‘കലൂരിൽ പുലിയിറങ്ങിയിരിക്കുന്നു’, പ്രീതം കോട്ടാലിനെ സ്വാഗതം ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: സഹൽ അബ്ദുൽ സമദിനുപകരം ടീമിലെത്തുന്ന പ്രീതം കോട്ടലിനെ സ്വാഗതം ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്. ‘കലൂരിൽ പുലിയിറങ്ങിയിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് കോട്ടാൽ ടീമിലെത്തുന്ന വിവരം ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘കലൂരിൽ പുലിയിറങ്ങിയിരിക്കുന്നു...ഏറ്റവും പുതിയ താരത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്കൊപ്പം ചേരൂ..റോയൽ ബംഗാൾ ടൈഗർ, പ്രീതം കോട്ടാൽ’ എന്നാണ് താരത്തിന്റെ ചിത്രത്തിനൊപ്പം ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ, ബംഗാൾ ടൈഗർ എന്നാണ് ഉദ്ദേശിച്ചതെങ്കിൽ പുലി എന്നല്ല, കടുവ എന്നാണ് എഴുതേണ്ടിയിരുന്നതെന്ന് ആരാധകരിൽ ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
സഹലിനെയും കോട്ടലിനെയും വെച്ചുമാറാൻ ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ കഴിഞ്ഞ ദിവസമാണ് ധാരണയിലെത്തിയത്. 3.25 കോടിയുടെ കരാറാണ് ഇതുമായി ബന്ധപ്പെട്ട് ഇരു ക്ലബുകളും തമ്മിലുണ്ടാക്കിയത്. നായകൻ പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിനു കൈമാറുന്നതിനു പുറമെ, 1.75 കോടി രൂപ കൂടി മോഹൻ ബഗാൻ നൽകുമെന്നാണ് സൂചനകൾ. പ്രീതം കോട്ടാലിന് ഒന്നര കോടിയാണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യൻ ഫുട്‌ബാളിലെ തന്നെ റെക്കോഡ് ട്രാൻസ്ഫറാണ് ഈ താരകൈമാറ്റത്തിലൂടെ സംഭവിക്കുന്നത്. പ്രീതം കോട്ടാലിന് ബ്ലാസ്റ്റേഴ്‌സ് വർഷം രണ്ട് കോടി നൽകേണ്ടി വരും.
കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ ഐ.എസ്.എല്ലിൽ കിരീടം ചൂടിയത് പ്രീതം കോട്ടാലിന്റെ നായക മികവിലായിരുന്നു. ഇന്ത്യൻ ഫുട്‌ബാളിലെ മിന്നും താരങ്ങളായ കോട്ടാലും സഹലും ഇന്റർകോണ്ടിനന്റൽ കപ്പിലും സാഫിലും ദേശീയ ടീം കിരീടം ചൂടുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.