ബ്ലാസ്റ്റേഴ്സേ, മിന്നിച്ചേക്കണേ...; പ്രതീക്ഷയോടെ മലയാളികൾ
text_fieldsപനാജി: കണക്കിെൻറ കളി അവസാനിക്കുകയാണ്. കൂട്ടിയും കിഴിച്ചും അളന്നുനോക്കിയ മാറ്റ്, ഇനി കളത്തിൽ പരീക്ഷിച്ച് അറിയാം. ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ഉദ്ഘാടന പോരാട്ടത്തിൽ എ.ടി.കെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ ബൂട്ടണിയുേമ്പാൾ നെഞ്ചിടിപ്പെല്ലാം മലയാള മണ്ണിലാണ്. കഴിഞ്ഞ ആറു സീസണിലായി മഞ്ഞപ്പട എവിടെ പന്തുതട്ടുേമ്പാഴും കളത്തിലെ വികാരങ്ങളെല്ലാം ആവാഹിക്കാൻ ഗാലറിയിൽ 12ാമനായി അവരുണ്ടാവുമായിരുന്നു. പക്ഷേ, ഇക്കുറി കോവിഡ് ആ ബന്ധം അറുത്തുമാറ്റി. വീടകങ്ങളിലിരിക്കുന്ന കാണികളുടെ ആരവം മനസ്സിൽ കണ്ടും കേട്ടും മഞ്ഞപ്പട പച്ചപ്പുല്ലിലിറങ്ങും.
ഏറെ മികച്ച താരങ്ങളുമായി പ്രതീക്ഷകളുടെ കോട്ടകെട്ടിയാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ ബൂട്ടുകെട്ടുന്നത്. പുതിയ പരിശീലകനും പുതിയ ടീമുമായി എല്ലാറ്റിനും ഒരു പുതുമ. എന്നാൽ, ചാമ്പ്യൻമാരായെത്തുന്ന എ.ടി.കെ ഇന്ത്യൻ ഫുട്ബാളിലെ കാരണവരായ മോഹൻബഗാനെ കൂട്ടിപ്പിടിച്ചാണ് വരുന്നത്. കോച്ചും കളിക്കാരുമെല്ലാമായി കഴിഞ്ഞ സീസണിെൻറ തുടർച്ചയാണ് അവർ. റോയ് കൃഷ്ണ-ഡേവിഡ് വില്യംസ് മുന്നേറ്റവും, കോച്ച് അേൻറാണിയോ ഹബാസിെൻറ തന്ത്രങ്ങളും. ചാമ്പ്യൻ ടീമായി നേരത്തേ മാറിയ എ.ടി.കെയും ടീമായി മാറാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സും തമ്മിലാണ് പോരാട്ടം.
ജിങ്കാനും ബ്ലാസ്റ്റേഴ്സും
കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ് ചണ്ഡിഗഢുകാരൻ സന്ദേശ് ജിങ്കാൻ വളർന്നതും നാടറിഞ്ഞതും. ആറു വർഷം ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ സന്ദേശ് ജിങ്കാൻ ആദ്യമായി മറ്റൊരു ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങുേമ്പാൾ അതു വളർത്തിവലുതാക്കിയ ടീമിനെതിരെതന്നെയാവുകയാണ്. ഇന്ന് എ.ടി.കെ ബഗാെൻറ പ്രതിരോധ നിരയിൽ സ്പാനിഷ് താരം ടിരിക്കൊപ്പം ജിങ്കാനാവും മതിൽ കാക്കുക. മാത്രമല്ല, ടീം നായകരിൽ ഒരാൾ കൂടിയാക്കിയാണ് കൊൽക്കത്തക്കാർ ഇന്ത്യൻ വൻമതിലിനെ ആദരിച്ചത്. പരിക്ക് കാരണം കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും, അഞ്ചു സീസണിലായി 78 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു.
ബ്ലാസ്റ്റേഴ്സ് x എ.ടി.കെ
ഐ.എസ്.എല്ലിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിൽ ഒന്ന്. 2014, 2016 ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചാണ് എ.ടി.കെ കിരീടമണിഞ്ഞത്. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം (2-1).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.