല്ലിൽ മുമ്പൊരു സീസണിൽ മുംബൈയിൽവെച്ച് ബ്ലാസ്റ്റേഴ്സ് ഇതുപോലെ ക്വിക്ക് റീസ്റ്റാർട്ടിൽ ഗോളടിച്ചിട്ടുണ്ട്. അന്ന് റഫറിയായിരുന്ന പ്രാഞ്ചൽ ബാനർജിയുടെ തീരുമാനം ശരിയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ, അന്ന് റീസ്റ്റാർട്ട് നടപടി തെറ്റായിരുന്നു. ഫൗൾ നടന്നതിനും നാലു മീറ്റർ മാറിയാണ് അന്ന് റീസ്റ്റാർട്ട് അനുവദിച്ചത്. പക്ഷേ, ഗോൾ അനുവദിച്ചു. അത്തരം സംഭവങ്ങളും ഐ.എസ്.എല്ലിൽ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.