ബംഗളൂരുവിൽ ഇന്ന് അഗ്നിപരീക്ഷ
text_fieldsബംഗളൂരു: എവേ മത്സരങ്ങളിൽ തോൽവികളുടെ ഭാരവും പേറിയെത്തുന്ന കേരള ബ്ലാസ്റ്റേഴ്സും തുടർവിജയംകൊണ്ട് ഊർജം ആവാഹിച്ച ബംഗളൂരു എഫ്.സിയും ഐ.എസ്.എൽ പ്ലേഓഫിലെ ആദ്യ എലിമിനേറ്റർ മത്സരത്തിനിറങ്ങുന്നു. ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് 7.30നാണ് മത്സരം.
ലീഗ് റൗണ്ടിൽ അവസാന മത്സരങ്ങളിൽ വൻ കുതിപ്പ് നടത്തിയ ബംഗളൂരു പോയന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നാണ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഇതോടെ സ്വന്തം മൈതാനത്ത് പ്ലേഓഫ് എലിമിനേറ്റർ മത്സരം കളിക്കാമെന്ന ആനുകൂല്യം ബംഗളൂരുവിനൊപ്പമായി.
ലീഗ് റൗണ്ടിൽ രണ്ടാഴ്ച മുമ്പ് ബംഗളൂരുവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അടിയറവ് പറഞ്ഞ ബ്ലാസ്റ്റേഴ്സ് വീണ്ടും അതേ മൈതാനത്തെത്തുമ്പോൾ അത് ജീവന്മരണ പോരാട്ടമാകും. ഇത്തവണ ഐ.എസ്.എല്ലിൽ നടപ്പാക്കിയ പ്ലേഓഫ് എലിമിനേറ്റർ സമ്പ്രദായത്തിന്റെ ആനുകൂല്യത്തിലാണ് കൊമ്പന്മാർ ഇറങ്ങുന്നത്. ഇന്നത്തെ ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരത്തിലെ വിജയികൾ ഷീൽഡ് വിന്നേഴ്സായ മുംബൈ സിറ്റി എഫ്.സിയെയാണ് സെമിയിൽ ഇരു പാദങ്ങളിലുമായി നേരിടുക.
ബ്ലാസ്റ്റേഴ്സിന്റെ എവേ പേടി
എതിർമൈതാനങ്ങളിൽ കിതക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യം. ഡിസംബർ നാലിനാണ് ബ്ലാസ്റ്റേഴ്സ് അവസാനമായൊരു എവേ മത്സരം ജയിക്കുന്നത്.
അതും ദുർബലരായ ജാംഷഡ്പുർ എഫ്.സിയോട് ഒരു ഗോളിന്. തുടർച്ചയായി അഞ്ച് എവേ മത്സരങ്ങളിൽ പരാജയവുമായാണ് മഞ്ഞപ്പട ലീഗ് റൗണ്ട് അവസാനിപ്പിച്ചത്. സ്വന്തം മൈതാനത്തെ ശൗര്യം എതിർമൈതാനങ്ങളിൽ ചോർന്നുപോകുന്ന ബ്ലാസ്റ്റേഴ്സിന് അതു പരിഹരിക്കാതെ മുന്നോട്ടുപോകാനാവില്ല.
ബംഗളൂരുവിന്റെ മൈതാനത്ത് തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ തോൽവിയാണ് ബ്ലാസ്റ്റേഴ്സിന് കൂട്ട്. നിർണായക മത്സരങ്ങളിൽ പ്രതീക്ഷക്കൊത്ത പ്രകടനം ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിന് പ്രകടിപ്പിക്കാനാവുന്നില്ല. ലീഗ് റൗണ്ടിൽ അഞ്ചാമതായാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.
എന്നാൽ, അതെല്ലാം മറന്നേക്കൂ എന്നാണ് കോച്ച് ഇവാൻ പറയുന്നത്. ആരാധകരെ ആനന്ദിപ്പിക്കുന്ന സുന്ദരമായ കളിയല്ല; ഗോളാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച് വ്യക്തമാക്കുമ്പോൾ പ്ലാൻ വ്യക്തം. സെർബിയക്കാരനായ ഇവാൻ വുകുമനോവിച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകക്കുപ്പായമണിഞ്ഞശേഷം രണ്ടാം സീസണാണിത്.
കഴിഞ്ഞ തവണ ടീമിനെ ഫൈനലിലെത്തിച്ച ഇവാന്റെ ആവനാഴിയിൽ തന്ത്രങ്ങളൊഴിഞ്ഞിട്ടില്ലെന്ന വിശ്വാസത്തിലാണ് ആരാധകർ. ദിമിത്രിയോസിൽതന്നെയാണ് മഞ്ഞക്കുപ്പായക്കാരുടെ പ്രതീക്ഷകൾ. 20 മത്സരങ്ങളിലും ബൂട്ടുകെട്ടിയ ദിമി 10 ഗോളും മൂന്ന് അസിസ്റ്റും നേടി.
ബംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തിൽ ദിമിത്രിയോസിനെ ഇടംവലം തിരിയാൻ അനുവദിക്കാതെ എതിർ പ്രതിരോധതാരം സന്ദേശ് ജിങ്കാൻ ഒരുക്കിയ പൂട്ടിലാണ് സത്യത്തിൽ ബ്ലാസ്റ്റേഴ്സ് വീണത്. ദിമിത്രിക്ക് കൂട്ടായി ആക്രമണത്തിനായി അപോസ്തലസ് ജിയാനൂ ആദ്യ ഇലവനിലിറങ്ങിയേക്കും.
നാലു മഞ്ഞക്കാർഡ് കണ്ട ഇവാൻ കല്യൂഷ്നി കളത്തിന് പുറത്തിരിക്കുമ്പോൾ മധ്യനിരയിൽ ആ വിടവ് നികത്താൻ അഡ്രിയാൻ ലൂണയെ നിയോഗിക്കേണ്ടിവരും. എ.ടി.കെക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് സസ്പെൻഷനിലായ രാഹുൽ കെ.പി മടങ്ങിയെത്തും. ബംഗളൂരുവിനെതിരെ മികച്ച റെക്കോഡാണ് രാഹുലിനുള്ളത്.
ആത്മവിശ്വാസത്തിൽ ബംഗളൂരു
ലീഗിൽ ആദ്യ മത്സരങ്ങളിൽ തപ്പിത്തടഞ്ഞ ബംഗളൂരു എഫ്.സി അവസാന മത്സരങ്ങളിൽ നടത്തിയത് വൻ കുതിപ്പായിരുന്നു. തോൽവിയറിയാതെ അവസാന എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയ ടീം പരാജയമറിയാതെ കുതിച്ച മുംബൈയെപ്പോലും വീഴ്ത്തി. മികച്ച മധ്യനിരയാണ് ബംഗളൂരുവിന്റെ കരുത്ത്.
നല്ല ഫോമിലുള്ള യാവി ഹെർണാണ്ടസ് നയിക്കുന്ന മധ്യനിര ഒരുപോലെ ആക്രമണത്തിനും പ്രതിരോധത്തിനും ശേഷിയുള്ളതാണ്. 3-5-2 എന്ന പതിവുശൈലി മാറ്റി കേരളത്തിനെതിരെ അവസാന മത്സരത്തിൽ 4-3-3 ശൈലിയിലാണ് ബംഗളൂരു ഇറങ്ങിയത്. കേരളത്തിന്റെ മുന്നേറ്റം തടയാനും നന്നായി ആക്രമണങ്ങൾ മെനയാനും ബംഗളൂരുവിന് കഴിഞ്ഞതോടെ ഈ ഫോർമേഷൻ തന്നെ തുടരാനാണ് സാധ്യത.
ഇതേക്കുറിച്ച് ബംഗളൂരു കോച്ച് സൈമൺ ഗ്രെയ്സണും സൂചന നൽകിയിട്ടുണ്ട്. ആക്രമണത്തിൽ റോയ് കൃഷ്ണയും ശിവശക്തി നാരായണനും ഫോമിലാണ്. മധ്യനിരയിൽ യാവിയും രോഹിത് കുമാറും റോഷൻ സിങ്ങും സുരേഷ് സിങ് വാങ്ജമും മികച്ച പിന്തുണയാണ് നൽകുന്നത്. അർധാവസരങ്ങൾപോലും തടയുന്ന ഗുർപ്രീത് സിങ് സന്ധു വലകാക്കുമ്പോൾ ബംഗളൂരുവിന് ആത്മവിശ്വാസം കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.