മോഹമഞ്ഞ; കൊച്ചിയിലെ സൂപ്പർ പോരിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാനെതിരെ
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും തിരിച്ചടികളിൽ വിഷമവൃത്തത്തിലായ കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് തേടി ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനാണ് എതിരാളികൾ. അഞ്ചു മത്സരങ്ങൾ ബാക്കിയുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചാല്‍ ഏറക്കുറെ പ്ലേഓഫ് ഉറപ്പിക്കാം. പോയന്റ് ടേബിളിലെ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് സെമിഫൈനലിൽ എത്തും. മൂന്നു മുതൽ ആറുവരെ സ്ഥാനക്കാര്‍ േപ്ലഓഫിൽ പരസ്പരം കളിച്ച് യോഗ്യത നേടണം. 17 മത്സരങ്ങളിൽ 29 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 36 പോയന്റുമായി മുൻ നിരയിലുള്ള മോഹന്‍ ബഗാനു പുറമേ, മുംബൈ സിറ്റി, ഒഡിഷ എഫ്.സി, എഫ്.സി ഗോവ ടീമുകൾ ഏറക്കുറെ പ്ലേ ഓഫ് ഉറപ്പാക്കി. ശേഷിക്കുന്ന രണ്ടു സ്ഥാനങ്ങള്‍ക്കായി അഞ്ചു ടീമുകള്‍ രംഗത്തുണ്ട്. കൊല്‍ക്കത്തയില്‍ ബഗാനെതിരായ എവേ മത്സരത്തിൽ 1-0ത്തിന് ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. സൂപ്പർ കപ്പ് ഇടവേളക്കുശേഷം മഞ്ഞപ്പട ഏറ്റുവാങ്ങിയത് നാലു തോൽവികളാണ്.
രണ്ടാഴ്ച മുമ്പ് ഗോവക്കെതിരെ രണ്ടു ഗോളിന് പിന്നില്‍നിന്നശേഷം നടത്തിയ അവിശ്വസനീയ തിരിച്ചുവരവ് നൽകിയ ആവേശം വലുതായിരുന്നു. 17 മിനിറ്റിനിടെ രണ്ടുവട്ടം വല കുലുങ്ങി വിറച്ചുപോയ ടീം പക്ഷേ, രണ്ടാം പകുതിയിൽ നാലു തവണയാണ് എതിരാളികളുടെ കോട്ട തകർത്ത് സ്കോർ ചെയ്തത്. ഗോളടിച്ചും അടിപ്പിച്ചും കളി നയിച്ച ദിമിത്രിയോസ് ഡയമന്റികോസ് ആയിരുന്നു ടീമിന്റെ ഒന്നാം രക്ഷകൻ. തൊട്ടുപിറകെ, ബംഗളൂരുവിന്റെ തട്ടകത്തിൽ അവസാന നിമിഷം വരെ ഒപ്പംനിന്നശേഷം പ്രതിരോധപ്പിഴവില്‍ ഗോള്‍ വഴങ്ങി തോൽവി ഏറ്റുവാങ്ങി.
മറുവശത്ത്, കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ 3-1ന് തകര്‍ത്താണ് ബഗാന്റെ വരവ്. പരിക്കുകളും പ്രശ്നങ്ങളും ഉണ്ടെങ്കിലും അവയെല്ലാം നേരിടാനും സാഹചര്യങ്ങളെ തരണംചെയ്യാനും ടീം ശ്രമിച്ചിട്ടുണ്ടെന്ന് പരിശീലകന് ഇവാന് വുകോമനോവിച് പറയുന്നു. ബ്ലാസ്റ്റേഴ്സ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. എന്നാൽ, മാറ്റങ്ങളുണ്ടാവുമെന്നാണ് ബഗാന് പരിശീലകന് അന്റോണിയോ ലോപസ് ഹബാസ് നല്കുന്ന സൂചന. കേരളത്തിന് ഏപ്രിൽ മൂന്നിന് ഈസ്റ്റ് ബംഗാൾ ക്ലബിനെതിരെ നടക്കുന്ന മത്സരം മാത്രമാണ് സീസണിൽ ശേഷിക്കുന്ന ഏക ഹോം മത്സരം.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് മുൻ താരവും മലയാളിയുമായ സഹൽ അബ്ദുൽ സമദ് മോഹൻ ബഗാനിലേക്ക് ചേക്കേറിയശേഷം ടീം കൊച്ചിയിൽ കളിക്കാൻ എത്തുന്നത് ഇതാദ്യമാണ്. സഹൽ പഴയ തട്ടകത്തിൽ കളിക്കാനെത്തുന്ന മത്സരം എന്ന ആകർഷണവും ഇന്നത്തെ പോരാട്ടത്തിനുണ്ട്. സീസണിൽ 12 മത്സരങ്ങളിൽ മോഹൻ ബഗാൻ ജഴ്സിയണിഞ്ഞ സഹൽ ഒരു ഗോൾ നേടുകയും നാലു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.