സൂപ്പർ കപ്പ്: ബ്ലാസ്റ്റേഴ്സ് പുറത്ത്; 3-2 ജയത്തോടെ ജാംഷഡ്പുർ സെമിയിൽ
text_fieldsഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ ഗ്രൂപ് ബി മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിയോട് തോൽവി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ കാണാതെ പുറത്തായി. ആവേശകരമായ കളിയിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ജാംഷഡ്പുരിന്റെ ജയം. ഇതോടെ രണ്ട് മത്സരങ്ങളിൽ ആറ് പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള ഇവർ സെമിയിൽ കടന്നു. മൂന്ന് പോയന്റുള്ള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. ഇരു ടീമിനും ഓരോ മത്സരം ബാക്കിയുണ്ട്. ഗ്രൂപ് റൗണ്ടിൽ ബ്ലാസ്റ്റേഴ്സിനും ജാംഷഡ്പുരിനും തുല്യ പോയന്റ് ആയാലും നേർക്കുനേർ ഏറ്റുമുട്ടിയതിന്റെ ഫലമാണ് പരിഗണിക്കുക. ഇതാണ് മൂന്നാം മത്സര ഫലത്തിന് കാത്തിരിക്കാതെ ജാംഷഡ്പുരിന് അവസാന നാലിലേക്ക് വഴി തുറന്നത്.
ബ്ലാസ്റ്റേഴ്സിനായി പെനാൽറ്റിയിലൂടെ ദിമിത്രിയോസ് ഡയമന്റകോസും ജാംഷഡ്പൂരിന് വേണ്ടി ഡാനിയൽ ചിമ ചുക്ക്വുവും ഇരട്ടഗോൾ നേടി. ജറെമി മൻസോറോ വിജയഗോളും സ്കോർ ചെയ്തു. 29ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. ദിമിത്രിയോസ് ഡയമന്റകോസ് പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തി.
ബോക്സിൽ ഡയ്സൂക്കെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി, ജാംഷഡ്പുരിന്റെ മലയാളി ഗോൾകീപ്പർ രഹനേഷിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഡയമന്റകോസ് വലയിലാക്കി. എന്നാൽ, ബ്ലാസ്റ്റേഴ്സ് ആഹ്ലാദങ്ങൾക്ക് നാല് മിനിറ്റേ ആയുസ്സുണ്ടായുള്ളൂ. 33ാം മിനിറ്റിൽ ഡാനിയൽ ചിമ ചുക്ക്വു സമനില ഗോൾ നേടി. മലയാളി മുഹമ്മദ് ഉവൈസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പാസ് ഉയർന്നുചാടി ചുക്ക്വു വലങ്കാലിൽ കോരിയെടുത്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ജാംഷഡ്പുർ വീണ്ടും ലീഡെടുത്തു (2-1). ഡാനിയൽ ചിമ ചുക്ക്വു തന്നെയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്. എന്നാൽ, മൂന്ന് മിനിറ്റിനകം ബ്ലാസ്റ്റേഴ്സ് സ്കോർ തുല്യമാക്കി (2-2). വീണ്ടും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച മറ്റൊരു പെനാൽറ്റി ഡയമൻറകോസ് പിഴവുകളില്ലാതെ വലയിലാക്കി. 68ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജാംഷഡ്പൂർ വീണ്ടും ലീഡെടുത്തു. കിക്കെടുത്ത ജറെമി മൻസോറോ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സചിൻ സുരേഷിന് സാധ്യതകളൊന്നും നൽകാതെ വലയിലാക്കി. കളിതീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഇഞ്ചുറി സമയത്ത് ലെസ്കോവിച്ചിനെ ചവിട്ടിവീഴ്ത്തിയതിന് ചുക്ക്വുവിന് റഫറി ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കി. ശനിയാഴ്ച അവസാന കളിയിൽ നോർത്ത് ഈസ്റ്റാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
നോർത്ത് ഈസ്റ്റിന് ജയം
ഭുവനേശ്വർ: സൂപ്പർ കപ്പ് ഗ്രൂപ് ബി മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് ജയം. 17ാം മിനിറ്റിൽ ഡൗഗ്ലാസ് ടർഡിനിലൂടെ ലജോങ് ലീഡ് പിടിച്ചിരുന്നു. എന്നാൽ, 59ലും 67ലും സ്കോർചെയ്ത് നെസ്റ്റർ ആൽബിയാഷ് നോർത്ത് ഈസ്റ്റിന് ജയം സമ്മാനിച്ചു.
ഗോകുലത്തിന് നാളെ ജയിക്കണം
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്.സിക്ക് ചൊവ്വാഴ്ച ചെന്നൈയിൻ എഫ്.സിക്കെതിരെ ജീവന്മരണ പോരാട്ടം. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയോട് അവസാന നിമിഷം തോൽവി വഴങ്ങിയ മലബാറിയൻസിന് നാളെ ജയം അനിവാര്യമാണ്. പോയന്റൊന്നുമില്ലാതെ ഗ്രൂപ് സിയിൽ നാലാം സ്ഥാനത്താണ് ഗോകുലം. ഗ്രൂപ്പിൽനിന്ന് ഒരു ടീമിന് മാത്രമാണ് നോക്കൗട്ട് പ്രവേശനം എന്നിരിക്കെ സമനിലപോലും പുറത്തേക്കുള്ള വാതിലിലെത്തിക്കും. ഉച്ചക്ക് രണ്ടിനാണ് ഗോകുലം-ചെന്നൈയിൻ മത്സരം. രാത്രി 7.30ന് മുംബൈയും പഞ്ചാബും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.