പ്രീ സീസൺ തയാറെടുപ്പ്: ബ്ലാസ്റ്റേഴ്സിന് യു.എ.ഇയിൽ കളിത്തിരക്ക്
text_fieldsകൊച്ചി: പ്രീ-സീസൺ തയാറെടുപ്പുകളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് ടീം അടുത്തമാസം യു.എ.യിലേക്ക് പറക്കും. സെപ്റ്റംബർ അഞ്ച് മുതൽ 16 വരെ 11 ദിവസം നീളുന്ന പരിശീലന ക്യാമ്പിനാണ് യാത്ര. യു.എ.ഇ പ്രോ-ലീഗ് ക്ലബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് കളിക്കും. പുതിയ അന്തരീക്ഷവുമായി ടീം അംഗങ്ങൾക്ക് പൊരുത്തപ്പെടാനും ടീമിന്റെ മികവ് വിലയിരുത്താനും പര്യടനം അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.
മിഡിലീസ്റ്റിലെ ബ്ലാസ്റ്റേഴ്സ് ആരാധകരുമായി ബന്ധപ്പെടാനുള്ള അവസരമായും പ്രീ-സീസൺ ടൂർ മാറും. ഗൾഫിലെ ഫുട്ബാൾ പ്രേമികൾക്ക് ടീമിന്റെ മത്സരങ്ങൾ കാണാനുള്ള അവസരം കൂടിയാണിത്. ഒമ്പതിന് അൽ വാസൽ എഫ്.സിക്കെതിരെ സബീൽ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരം. 12ന് ഷാർജ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഷാർജ എഫ്.സിയെയും 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ അഹ് ലിയെയും നേരിടും.
ഷഹാബ് അൽ അഹ് ലി സ്റ്റേഡിയം അൽ അവിർ ദുബൈയിലാണ് ഈ മത്സരം. ഫുട്ബാളിന്റെ വളർച്ചയാണ് തങ്ങളുടെ ദീർഘകാല ലക്ഷ്യമെന്നും ബ്ലാസ്റ്റേഴ്സിന് ആതിഥേയത്വമൊരുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും എച്ച് 16 സ്പോർട്സ് ചെയർമാൻ ഹസൻ അലി ഇബ്രാഹിം അൽ ബലൂഷി പറഞ്ഞു.
പ്രീസീസണിന്റെ അവസാന ഘട്ടത്തിൽ കളിക്കാർക്കും സ്റ്റാഫിനും മികച്ച തയാറെടുപ്പ് നൽകുന്ന മൂന്ന് ഉയർന്ന തലത്തിലുള്ള മത്സരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. കൊച്ചിയിൽ ഒരു മാസത്തെ പ്രീ-സീസൺ പരിശീലനം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ കൊൽക്കത്തയിലാണ്. സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് മുമ്പ് ഇവാൻ വുകോമനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യു.എ.ഇ പര്യടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.