ഹൃദയം തകർത്ത് റോയ് കൃഷ്ണ; ബ്ലാസ്റ്റേഴ്സിന് സങ്കടത്തുടക്കം
text_fieldsപനാജി: വിലപ്പെട്ട മൂന്നു പോയൻറ് പോക്കറ്റിലാക്കി പുതുസീസണിന് കിക്കോഫ് കുറിക്കാനുള്ള മോഹം പൊലിഞ്ഞെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഈ കളിയിൽ ഭാവിയുണ്ട്. ഇന്ത്യൻ സൂപ്പർലീഗ് സീസണിൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാനെതിരെ ഒരു ഗോളിന് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ബാൾപൊസഷനുംകൊണ്ട് എതിരാളികളെ വിറപ്പിച്ചു. എന്നാൽ, കളിയുടെ 67ാം മിനിറ്റിൽ കിട്ടിയ അവസരം മുതലാക്കിയ ഗോൾമെഷീൻ റോയ് കൃഷ്ണ കൊൽക്കത്തക്കാർക്ക് വിജയം സമ്മാനിച്ചു.
ഇരട്ടമൂർച്ചയുള്ള റോയ് കൃഷ്ണ-എഡു ഗാർഷ്യ മുന്നേറ്റത്തിനു മുന്നിൽ കോട്ടകെട്ടി പ്രതിരോധം കാത്ത കോസ്റ്റ നമോനിയേസും, ബകാരി കോനെ സെൻറർ ബാക്കിന് ആ നിമിഷം മാത്രമേ പിഴച്ചുള്ളൂ. പകരക്കാരനായി കളത്തിലിറങ്ങി നാലു മിനിറ്റിനകം മൻവീർ സിങ് ഒരുക്കിയ വഴിയായിരുന്നു ഗോളിെൻറ പിറവി. ഇടതു വിങ്ങിൽനിന്ന് ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൊളിച്ചുകൊണ്ട് മൻവീർ നടത്തിയ മുന്നേറ്റം. ബോക്സിനുള്ളിലേക്ക് ഷോട്ട് പായിക്കുന്നതിനു പകരം ബാക് പാസ് നൽകിയപ്പോൾ, അപകടകാരിയായ റോയ് കൃഷ്ണ മാർക്കിങ്ങില്ലാതെ കാത്തിരിപ്പിലായിരുന്നു. ബകാരി കോനെക്കും പ്രശാന്തിനും പിഴച്ചപ്പോൾ കൃഷ്ണയുടെ ഈസി ഫിനിഷിങ്. ഗോൾവഴങ്ങിയതിനു പിന്നാലെ നാല് സബ്സ്റ്റിറ്റ്യൂഷനുമായി കോച്ച് കിബു വികുന സ്പീഡ് ഗെയിമിന് തന്ത്രമൊരുക്കിയെങ്കിലും പ്രിതം കോട്ടാൽ, ടിരി, സന്ദേശ് ജിങ്കാൻ എന്നിവരുടെ കൊൽക്കത്തൻ പ്രതിരോധമതിൽ പിളർത്താനായില്ല.
പ്രതിരോധം സൂപ്പർ; മിഡിൽ പണിപാളി
കോസ്റ്റ-കോനെ സെൻറർബാക്കിനൊപ്പം ജെസലും പ്രശാന്തും. മധ്യനിരയിൽ സിഡോഞ്ചയും ഗോമസും. ഗാരി ഹൂപ്പർ നയിച്ച മുന്നേറ്റത്തിന് അകമ്പടിയായി നോങ്ദംബ നൗറം, സഹൽ അബ്ദുൽ സമദ്, റിത്വിക് ദാസ്. കിടയറ്റതായിരുന്നു കോച്ച് കിബു വികുനയുടെ 4-3-3 ഫോർമേഷൻ. പക്ഷേ, 3-5-2 ശൈലിയിൽ റോയ് കൃഷ്ണ-എഡു ഗാർഷ്യ മുന്നേറ്റവും മക്യൂഹ, ഹെർണാണ്ടസ്, പ്രണോയ് ഹാൾഡർ മിഡുമായി കളിച്ച എ.ടി.കെ ആക്രമണത്തിൽ മുഴച്ചുനിന്നു.
അവരുടെ മുന്നേറ്റങ്ങളെ അരിഞ്ഞുവീഴ്ത്തി കോസ്റ്റ-കോനെ ബ്ലാസ്റ്റേഴ്സ് പ്രതിരോധവും മികച്ചു. മധ്യനിരയിലായിരുന്നു ബ്ലാസ്റ്റേഴ്സിന് പണികിട്ടിയത്. സ്റ്റാർ സ്ട്രൈക്കർ ഗാരി ഹൂപ്പർക്ക് മിന്നൽ ആക്രമണത്തിനായി പന്തെത്തിക്കാൻ ബ്ലാസ്റ്റേഴ്സിെൻറ ഇന്ത്യൻ മിഡിന് കഴിഞ്ഞില്ല. സഹൽ, റിത്വിക് ദാസ്, നോങ്ദംബ നൗറം കൂട്ട് ദയനീയമായി തളർന്നു. അവസാന മിനിറ്റുകളിൽ കൂട്ട സബ്സ്റ്റിറ്റ്യൂഷനിലൂടെ ഇവരെ മാറ്റി ഫകുണ്ടോ പെരേര, ലാൽറുവാതാര തുടങ്ങിയവരെ എത്തിച്ചെങ്കിലും ഓപറേഷൻ വിജയം കാണാൻ സമയമില്ലായിരുന്നു.
Live Updates
- 20 Nov 2020 3:30 PM GMT
എ.ടി.കെ മുമ്പിൽ
6ാം മിനുറ്റിൽ വീണുകിട്ടിയ അവസരം ഗോളാക്കി മാറ്റിയ റോയ് കൃഷ്ണയുടെ കരുത്തിൽ എ.ടി.കെ മോഹൻ ബഗാൻ ഒരുഗോളിന് മുമ്പിൽ
- 20 Nov 2020 3:23 PM GMT
നോങ്ദെംബ നവോറെത്തിന് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിന് സെയ്ത്യാസെൻ സിങ് കളത്തിലിറങ്ങി
- 20 Nov 2020 3:13 PM GMT
ഓ...സഹൽ!
51ാം മിനുറ്റിൽ എ.ടി.കെയുടെ പെനൽറ്റി ബോക്സിൽ നിന്നും വീണുകിട്ടിയ സുവർണാവസരം ബ്ലാസ്റ്റേഴസിെൻറ മലയാളി താരം സഹൽ അബ്ദുൽ സമദ് പാഴാക്കി
- 20 Nov 2020 2:52 PM GMT
പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും എ.ടി.കെ ബഗാനെതിരെ ഗോളെന്ന ലക്ഷ്യം നേടാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. മത്സരത്തിൽ 70 ശതമാനവും പന്ത് കൈവശം വെച്ചത് കേരളമായിരുന്നു. ഇരുവശത്തെയും ഗോൾ കീപ്പർമാർ ഇത്രയും സമയം കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല.
- 20 Nov 2020 2:46 PM GMT
ഗാർഷ്യക്ക് യെല്ലോ കാർഡ്
എ.ടി.കെയുടെ എഡ്യൂ ഗാർഷ്യക്ക് യെല്ലോ കാർഡ്. വീണുകിട്ടിയ ഫ്രീകിക്കിൽ നിന്നും ബ്ലാസ്റ്റേഴസ് കോർണർ കിക്ക് നേടി.
- 20 Nov 2020 2:35 PM GMT
ഗോളില്ലാതെ ആദ്യ 30 മിനുറ്റ്
പന്തടക്കത്തിൽ കേരളബ്ലാസ്റ്റേഴ്സ് മുന്നിട്ടു നിൽക്കുന്നെങ്കിലും മൂർച്ചയുള്ള ആക്രമണങ്ങൾ സൃഷ്ടിക്കാൻ ടീമിനായിയിട്ടില്ല. പാസിങ്ങിലും കൃത്യതയിലും ബ്ലാസ്റ്റേഴസ് തന്നെയാണ് മുമ്പിൽ. ഇരു ടീമുകളുടെയും പ്രതിരോധ നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
- 20 Nov 2020 2:07 PM GMT
4-3-3 ഫോർമേഷൻ
4-3-3 ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. ആദ്യ കോർണർ എ.ടി.കെ ബഗാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.