ജയത്തുടർച്ച തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ജാംഷഡ്പുരിനെതിരെ
text_fieldsകൊച്ചി: വിജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച രണ്ടാം അങ്കത്തിനിറങ്ങും. കരുത്തരായ ജാംഷഡ്പുർ എഫ്.സിയാണ് എതിരാളി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കിക്കോഫ്. പത്താം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ബംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തറപറ്റിച്ചതിന്റെ കരുത്തിലാണ് മഞ്ഞപ്പട ഇറങ്ങുന്നത്.
മൂന്നു പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ സമനിലയിൽ പൂട്ടിയാണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ജാംഷഡ്പുരിനെ നേരിടാനിറങ്ങുന്നത്. പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
കനത്ത മഴയിലും ബംഗളൂരുവിനെ വിറപ്പിച്ച കളി പുറത്തെടുത്ത ടീമിൽ ചെറിയ അഴിച്ചുപണികൾ വുകുമനോവിച്ച് നടത്തിയേക്കും. പരിക്ക് മാറി പരിശീലനം പുനരാരംഭിച്ച ദിമിത്രിയോസ് ഡയമന്റകോസ് തിരിച്ചെത്തിയാല്‍ ആദ്യ ഇലവനിൽ ഇടം പിടിക്കും. ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ് കെ.പി. രാഹുലും ബ്രൈസ് മിറാന്‍ഡയും തിരിച്ചെത്തിയെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ല.
നായകൻ അഡ്രിയാൻ ലൂണയും പുതുതായി ടീമിലെത്തിയ ഘാന സ്ട്രൈക്കർ ക്വാമേ പെപ്രയെയും ജാപ്പനീസ് താരം ഡയസൂക് സക്കായയും മികച്ച ഫോമിലാണ്. മലയാളി താരം കൂടിയായ ഗോൾ കീപ്പർ സച്ചിൻ സരേഷ് ആയിരിക്കും ഇന്നും വല കാക്കാനുണ്ടാവുക.
ഈസ്റ്റ് ബംഗാളിനെതിരെ ഇറക്കിയ ടീമിൽ കാര്യമായ അഴിച്ചുപണിയില്ലാതെയാകും ജാംഷഡ്പുർ ടീം കളത്തിലിറങ്ങുക. പ്രതിരോധത്തിനൊപ്പം എതിരാളികളുടെ വല തകർക്കുകയെന്ന ശൈലിയാകും ടീം പുറത്തെടുക്കുക. നൈജീരിയൻ താരം ഡാനിയേൽ കീമ, സെർബിയൻ താരം അലൻ സ്റ്റെവനോവിക്, ജാപ്പനീസ് താരം റേ താചിക്വ എന്നിവരെ പ്രതിരോധിക്കലാകും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി. ഇതുവരെ 14 മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. പകുതി മത്സരങ്ങളും സമനിലയിലായി. നാലു മത്സരം ബ്ലാസ്റ്റേഴ്സ് ജയിച്ചു. മൂന്നു മത്സരങ്ങള്‍ ജാംഷഡ്പുരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.