ആഞ്ഞടിച്ച് ബ്ലാസ്റ്റേഴ്സ്; 3-1ന് മുന്നിൽ
text_fieldsകൊച്ചി: ഐ.എസ്.എല്ലിൽ എഫ്.സി ഗോവക്കെതിരായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിൽ. 42ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ദിമിത്രിയോസ് ദയമാന്റകോസും 52ാം മിനിറ്റിൽ ഇവാൻ കലിയൂഷ്നിയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. 67ാം മിനിറ്റിൽ സെറിറ്റൺ ഫെർണാണ്ടസിന്റെ മനോഹര ക്രോസിൽ നോഹ ഗോവക്കായി ഒരു ഗോൾ തിരിച്ചടിച്ചു.
സഹൽ നൽകിയ പാസ് അനായാസമായി വലയിലെത്തിച്ചാണ് ലൂണ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ദയമാന്റകോസിനെ ബോക്സിൽ അൻവർ അലി വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി അനുവദിച്ചത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കുന്തമുനയായിരുന്ന സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് ഗോവക്കായി 59ാം മിനിറ്റിൽ അക്രോബാറ്റിക് ഫിനിഷിലൂടെ ആതിഥേയരുടെ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.
മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദിനെയും കെ.പി. രാഹുലിനെയും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സൗരവ് മണ്ഡലിനു പകരമാണ് സഹൽ ഇടംനേടിയത്. കഴിഞ്ഞ മത്സരത്തിലെ ഇരട്ടഗോൾ പ്രകടനമാണ് താരത്തിന് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചത്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിലെ പ്രതിരോധ, മുന്നേറ്റ താരങ്ങളെ പരിശീലകൻ ഇവാൻ വുകമനോവിച്ച് അതുപോലെ നിലനിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.